'ശ്വാസം മുട്ടിച്ചു, തലമുടി വലിച്ച് നിലത്തിട്ടു, കാലിൽ കാർ കയറ്റി'; കാമുകൻ ഇൻസ്റ്റ താരത്തോട് ചെയ്തത് ക്രൂരത!
കാമുകന്റെ ക്രൂരത വിവരിച്ച് യുവതി ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടിരുന്നു. ഇതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ഇൻസ്റ്റഗ്രാമിൽ ഒരു മില്യണിലധികം ഫോളോവേഴ്സുള്ള താരമാണ് പ്രിയ സിങ്.
മുംബൈ: മഹാരാഷ്ട്രയിൽ ഉന്നത ഉദ്യോഗസ്ഥൻ കാമുകിയെ ആക്രമിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്‍സ്റ്റഗ്രാം താരമായ പ്രിയ സിങിനെ കാമുകൻ അതിക്രൂരമായാണ് ആക്രമിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. യുവാവ് പ്രിയയെ അതിക്രൂരമായി മർദ്ദിക്കുകയും മുടിയിൽ പിടിച്ച് വലിച്ച് നിലത്തേക്കിടുകയും വാഹനം കൊണ്ട് ഇടിപ്പിച്ചതായും പ്രിയ സിങ് നൽകിയ പരാതിയിൽ പറയുന്നു. മഹാരാഷ്ട്ര റോഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ അനിൽ ഗെയ്ക്‌വാദിന്റെ മകൻ അശ്വജിത് ഗെയ്കവാദ് ആണ് 26 കാരിയായ കാമുകിയെ അതിക്രൂരമായി ആക്രമിച്ചത്.
കാമുകന്റെ ക്രൂരത വിവരിച്ച് യുവതി ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടിരുന്നു. ഇതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ഇൻസ്റ്റഗ്രാമിൽ ഒരു മില്യണിലധികം ഫോളോവേഴ്സുള്ള താരമാണ് പ്രിയ സിങ്. കഴിഞ്ഞ 5 വർഷമായി അശ്വജിത്തുമായി താൻ അടുപ്പത്തിലായിരുന്നുവെന്നാണ് പ്രിയ പറയുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ നാല് മണിയോടെ അശ്വജിത്ത് എന്നെ വിളിച്ചു. ഫാമിലിയിൽ ഒരു പരിപാടി ഉണ്ട്, അതിൽ പങ്കെടുക്കാനായി വരണം എന്ന് ആവശ്യപ്പെട്ടു. എന്നാൽ താൻ അവിടെ എത്തിയപ്പോള്‍ അശ്വജിത്ത് മോശമായി പെരുമാറി. ആളുകളുടെ ഇടയിൽ നിന്ന് സംസാരിക്കേണ്ടെന്ന് കരുതി ഒഴിഞ്ഞ സ്ഥലത്തേക്ക് അശ്വജിത്തിനെ വിളിച്ചു. എന്നാൽ കൂട്ടുകാർക്കൊപ്പമാണ് അശ്വജിത്ത് അവിടേക്ക് വന്നത്'- പ്രിയ പറയുന്നു.
കൂട്ടുകാർക്കൊപ്പമെത്തിയ അവൻ ആളുകളുടെ മുന്നിൽ വെച്ച് അവഹേളിച്ചു, ഇത് എതിർത്തതോടെയാണ് ആക്രമണം തുടങ്ങിയത്. അതിക്രൂരമായി മർദ്ദിക്കുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ നോക്കുകയും ചെയ്തു. തള്ളിമാറ്റാൻ ശ്രമിച്ചതോടെ മുടിപിടിച്ച് വലിച്ചി നിലത്തേക്കിട്ടു. എഴുനേറ്റ് കാറിനുള്ളിലെ ഫോണും ബാഗും എടുക്കാൻ ശ്രമിക്കുന്നതിനിടെ അശ്വജിത്ത് ഡ്രൈവറോട് വാഹനം മുന്നോട്ട് എടുക്കാൻ പറഞ്ഞു. എന്നെ ഇടിച്ചിടാനാണ് അവൻ പറഞ്ഞത്'- പ്രിയ പരാതിയിൽ പറയുന്നു.
വാഹനം കാലിലൂടെ കയറിയിറങ്ങി ഗുരുതര പരിക്കേറ്റ പ്രിയ മണിക്കൂറുകളോളം റോഡിൽ കിടന്നെന്നാണ് റിപ്പോർട്ട്. അതുവഴി പോയ ആളുകളാണ് യുവതി പരിക്കേറ്റ് അവശയായി റോഡിൽ കിടക്കുന്നത് ശ്രദ്ധിക്കുന്നത്. ഇവരാണ് പ്രിയയെ ആശുപത്രിയിലെത്തിച്ചതെന്ന് പൊലീസ് പറയുന്നു. യുവതിയുടെ വലത് കാലിന് ഒടിവുണ്ടെന്നും ശസ്ത്രക്രിയ ചെയ്യേണ്ടിവരുമെന്നുമാണ് പൊലീസ് പറയുന്നത്. അതേസമയം പ്രിയ സിങിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല.
Read More : 'മത്തിയാണെങ്കിൽ 5 എണ്ണം, ചോറ് നേരത്തേ കിട്ടും'; അബ്കാരി കേസിൽ പുറത്തിറങ്ങിയ യൂട്യൂബറുടെ 'ജയിൽ റിവ്യൂ' വൈറൽ