'ദുരൂഹത തീർക്കണം, മകന്റെ കൊലയാളികളെ പിടികൂടണം', മകന്റെ മരണമറിഞ്ഞ് നെഞ്ചുപൊട്ടി അച്ഛൻ
ദിവസങ്ങൾ കഴിഞ്ഞിട്ടും മകന്റെ വിവരമില്ലാതായതോടെ ഇന്നലെ അന്വേഷിച്ച് വീട്ടിൽ നിന്നും സഹോദരൻ കൊച്ചിയിലേക്ക് പുറപ്പെട്ടു. ഇവർ ചാലക്കുടിയിലെത്തിയപ്പോഴാണ് കൊലപാതക വിവരമറിഞ്ഞത്.
കൊച്ചി : കൊച്ചിയിലെ ഫ്ലാറ്റിലുണ്ടായ കൊലപാതകത്തിൽ ദുരൂഹത ഇനിയും നീങ്ങുന്നില്ല. ജോലിക്കായി കൊച്ചിയിലേക്ക് പോയ മകന്റെ മരണ വിവരം താങ്ങാനാകാത്ത നിലയിലാണ് കുടുംബം. ഇക്കഴിഞ്ഞ ഒമ്പതാം തിയ്യതിയാണ് സജീവ് അവസാനം വീട്ടിലേക്ക് വിളിച്ച് സംസാരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നുവെന്നും സജീവ് കൃഷ്ണയുടെ പിതാവ് രാമകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ദിവസങ്ങൾ കഴിഞ്ഞിട്ടും മകന്റെ വിവരമില്ലാതായതോടെ ഇന്നലെ അന്വേഷിച്ച് വീട്ടിൽ നിന്നും സഹോദരൻ കൊച്ചിയിലേക്ക് പുറപ്പെട്ടു. ഇവർ ചാലക്കുടിയിലെത്തിയപ്പോഴാണ് കൊലപാതക വിവരമറിഞ്ഞത്.
റൂംമേറ്റായ അർഷാദിനെക്കുറിച്ച് സജീവ് ഇത് വരെ ഒന്നും പറഞ്ഞിരുന്നില്ലെന്നാണ് ബന്ധുക്കൾ വിശദീകരിക്കുന്നത്. കഴിഞ്ഞ ഏഴു മാസമായി കൊച്ചിയിലെ ഫ്ലാറ്റിൽ വണ്ടൂർ സ്വദേശി ഉൾപ്പെടെ മറ്റ് നാലു പേരുടെ കൂടെയാണ് താമസിക്കുന്നതെന്നും മകൻ പറഞ്ഞിരുന്നുവെന്നും ദുരൂഹത ഉടൻ തീർത്തു കൊലയാളികളെ പിടികൂടണമെന്നും കുടുംബം ആവശ്യപ്പെട്ടു.
മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണയെ ഇന്നലെയാണ് കാക്കനാട് ഇടച്ചിറയിലെ ഓക്സോണിയ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വൈകിട്ടോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ശരീരമാസകലം കുത്തേറ്റ സജീവ് കൃഷ്ണയുടെ മൃതദേഹം പുതപ്പുകൊണ്ട് പൊതിഞ്ഞ് വരിഞ്ഞു കെട്ടിയ നിലയിലായിരുന്നു. ഫ്ലാറ്റിലെ പൈപ്പ് ഡെക്റ്റിനിടയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സജീവിന്റെ കൂടെ താമസിച്ചിരുന്ന പയ്യോളി സ്വദേശി അർഷാദാണ് കൊലപാതകം ചെയ്തതതെന്നാണ് പൊലീസിന്റെ സംശയം.
ഇയാളുടെ ഫോൺ സ്വിച്ച് ഓഫ്ഡാണ്. ഇയാൾക്കായി ഇന്നലെ രാത്രി തന്നെ പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. രണ്ട് ദിവസമായി സജീവിനെ ഫോണിൽ കിട്ടാതായതോടെ ഫ്ലാറ്റിലെ സഹതാമസക്കാർ വന്നുനോക്കുകയായിരുന്നു. ഫ്ലാറ്റ് പുറത്ത് നിന്നും പൂട്ടിയ നിലയിൽ കണ്ടതോടെ സെക്യൂരിറ്റിയെ വിവരം അറിയിക്കുകയും പൊലീസ് എത്തിയ ശേഷം മറ്റൊരു താക്കോൽ ഉണ്ടാക്കി ഫ്ലാറ്റ് തുറക്കുകയുമായിരുന്നു. കൊലപാതകി എന്ന് സംശയിക്കുന്ന അർഷാദ് ഈ ഫ്ലാറ്റിലെ സ്ഥിരതാമസക്കാരൻ ആയിരുന്നില്ല.
കൊച്ചി ഫ്ലാറ്റിലെ കൊലപാതകം : ഒപ്പം താമസിച്ചിരുന്ന കോഴിക്കോട് സ്വദേശിയെ കാണ്മാനില്ല