30 ശതമാനം പലിശക്ക് പണം നല്‍കും, മുടങ്ങുമ്പോൾ ഭീഷണി; തൊടുപുഴയിൽ 45കാരൻ അറസ്റ്റിൽ, മ്ലാവിന്‍റെ കൊമ്പും പിടികൂടി
കൊച്ചുപറമ്പില്‍ ജോസഫ് അഗസ്റ്റിനാണ് പിടിയിലായത്. ഇയാളില്‍ നിന്നും കോടിക്കണക്കിന് രൂപയുടെ ഇടപാട് രേഖകളും മ്ലാവിന്‍റെ കൊമ്പും പൊലീസ് പിടികൂടി. മ്ലാവിന്‍റെ കൊമ്പ് ലഭിച്ചതിനെകുറിച്ച് വനംവുകുപ്പും അന്വേഷണം തുടങ്ങി.
തൊടുപുഴ: ഇടുക്കി തൊടുപുഴയിൽ 30ശതമാനത്തോളം പലിശക്ക് പണം നല്‍കി മുടങ്ങുമ്പോള്‍ നാട്ടുകാരെ ഭീഷണിപ്പെടുത്തിയിരുന്ന നാല്‍പത്തഞ്ചുകാരന്‍ പൊലീസിന്റെ പിടിയിലായി. കൊച്ചുപറമ്പില്‍ ജോസഫ് അഗസ്റ്റിനാണ് പിടിയിലായത്. ഇയാളില്‍ നിന്നും കോടിക്കണക്കിന് രൂപയുടെ ഇടപാട് രേഖകളും മ്ലാവിന്‍റെ കൊമ്പും പൊലീസ് പിടികൂടി. മ്ലാവിന്‍റെ കൊമ്പ് ലഭിച്ചതിനെകുറിച്ച് വനംവുകുപ്പും അന്വേഷണം തുടങ്ങി.
പണം പലിശക്ക് നല്‍കുന്നത് കുറഞ്ഞത് 15 ശതമാനത്തിനാണ്. പ്രതിമാസ നിരക്കില്‍ ആവശ്യം കൂടിയാല്‍ ഇത് 30 ശതമാനം വരെയാകും. പലിശ കിട്ടിയില്ലെങ്കില്‍ വീട്ടില്‍ കയറി ഭീഷണിപെടുത്തും. നിരന്തരം ഇതെകുറിച്ച് പരാതി ലഭിച്ചതോടെയാണ് തോടുപുഴ പൊലീസ് അന്വേഷണം തുടങ്ങിയത്. ഇന്ന് ജോസഫ് അഗസ്റ്റിന്‍റെ മുതലക്കോടത്തെ മുന്നു വീട്ടിലും പൊലീസ് പരിശോധന നടത്തി. ഇവിടെ നിന്ന് നാല്‍പത് ആര്‍സി ബുക്ക്, 32 ഒപ്പിട്ട മുദ്രപത്രങ്ങള്‍ ,60 സ്റ്റാമ്പ് പതിപ്പിച്ച രേഖകള്‍ 35 വസ്തുക്കളുടെ ആധാരം എന്നിവ ലഭിച്ചു. ഒരു കാറും നാല് ഇരുചക്ര വാഹനവും പിടികൂടി.
വീട്ടില്‍ നിന്ന് മ്ലാവിന്‍റെ കൊമ്പും തോക്കും പിടികൂടിയിട്ടുണ്ട്. ഇതേക്കുറിച്ച് വനംവകുപ്പ് അന്വേഷണം തുടങ്ങി . ജോസഫ് അഗസ്റ്റിന്‍ ഇരുപത് വർഷമായി ഉയര്‍ന്ന പലിശക്ക് പണം നല്‍കിയിട്ടുണ്ടെന്നാണ് പൊലീസിന് ലിച്ചവിവരം. ഇയാളെ പണമിടപാടുമായി ബന്ധപ്പെട്ട വിവിധ നിയമപ്രകാരം അറസ്റ്റ് ചെയ്തു. കൂടുതല്‍ പേര്‍ ഇങ്ങനെ വട്ടിപലിശക്ക് കടംനല്‍കുന്നുണ്ടോയെന്ന് പൊലീസ് അന്വേഷണം തുടങ്ങി.