കൊല്ലത്തെ വയോധികന്‍റെ കൊലപാതകം; പ്രതി പിടിയിൽ, ചുടുകട്ട കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നെന്ന് മൊഴി
വടമൺ സ്വദേശി സുബൈറിനെയാണ് അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തത്. വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് വിജയൻ പിള്ളയുടെ തലയ്ക്ക് ചുടുകട്ട കൊണ്ട് അടിക്കുകയായിരുന്നുവെന്നാണ് സുബൈര്‍ പൊലീസിന് നൽകിയ മൊഴി.
കൊല്ലം: കൊല്ലം അഞ്ചലിൽ വയോധികൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിൽ. വടമൺ സ്വദേശി സുബൈറിനെയാണ് അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം പതിനാറാം തീയതിയാണ് പനയഞ്ചേരി സ്വദേശി വിജയൻപിള്ളയെ അഞ്ചൽ ചന്തക്കുള്ളിലെ ഇടറോഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന്‍റെ സമീപത്ത് നിന്ന് രക്തം പുരണ്ട ചുടുകട്ടയും കണ്ടെത്തിയിരുന്നു. പോസ്റ്റ്മോർട്ടത്തിൽ തലക്കേറ്റ ക്ഷതമാണ് മരണ കാരണമെന്ന് കണ്ടെത്തിയതോടെ കൊലപാതകമെന്ന് പൊലീസ് ഉറപ്പിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നിരവധി പേരെ കസ്റ്റഡിയിൽ എടുത്തു. ഒടുവിൽ സുബൈര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് വിജയൻ പിള്ളയുടെ തലയ്ക്ക് ചുടുകട്ട കൊണ്ട് അടിക്കുകയായിരുന്നുവെന്നാണ് സുബൈര്‍ പൊലീസിന് നൽകിയ മൊഴി.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കുടുംബവുമായി പിണങ്ങി കഴിഞ്ഞിരുന്ന വിജയൻ പിള്ള കടത്തിണ്ണയിലായിരുന്നു അന്തിയുറങ്ങിയിരുന്നത്.