കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകം: കുടുംബവുമായി അടുത്ത ബന്ധമുള്ള ഒരാൾ പൊലീസ് കസ്റ്റഡിയിൽ
കോട്ടയം വേളൂരിൽ താഴത്തങ്ങാടി പാറപ്പാടം സ്വദേശി ഷീബാ സാലിയാണ് കഴിഞ്ഞ ദിവസം വീട്ടില്‍ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടത്. ഇവരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്
കോട്ടയം: വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാൾ പൊലീസിന്റെ കസ്റ്റഡിയിൽ. കുമരകം സ്വദേശിയാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇയാൾക്ക് കൊലപാതകം നടന്ന വീടുമായി ബന്ധമുണ്ടെന്നാണ് വിവരം.
കോട്ടയം വേളൂരിൽ താഴത്തങ്ങാടി പാറപ്പാടം സ്വദേശി ഷീബാ സാലിയാണ് കഴിഞ്ഞ ദിവസം വീട്ടില്‍ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടത്. ഇവരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. കസ്റ്റഡിയിലുള്ളയാളെ ചോദ്യം ചെയ്താൽ കൂടുതൽ വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ് സംഘം. കൊല്ലപ്പെട്ട വീട്ടമ്മയുടെ കുടുംബത്തിന്‍റെ പണമിടപാടുകള്‍ കേന്ദ്രീകരിച്ചും ക്വട്ടേഷന്‍ സംഘങ്ങളുടെ സാധ്യതയെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഷീബയുടെ മൊബൈൽ ഫോൺ വീടിന്‍റെ സമീപത്ത് നിന്ന് പൊലീസ് കണ്ടെത്തി. ഇത് അക്രമികള്‍ കൊണ്ടുപോയോ എന്ന് നേരത്തെ സംശയിച്ചിരുന്നു. ഷീബയുടെ ഭര്‍ത്താവിന്‍റെ മൊബൈല്‍ ഫോൺ ഇതുവരെ കണ്ടെത്താനായിട്ടില്ല. കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ഷീബയേയും ഭര്‍ത്താവ് മുഹമ്മദ് സാലിയേയും വീട്ടിനുള്ളില്‍ കെട്ടിയിട്ട നിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ സാലി ചികിത്സയിലാണ്. രണ്ട് നിലയുള്ള ഷാനി മൻസിലില്‍ മുഹമ്മദ് സാലിയും ഭാര്യ ഷീബാ സാലിയും മാത്രമാണ് താമസിച്ചിരുന്നത്. മാതാപിതാക്കളെ ഫോണിലൂടെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് വിദേശത്തുള്ള മകള്‍ അയല്‍ക്കാരെ അറിയിച്ചതോടെയാണ് കൊലപാതകം പുറത്തറിയുന്നത്. അയല്‍ക്കാരൻ ഷാനി മൻസിലിലേക്ക് വന്നപ്പോള്‍ തന്നെ പാചകവാതക സിലിണ്ടറില്‍ നിന്ന് ഗ്യാസ് ലീക്ക് ചെയ്യുന്നതായി മനസിലാക്കി. തുടര്‍ന്ന് ഫയര്‍ഫോഴ്‍സിനെ വിവരമറിയിക്കുകയായിരുന്നു.
കോട്ടയം ഫയര്‍ഫോഴ്സ് എത്തി വീടിനുള്ളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുറന്നിട്ട ജനാലയ്ക്കുള്ളിലൂടെ ഫയര്‍ഫോഴ്സ് ജീവനക്കാര്‍ നോക്കിയപ്പോഴാണ് വീടിനുള്ളില്‍ രക്തം തളം കെട്ടിയത് കണ്ടത്. പുറത്ത് നിന്ന് പൂട്ടിയ വാതില്‍ ഫയര്‍ഫോഴ്സ് വെട്ടിപ്പൊളിച്ച് അകത്ത് കയറിയപ്പോഴാണ് സാലിയും ഷീബയും രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ ഇരുവരേയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഷീബ മരിച്ചിരുന്നു. രണ്ട് പേര്‍ക്കും തലയ്ക്കാണ് അടിയേറ്റത്. ഷീബയെ ഷോക്കടിപ്പിക്കാനും ശ്രമം നടന്നു. കമ്പി ഇവരുടെ കാലില്‍ ചുറ്റിയിരുന്നു. ഒരു ഗ്യാസ് സിലിണ്ടര്‍ സ്വീകരണമുറിയിലെത്തിച്ച് തുറന്ന് വിട്ടിരുന്നു. അലമാര വാരിവലിച്ചിട്ട നിലയിലായിരുന്നു. ഫാനിന്‍റെ ലീഫ് ഇളകിയാടിയ നിലയിലും സെറ്റിയും ടീപ്പോയും അടിച്ച് പൊട്ടിച്ച നിലയിലുമായിരുന്നു.
മോഷണം പോയ കാർ കേന്ദ്രീകരിച്ചായിരുന്നു തുടക്കം മുതല്‍ പൊലീസ് അന്വേഷണം നടത്തിയിരുന്നത്. കാർ സംഭവ ദിവസം രാവിലെ പത്ത് മണിക്ക് ആരോ വീട്ടിന് വെളിയിലേക്ക് കൊണ്ട് പോയതിൻറെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കൊല്ലപ്പെട്ട ഷീബയുടെ സ്വർണ്ണാഭരണങ്ങളും കാറും നഷ്ടപ്പെട്ടിട്ടുണ്ട്. ഷീബയേയും ഭർത്താവ് സാലിയേയും വീടിനെക്കുറിച്ചും വ്യക്തമായി അറിയാവുന്ന ആരോ ആണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം.