നൊന്തുപെറ്റ മൂന്നു പെണ്‍മക്കളെ കൊന്നത് ദാരിദ്ര്യം മൂലമെന്ന് അമ്മ; അതിദാരുണ സംഭവത്തിൽ മാതാപിതാക്കൾ അറസ്റ്റിൽ
കൊല നടത്തിയശേഷം പതിവുപോലെ ഇവർ മറ്റ് രണ്ട് കുട്ടികളുമായി ജോലിക്ക് പോയി. തിരിച്ചുവന്ന ശേഷം പെൺകുട്ടികളെ കാണാനില്ലെന്ന് അയൽവാസികളെ അറിയിക്കുകയായിരുന്നു
ജലന്ധര്‍: പഞ്ചാബിലെ ജലന്ധറില്‍ ദാരിദ്ര്യത്തെതുടര്‍ന്ന് രക്ഷിതാക്കള്‍ മൂന്നു പെണ്‍കുട്ടികളെ വിഷം കൊടുത്ത് കൊലപ്പെടുത്തി. വിഷം ഉള്ളില്‍ചെന്ന് ബോധം നഷ്ടപ്പെട്ട കുട്ടികളെ പിന്നീട് ഇരുമ്പ് പെട്ടിയിലാക്കി പൂട്ടുകയായിരുന്നു. സംഭവത്തില്‍ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ജലന്ധറിൽ ഒമ്പത്, ഏഴ്, നാല് വയസുള്ള മൂന്നു സഹോദരിമാരുടെ മൃതദേഹം ഇന്ന് രാവിലെയാണ് പെട്ടിക്കുള്ളിൽ കണ്ടെത്തിയത്. ഇവരെ ഇന്നലെ മുതൽ കാണാനില്ലെന്ന പരാതിയിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. അബദ്ധത്തില്‍ പെട്ടിക്കുള്ളിലായി ശ്വാസം മുട്ടി മരിച്ചതാകാമെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം. എന്നാൽ കുട്ടികളുടെ വായിൽ നിന്നും നുരയും പതയും കണ്ടതാണ് സംശയങ്ങൾക്ക് ഇടയാക്കിയത്. ഇതോടെ പൊലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു.
കുട്ടികളെ കണ്ടെത്താൻ മാതാപിതാക്കൾക്ക് താല്പര്യം ഇല്ലാതിരുന്നതും പൊലീസിന്‍റെ സംശയങ്ങൾക്ക് ബലം കൂട്ടി. തുടർന്ന് മാതാപിതാക്കളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് അതിദാരുണായ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്. ദാരിദ്ര്യം മൂലം പാലിൽ കീടനാശിനി കലർത്തികൊടുക്കുകയായിരുന്നു എന്ന് കുട്ടികളുടെ അമ്മ പൊലീസിനോട് സമ്മതിച്ചു. ബോധരഹിതരായ കുട്ടികളെ തുടർന്ന് ഇവർ തന്നെയാണ് പെട്ടിയിലാക്കിയത്. കൊല നടത്തിയശേഷം പതിവുപോലെ ഇവർ മറ്റ് രണ്ട് കുട്ടികളുമായി ജോലിക്ക് പോയി. തിരിച്ചുവന്ന ശേഷം പെൺകുട്ടികളെ കാണാനില്ലെന്ന് അയൽവാസികളെ അറിയിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്തിയ മദ്യപാനിയായ അച്ഛനെയും അമ്മയെയും അറസ്റ്റ് ചെയ്തതായും തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.
Readmore..വടക്കൻ കേരളത്തിന് ആശ്വസിക്കാം, പക്ഷേ തെക്കൻ കേരളത്തിന് 'ക്ഷമ വേണം', വരും മണിക്കൂറിലും ഈ ജില്ലകളിൽ മഴ തുടരും
Readmore..ട്രിവാന്‍ഡ്രം ക്ലബില്‍ പണം വെച്ച് ചീട്ടുകളി; ലക്ഷങ്ങള്‍ പിടിച്ചെടുത്തു, ഏഴു പേര്‍ അറസ്റ്റില്‍