സ്ലീപ്പർ ബസിൽ വിദേശ പൗരയ്ക്ക് നേരെ ലൈംഗികാതിക്രമം; യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു
പിന്നീട് യുവതി നൽകിയ പരാതിയെത്തുടർന്നാണ് ബംഗളൂരുവിൽ നിന്ന് പൊലീസ് പ്രതിയെ പിടികൂടിയത്.
ചെന്നൈ : പുതുച്ചേരിയിൽ നിന്ന് ബെംഗളൂരുവിന് പോവുകയായിരുന്ന സ്ലീപ്പർ ബസിൽ വിദേശ പൗരയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജര്‍മ്മൻ സ്വദേശിയായ യുവതിക്ക് നേരെ ലൈംഗിക ചേഷ്ടകൾ കാണിക്കുകയും കടന്നുപിടിക്കാൻ ശ്രമിക്കുകയും ചെയ്ത ഇയാളെ ബസ് ജീവനക്കാർ വഴിയിൽ ഇറക്കിവിട്ടിരുന്നു. പിന്നീട് യുവതി നൽകിയ പരാതിയെത്തുടർന്നാണ് ബംഗളൂരുവിൽ നിന്ന് പൊലീസ് പ്രതിയെ പിടികൂടിയത്.
പുതുച്ചേരിയിൽ നിന്ന് യാത്ര പുറപ്പെട്ടതിന് പിന്നാലെ യുവതിയുടെ ബർത്തിന് തൊട്ടു താഴെയുള്ള ബർത്തിൽ ഇയാൾ വന്നു കിടന്നുവെന്നും ലൈംഗിക ചേഷ്ടകൾ കാട്ടാൻ തുടങ്ങിയെന്നുമാണ് പരാതി. ഇയാൾക്കൊപ്പം മറ്റൊരു യുവതിയും ഉണ്ടായിരുന്നു. നഗ്നതാപ്രദർശനം നടത്തിയതിന് ശേഷം ബർത്തിന് സമീപം വന്ന് ശരീരത്തിൽ തൊടാൻ ശ്രമിച്ചതോടെ യുവതി പ്രതികരിക്കുകയായിരുന്നു. ബഹളം വച്ചതിനെത്തുടർന്ന് ബസ് ജീവനക്കാർ ഇടപെട്ടു. അക്രമിക്ക് ഒപ്പമുണ്ടായിരുന്ന യുവതി ബസ് ജീവനക്കാരെ തടയാൻ ശ്രമിച്ചെങ്കിലും യുവാവിനെ കൈകാര്യം ചെയ്തതിന് ശേഷം ജീവനക്കാർ ഇരുവരേയും വഴിയിൽ ഇറക്കിവിട്ടു. ഇന്ത്യയിൽ സ്ഥിരമായി താമസിക്കുന്ന ജർമൻ യുവതിയാണ് പരാതിക്കാരി.
ബെംഗളൂരുവിൽ എത്തിയതിന് ശേഷം അതിക്രമത്തിന് ഇരയായ യുവതി പുതുച്ചേരി പൊലീസിൽ പരാതി നൽകി. സംഭവത്തിൽ കേസെടുത്ത പൊലീസ് ട്രാവൽസ് കമ്പനിയിൽ നിന്നും യാത്രക്കാരുടെ വിവരങ്ങൾ ശേഖരിച്ചു. പെൺസുഹൃത്തിന്‍റെ പേരിലാണ് അക്രമി ബർത്ത് ബുക്ക് ചെയ്തിരുന്നതെന്ന് കണ്ടെത്തി. ബസിൽ ഉണ്ടായിരുന്ന മറ്റൊരു യാത്രക്കാരൻ പകർത്തിയ വീഡിയോയും ഇതിനിടെ പുറത്ത് വന്നു.
യാത്രാ ടിക്കറ്റ് ബുക്ക് ചെയ്ത സുഹൃത്തിൽ നിന്നും വിവരം ശേഖരിച്ച ശേഷം വീഡിയോയിൽ കണ്ട അക്രമി ബംഗളൂരു സ്വദേശി ശരത് ആണെന്ന് തിരിച്ചറിഞ്ഞ പുതുച്ചേരി പൊലീസ് ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്തു. ഭവാനിനഗർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റ് കാമ്പസിന് സമീപമാണ് പ്രതി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.