'ബിസിനസ് പച്ച പിടിക്കണം', സ്റ്റോക്ക് ട്രേഡറിൽ നിന്ന് തട്ടിയത് 65 ലക്ഷം, പൂജാരിയായി എത്തിയത് തട്ടിപ്പുകാരൻ
സ്റ്റോക്ക് മാർക്കറ്റിൽ അടുത്തിടെ നേരിട്ട തിരിച്ചടി മൂലം വൻതുകയാണ് യുവാവിന് നഷ്ടമായത്. പിന്നാലെ പ്രശ്നം വച്ചതിന് ശേഷമാണ് ചില പൂജകൾ ചെയ്യാൻ യുവാവ് ഒരുങ്ങിയത്. എന്നാൽ 65 ലക്ഷം വാങ്ങിയ ശേഷവും ബിസിനസിൽ ലാഭമുണ്ടാകാതെ വന്നതോടെ യുവാവിന് സംശയം തോന്നുകയായിരുന്നു
ലക്നൌ: സ്റ്റോക്ക് എക്സേഞ്ച് ട്രേഡറുടെ പക്കൽ നിന്ന് പൂജ ചെയ്യാനെന്ന പേരിലെത്തിയയാൾ തട്ടിയത് 65 ലക്ഷം. ഉത്തർ പ്രദേശിലെ ലക്നൌവിലാണ് സംഭവം. അടുത്തിടെ ബിസിനസിൽ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് ഹേമന്ത് കുമാർ റായ് എന്ന സ്റ്റോക്ക് ട്രേഡർ പരിഹാരം കാണാനായി പൂജ ചെയ്യാൻ തീരുമാനിക്കുന്നത്. മന്ത്രവാദിയുടെ നിർദ്ദേശം അനുസരിച്ച് പൂജാ കാര്യങ്ങൾക്കായി പല തവണകളായി 65ലക്ഷം രൂപയാണ് യുവാവ് പൂജാരിയെന്ന് പരിചയപ്പെടുത്തിയെത്തിയ ആൾക്ക് നൽകിയത്.
എന്നാൽ വൻതുക നൽകിയ ശേഷവും ബിസിനസിൽ ഒരു രീതിയിലുമുള്ള പുരോഗതി ഉണ്ടാവായിരുന്നില്ല. പിന്നാലെ പൂജാരി വീണ്ടും വീണ്ടും പണം ആവശ്യപ്പെടാനും ആരംഭിച്ചു ഇതോടെ ഹേമന്ത് കുമാർ റായിക്ക് സംശയം തോന്നുകയായിരുന്നു. ഇതോടെയാണ് ഇയാൾ പൊലീസിനെ സമീപിക്കുന്നത്. സംഭവത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. യുവാവിനെ പൂജാരിയെന്ന പേരിലെത്തിയ ആൾ ആൾമാറാട്ടക്കാരനാണെന്ന സംശയമാണ് പൊലീസ് പ്രാദേശിക മാധ്യമങ്ങളോട് പങ്കുവച്ചിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
മറ്റൊരു സംഭവത്തിൽ ഇടുക്കിയിലെ അടിമാലി, വെളളത്തൂവൽ, നെടുങ്കണ്ടം മേഖലകളിലെ ചെറുകിട ഏലം കർഷകരെ വിപണി വിലയേക്കാൾ ആയിരം രൂപ വരെ കൂടുതൽ നൽകാമെന്ന വാഗ്ദാനം നൽകി വഞ്ചിച്ച പാലക്കാട് കരിമ്പ സ്വദേശി മുഹമ്മദ് നസീറിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് പിടികൂടിയത്. ഒരുമാസം മുതൽ ഒന്നര മാസം വരെ അവധി പറഞ്ഞാണ് ഇയാൾ ഇടുക്കിയിലെ കർഷരിൽ നിന്നും ഏലക്ക വാങ്ങിയത്. ഇതിനായി അടിമാലിയിൽ ഏലയ്ക്ക ഗ്രേഡിംഗ് സെൻ്ററും തുറന്നിരുന്നു. എൻ ഗ്രീൻ എന്ന പേരിലുളള സ്ഥാപനത്തിൻറെ മറവിലായിരുന്നു നസീർ ഏലക്ക സംഭരിച്ചിരുന്നത്. തുടക്കത്തിൽ കർഷകർക്ക് കൃത്യമായി പണം കിട്ടി. ഇത് കേട്ടറിഞ്ഞ് നിരവധി പേർ നസീറിനടുത്തെത്തി. കൂടുതൽ വില പ്രതീക്ഷിച്ചെത്തിയ കർഷകരാണ് ഒടുവിൽ വഞ്ചിക്കപ്പെട്ടത്.