ഫ്രീയായി ബിരിയാണിയും മദ്യപിക്കാൻ പണവും നൽകിയില്ല, ബിരിയാണി കട തല്ലിപ്പൊളിച്ച് 'ബോട്ടിൽ മണി'യുടെ ഗുണ്ടാസംഘം
നിരവധി കൊലപാതക കേസുകളിലെ പ്രതി കൂടിയാണ് ബോട്ടിൽ മണി. ബുധനാഴ്ചയാണ് അക്രമം നടന്നത്. തെന്യാംപേട്ടിലെ നല്ലൻ സ്ട്രീറ്റ് സ്വദേശിയായ 40കാരൻ എസ് സതീഷകുമാറിന്റെ ആൽവാർപേട്ടിലെ ഭക്ഷണശാലയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്
ചെന്നൈ: സൌജന്യമായി ബിരിയാണിയും മദ്യപിക്കാൻ പണവും നൽകാതിരുന്നതിൽ ക്ഷുഭിതനായി ബിരിയാണി കട തല്ലി തകർത്ത് ഗുണ്ടാ സംഘം. തമിഴ്നാട്ടിലെ ചെന്നൈയിലാണ് സംഭവം. തമിഴ്നാട് മുഖ്യമന്ത്രിയുടെ വസതിയിൽ നിന്ന് 500 മീറ്റർ അകലെയുള്ള കടയ്ക്ക് നേരെയാണ് ബോട്ടിൽ മണി എന്ന പേരിൽ അറിയപ്പെടുന്ന എം സുബ്രഹ്മണ്യനും ഇയാളുടെ ഗുണ്ടാ സംഘവും അക്രമം അഴിച്ച് വിട്ടത്.
നിരവധി കൊലപാതക കേസുകളിലെ പ്രതി കൂടിയാണ് ബോട്ടിൽ മണി. ബുധനാഴ്ചയാണ് അക്രമം നടന്നത്. തെന്യാംപേട്ടിലെ നല്ലൻ സ്ട്രീറ്റ് സ്വദേശിയായ 40കാരൻ എസ് സതീഷകുമാറിന്റെ ആൽവാർപേട്ടിലെ ഭക്ഷണശാലയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഫെബ്രുവരി 14ന് ഓട്ടോ റിക്ഷയിലെത്തിയ ഗുണ്ടാ സംഘം ബിരിയാണി ആവശ്യപ്പെട്ടു. ഇതിന് പുറമേ മദ്യപിക്കാൻ പണം നൽകാനും ഇവർ സ്ഥാപനത്തിലെ തൊഴിലാളികളോട് ആവശ്യപ്പെടുകയായിരുന്നു. ആവശ്യം നിരാകരിച്ചതോടെ കത്തിയെടുത്ത് വീശിയ സംഘം ഹോട്ടൽ ജീവനക്കാരെ മുൾമുനയിൽ നിർത്തി ഹോട്ടലിലുണ്ടായിരുന്ന പണം അപഹരിച്ച് കടക്കുകയായിരുന്നു.
കടയുടമയെ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്താനും സംഘം മറന്നില്ല. കടയുടമ പൊലീസിൽ പരാതിപ്പെട്ടതിന് പിന്നാലെ വീണ്ടും കടയിലെത്തിയ സംഘം കടയിലെ സാധനങ്ങൾ തകർക്കുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പൊലീസ് ബോട്ടിൽ മണിയേയും അടുത്ത അനുയായി റഫീഖിനേയും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ സംഘത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം