'മനക്കട്ടിയുള്ള പെൺകുട്ടി, ഒടുവിൽ പതറിപ്പോയി'; പ്രണയ പകയിൽ പൊലിഞ്ഞ ആതിരയുടെ ജീവിതം, പൊലീസിന് വീഴ്ച ?

സൈബർ അധിക്ഷേപവുമായി ബന്ധപ്പെട്ട് ആതിര നൽകിയ പരാതിയിൽ ഞായറാഴ്ച വൈകിട്ട് തന്നെ അന്വേഷണം തുടങ്ങിയിട്ടും പ്രതിയെ പിടികൂടാൻ കഴിയാതിരുന്നത് പൊലീസിന് ക്ഷീണമായി. കേരളത്തിന് അകത്തും പുറത്തും വിപുലമായ സംഘത്തെ നിയോഗിച്ച് അന്വേഷണം തുടരുന്നതിനിടെയായിരുന്നു അരുൺ വിദ്യാധരന്റെ ആത്മഹത്യാ വാർത്ത പോലീസിനെ തേടിയെത്തിയത്. 

kerala woman athira ends life in kottayam after cyberbullying by ex boy friend police investigation vkv

കോട്ടയം: പ്രണയപ്പകയിലുള്ള സൈബർ ആക്രമണത്തിന് ഇരയായാണ് കോട്ടയം കടുത്തുരുത്തിയിലെ ആതിരയുടെ മരണം. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് ആതിരയെ കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുന്നത്. ഞായറാഴ്ച വൈകിട്ടാണ് ആതിര സൈബർ അധിക്ഷേപവുമായി ബന്ധപ്പെട്ട് അരുൺ വിദ്യാധരനെതിരായ പരാതി കടുത്തുരുത്തി പോലീസിൽ നൽകുന്നത്. അന്ന് അരുണിനെ ഫോണിൽ പൊലീസ് ബന്ധപ്പെട്ടു. സ്റ്റേഷനിലേക്ക് എത്തിക്കൊള്ളാം എന്ന മറുപടി നൽകിയ അരുൺ പക്ഷേ മുങ്ങുക ആയിരുന്നു. പിറ്റേന്ന് ആതിരയുടെ ആത്മഹത്യാ വാർത്ത പുറത്തുവരും മുമ്പ് വരെ പോലീസ് നിരീക്ഷണത്തിൽ ആയിരുന്ന അരുണിന്റെ ഫോൺ ആത്മഹത്യ വാർത്തക്ക് പിന്നാലെ സ്വിച്ച് ഓഫ് ചെയ്യപ്പെട്ട നിലയിലായി. പോലീസിൽ ആതിര പരാതിപ്പെട്ടതിനുശേഷവും അരുൺ ആതിരയെ ഭീഷണിപ്പെടുത്തിയിരുന്നോ എന്ന സംശയത്തിനാണ് അരുണിന്റെ ആത്മഹത്യയോടെ ഉത്തരം കിട്ടാതെ പോകുന്നത്. 

സൈബർ അധിക്ഷേപവുമായി ബന്ധപ്പെട്ട് ആതിര നൽകിയ പരാതിയിൽ ഞായറാഴ്ച വൈകിട്ട് തന്നെ അന്വേഷണം തുടങ്ങിയിട്ടും പ്രതിയെ പിടികൂടാൻ കഴിയാതിരുന്നത് പൊലീസിന് ക്ഷീണമായി. കേരളത്തിന് അകത്തും പുറത്തും വിപുലമായ സംഘത്തെ നിയോഗിച്ച് അന്വേഷണം തുടരുന്നതിനിടെയായിരുന്നു അരുൺ വിദ്യാധരന്റെ ആത്മഹത്യാ വാർത്ത പൊലീസിനെ തേടിയെത്തിയത്. കുടുംബാംഗങ്ങൾ നൽകുന്ന വിവരം അനുസരിച്ച് രണ്ടു വർഷം മുമ്പാണ് ആതിര അരുണുമായുള്ള സൗഹൃദം അവസാനിപ്പിച്ചത്. അൽപ കാലത്തെ സൗഹൃദത്തിന് ഒടുവിൽ വിവാഹ ആലോചനയുമായി അരുണും കുടുംബവും ആതിരയുടെ വീട്ടിൽ എത്തിയിരുന്നു. എന്നാൽ വിശദമായ അന്വേഷണത്തിൽ അരുണിന്റെ സ്വഭാവ വൈകല്യങ്ങളും ലഹരി ഉപയോഗവും എല്ലാം വ്യക്തമായതോടെയാണ് ആ ബന്ധവുമായി മുന്നോട്ടു പോകാൻ ആതിരയും കുടുംബവും തയാറാകാതിരുന്നത്.

അങ്ങിനെ അവസാനിച്ചു എന്നു കരുതിയിടത്തു നിന്ന് അരുൺ ആതിരയുടെ ജീവിതത്തിലേക്ക് ഒരു വില്ലനെ പോലെ കടന്നു വന്നത് വെറുതെ ആയിരുന്നില്ല. മറ്റൊരു ചെറുപ്പക്കാരനുമായി ആതിരയുടെ വിവാഹം ഉറപ്പിച്ചു എന്നു മനസിലാക്കി ആയിരുന്നു ഫേസ്ബുക്കിലൂടെയുള്ള അരുണിന്റെ അപവാദ പ്രചാരണം. നല്ല മനക്കരുത്തുള്ള പെൺകുട്ടി ആയിട്ടാണ് ചുറ്റുമുള്ളവരെല്ലാം ആതിരയെ അറിഞ്ഞത്. പക്ഷേ അരുൺ നടത്തിയ സൈബർ അധിക്ഷേപത്തിൽ ആതിരയാകെ പതറിപ്പോയി. തന്നെ കുറിച്ചു മാത്രമല്ല തന്റെ പ്രിയപ്പെട്ട ചേച്ചിയുടെ ഭർത്താവായ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ആശിഷ് ദാസിനെതിരായ അരുണിന്റെ പ്രചാരണങ്ങൾ കൂടി ആയതോടെ ആതിര വല്ലാതെ പതറി. നിശ്ചയിച്ച വിവാഹം മുടങ്ങുമോ എന്ന ചിന്തയും ആതിരയുടെ മനസിനെ അലട്ടിയിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.  

കേസന്വേഷണത്തിൽ പോലീസിന് വീഴ്ചയുണ്ടായി എന്ന വിമർശനം പ്രതിപക്ഷ രാഷ്ട്രീയ സംഘടനകൾ ഉന്നയിക്കുന്നുണ്ട്. പക്ഷേ ആതിരയുടെ കുടുംബം ഈ ആരോപണം പൂർണമായി തള്ളിക്കളയുന്നു. അപ്പോഴും ചില ചോദ്യങ്ങൾ പോലീസിന് നേരെ ഉയരുന്നുണ്ട്. സൈബർ അധിക്ഷേപ പരാതി ആതിര നൽകിയതിന് പിന്നാലെ അരുണിനെ നേരിട്ട് ചെന്ന് കസ്റ്റഡിയിൽ എടുക്കുന്നതിനു പകരം ഫോണിൽ വിളിച്ച് സ്റ്റേഷനിലേക്ക് വരാൻ പറഞ്ഞത് പ്രതിക്ക് രക്ഷപെടാൻ വഴിയൊരുക്കി എന്ന പ്രതിപക്ഷ ആരോപണമാണ് അതിൽ പ്രധാനം.

Read More : അതിരപ്പിള്ളി തുമ്പൂർമുഴി വനത്തിൽ യുവതിയെ കൊന്ന് തള്ളി; സുഹൃത്ത് അറസ്റ്റിൽ
 
സൈബർ അധിക്ഷേപം എന്ന കുറ്റകൃത്യത്തിന്റെ ഇരയായി ഒരു യുവതിയുടെ ആത്മഹത്യ. ആ സംഭവത്തിന്റെ അന്വേഷണത്തിനിടെ പ്രതിസ്ഥാനത്തുള്ള യുവാവും ജീവനൊടുക്കുന്ന അസാധാരണ സാഹചര്യം. ഈ രണ്ട് ആത്മഹത്യകൾക്കും അപ്പുറം സൈബർ ഇടത്തിലെ കുറ്റകൃത്യങ്ങളോട് പ്രത്യേകിച്ച് നവ മാധ്യമങ്ങളിലൂടെ സ്ത്രീകൾക്കെതിരെ നടക്കുന്ന കടന്നു കയറ്റവുമായി ബന്ധപ്പെട്ട പരാതികളോട് ഉള്ള നമ്മുടെ നിയമ സംവിധാനത്തിന്റെയും സമൂഹത്തിന്റെയും കാഴ്ചപ്പാടിൽ മാറ്റങ്ങൾ വേണമെന്ന ഓർമപ്പെടുത്തൽ കൂടി ഇവിടെ പ്രസക്തമാണ്.

പ്രണയ ബന്ധങ്ങളിൽ നിന്നും സൗഹൃദങ്ങളിൽ നിന്നും എല്ലാമുള്ള പിൻമാറ്റം പകയായി വളരുന്ന സ്ഥിതി എങ്ങിനെ ഒഴിവാക്കാം എന്ന വലിയ ചോദ്യം ഇപ്പോഴും അവിടെ അവശേഷിക്കുകയാണ്. സർക്കാരിനോ പൊലീസിനോ കോടതികൾക്കോ മാത്രം ഇടപെട്ട് പരിഹാരം കാണേണ്ടുന്ന ഒരു പ്രശ്നമേ അല്ലത്. സമൂഹം എന്ന നിലയിൽ പ്രണയ പകയിൽ നിന്നുയരുന്ന കുറ്റകൃത്യങ്ങൾ തടയാൻ നമ്മളോരുത്തർക്കും ഉത്തരവാദിത്തമുണ്ടെന്ന ഓർമപെടുത്തൽ കൂടിയാവട്ടെ ആതിരയുടെ ജീവിതം. 

Read More : ആതിരയുടെയും അരുണിന്‍റെയും ആത്മഹത്യ; നാം ഇനിയും പഠിച്ചിട്ടില്ലാത്ത പാഠങ്ങള്‍...

Latest Videos
Follow Us:
Download App:
  • android
  • ios