പ്രമുഖ വ്യവസായിയുടെ ബന്ധുവെന്ന് പറഞ്ഞ് ജ്വല്ലറിയില്‍ നിന്ന് സ്വർണനാണയങ്ങള്‍ തട്ടി; മണിക്കൂറുകള്‍ക്കകം പിടികൂടി

ബത്തേരിയിലെ ജ്വല്ലറി ജീവനക്കാരില്‍ നിന്ന് പത്ത് പവന്‍ വരുന്ന സ്വര്‍ണമാണ് ഇയാള്‍ തട്ടിയെടുത്തത്. 

man arrested in gold coin fraud case joy

സുല്‍ത്താന്‍ ബത്തേരി: ആഡംബര റിസോര്‍ട്ടിലെ താമസക്കാരനെന്ന വ്യാജേനെ ജ്വല്ലറിയിലേക്ക് വിളിച്ച് സ്വര്‍ണനാണയം ആവശ്യപ്പെട്ട് ജീവനക്കാരെ കബളിപ്പിച്ച് മുങ്ങിയ പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടി. കോഴിക്കോട് തിക്കോടി സ്വദേശി വടക്കേ പുരയില്‍ റാഹില്‍ (28) ആണ് പിടിയിലായത്. ബത്തേരിയിലെ ജ്വല്ലറി ജീവനക്കാരില്‍ നിന്ന് പത്ത് പവന്‍ വരുന്ന സ്വര്‍ണമാണ് ഇയാള്‍ തട്ടിയെടുത്തത്. 

കഴിഞ്ഞദിവസമാണ് സംഭവം നടന്നത്. ബത്തേരിയിലെ ഹോട്ടലില്‍ താമസിക്കുകയും പിന്നീട് സമീപത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ചെന്ന് അവിടുത്തെ താമസക്കാരനായി അഭിനയിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രമുഖ വ്യവസായിയുടെ ബന്ധുവാണെന്ന് വ്യാജേന നഗരത്തിലെ ഒരു ജ്വല്ലറിയില്‍ വിളിച്ച് പത്തു സ്വര്‍ണനാണയങ്ങള്‍ ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു. സ്വര്‍ണ്ണം ബില്ലടിച്ചതിന് ശേഷം കൊണ്ടുവന്നാല്‍ മതിയെന്നും പണം ഇവിടെ വെച്ച് കൈമാറാമെന്നും ഇയാള്‍ പറഞ്ഞു. ഇതുപ്രകാരം ജ്വല്ലറി ജീവനക്കാര്‍ റിസോര്‍ട്ടില്‍ എത്തി റാഹിലിന് സ്വര്‍ണ്ണനാണയങ്ങള്‍ കൈമാറി. അരപ്പവന്റെ ആറു നാണയങ്ങളും ഒരുപവന്റെ നാലു നാണയങ്ങളുമാണ് കൈമാറിയത്. സ്വര്‍ണനാണയങ്ങള്‍ തന്റെ മാഡത്തിന് പരിശോധിക്കണമെന്നും അവര്‍ തൊട്ടടുത്ത മുറിയിലുണ്ടെന്നും പറഞ്ഞശേഷം നാണയങ്ങളുമായി മുറിക്കു പുറത്തേക്കുപോയ റാഹില്‍ അല്‍പസമയത്തിനുശേഷം തിരിച്ചെത്തി. ശേഷം മാഡത്തിന് നാണയങ്ങള്‍ ഇഷ്ടപ്പെട്ടെന്നും പണം എണ്ണുന്നതിനുള്ള മെഷീന്‍ താഴെ കാറിലാണെന്നും അത് എടുത്തിട്ടുവരാമെന്നും പറഞ്ഞ് മുങ്ങുകയായിരുന്നെന്നാണ് പരാതി. ഏറെനേരം കഴിഞ്ഞിട്ടും ഇയാള്‍ തിരിച്ചുവരാതായതോടെയാണ് ജീവനക്കാര്‍ പൊലീസില്‍ പരാതി നല്‍കിയത്. 

റിസോര്‍ട്ടിലെ സി.സി ടി.വി ദൃശ്യങ്ങളില്‍നിന്ന് പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് ഉടന്‍ തന്നെ വിവരം മറ്റു സ്റ്റേഷനുകളിലേക്ക് കൈമാറി. പ്രതിക്ക് സഞ്ചരിക്കുന്ന കാറുകളും, വസ്ത്രങ്ങളും ഇടക്കിടെ മാറുന്ന പതിവുള്ളതിനാല്‍ ഇയാളെ കണ്ടെത്തുക ദുഷ്‌കരമായിരുന്നെന്ന്  പൊലീസ് പറഞ്ഞു. ഇക്കാര്യം നേരത്തെ അറിയുന്നതിനാല്‍ ടാക്‌സി സ്റ്റാന്റുകളിലും മറ്റും പ്രതിയുടെ ഫോട്ടോകള്‍ പ്രചരിപ്പിച്ചു. ഈ നീക്കം ഫലം കാണുകയും പ്രതി കല്‍പ്പറ്റയില്‍ നിന്നും ഇന്നോവ കാറില്‍ കോഴിക്കോട്ടേക്ക് പോയതായി മനസിലാകുകയും ചെയ്തു. തുടര്‍ന്ന് ഇന്നോവ ഡ്രൈവറുടെ നമ്പര്‍ സംഘടിപ്പിച്ച് പൊലീസ് വിവരം കൈമാറി. തന്റെ കൂടെയുള്ളയാള്‍ മോഷ്ടാവാണെന്ന് മനസിലാക്കിയ ഡ്രൈവര്‍ തന്ത്രപൂര്‍വ്വം കുന്ദമംഗലത്തിന് സമീപം വാഹനം നിര്‍ത്തി. തന്നെ കുറിച്ചുള്ള വിവരങ്ങള്‍ ഡ്രൈവര്‍ അറിഞ്ഞുവെന്ന് മനസിലാക്കിയ പ്രതി ഫോണ്‍ ചെയ്യാന്‍ പുറത്തിറങ്ങണമെന്ന് നേരത്തേ തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതി മുങ്ങാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കിയതോടെ, ഡ്രൈവര്‍ ആള്‍ക്കൂട്ടത്തിന് സമീപമാണ് വണ്ടി നിര്‍ത്തിയത്. വാഹനം നിര്‍ത്തിയ ഉടന്‍ റാഹില്‍ ഓടി രക്ഷപെടാന്‍ നോക്കിയെങ്കിലും നാട്ടുകാര്‍ തടഞ്ഞ് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. മുമ്പും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സമാന രീതിയില്‍ ജ്വല്ലറി ജീവനക്കാരെ കബളിപ്പിച്ച് സ്വര്‍ണം തട്ടിയെടുത്ത കേസുകളില്‍ റാഹില്‍ പിടിയിലായിട്ടുണ്ടെന്ന പൊലീസ് പറഞ്ഞു. ബത്തേരി സി.ഐ എം.എ. സന്തോഷും സംഘവുമാണ് റാഹിലിനെ പിടികൂടിയത്.

   
       അര്‍ജന്‍റീന ഇന്ത്യയില്‍ കളിക്കാന്‍ ആഗ്രഹിച്ചത് ഇന്ത്യയുമായല്ല, വിശദീകരണവുമായി ഫെഡറേഷൻ ജനറൽ സെക്രട്ടറി 



ഏഷ്യാനെറ്റ് ന്യൂസ് ലെെവ് കാണാം..

Latest Videos
Follow Us:
Download App:
  • android
  • ios