'ഹൽവ അരിയുന്ന കത്തിയെടുത്തു, തർക്കം'; മടങ്ങും വഴി ആരോ തല്ലി, തെറ്റിദ്ധരിച്ച് ബേക്കറി ഉടമയ്ക്ക് ക്രൂര മർദ്ദനം
കാപ്പ ചുമത്തി നാട് കടത്തിയ തൃപ്രയാർ ഹരീഷ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചേരാനെല്ലൂരിലാണ് താമസിക്കുന്നത്. കഴിഞ്ഞ ദിവസം ബഷീറിന്‍റെ ബേക്കറിയിലെ ഹൽവ അരിയുന്ന കത്തി ഹരീഷ് എടുത്തുകൊണ്ടുപോകാൻ നോക്കിയിരുന്നു.
കൊച്ചി: എറണാകുളം ചേരാനെല്ലൂരിൽ വയോധികനുനേരെ ഗുണ്ടാ ആക്രമണം.ദിയ ബേക്കറി ഉടമ ബഷീറിനെയാണ് കാപ്പ കേസിൽ തൃശ്ശൂരിൽ നിന്ന് നാട് കടത്തിയ തൃപ്രയാർ ഹരീഷും സംഘവും ആക്രമിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽപോയ പ്രതികൾക്കെതിരെ ചേരാനെല്ലൂർ പോലീസ് അന്വേഷണം തുടങ്ങി. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് ചേരാനെല്ലൂരിലെ ദിയ ബേക്കറി ഉടമ ബഷീറിനെ ഗുണ്ടാ സംഘം വളഞ്ഞിട്ട് ആക്രമിച്ചത്.
ബഷീറിന്‍റെ മകനെ അന്വേഷിച്ചെത്തിയ സംഘം മകനെ കിട്ടാത്ത വിരോധത്തിൽ രക്ഷിതാവിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെയാണ്: കാപ്പ ചുമത്തി നാട് കടത്തിയ തൃപ്രയാർ ഹരീഷ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചേരാനെല്ലൂരിലാണ് താമസിക്കുന്നത്. കഴിഞ്ഞ ദിവസം ബഷീറിന്‍റെ ബേക്കറിയിലെ ഹൽവ അരിയുന്ന കത്തി ഹരീഷ് എടുത്തുകൊണ്ടുപോകാൻ നോക്കിയിരുന്നു. ഇത് മകൻ ചോദ്യം ചെയ്തതോടെ വാക് തക്കമുണ്ടായി.
ബേക്കറിയിലെ തർക്കം ആളുകളിടപെട്ട് ഒഴിവാക്കി. ഇത് കഴിഞ്ഞ് മടങ്ങിയ ഹരീഷ് വഴിയിൽവെച്ച് മറ്റൊരു സംഘവുമായും തർക്കമുണ്ടാകുകയും മർദ്ദനമേൽക്കുകയും ചെയ്തു. ഇതിന് പിന്നിൽ ബഷീറിന്‍റെ മകനാണെന്ന ധാരണയിലാണ് സുഹൃത്തുക്കളുമായി തിരികെയെത്തി വയോധികനെ ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ബഷീറിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തിന് പിന്നാലെ ഹരീഷും സംഘവും ഒളിവിൽപോയി. പ്രതികളെ കണ്ടെത്താൻ അന്വേഷണം തുടങ്ങിയിട്ടുണ്ട്. തൃശൂർ കാട്ടൂർ സ്റ്റേഷൻ പരിധിയിൽ 40 ലേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് തൃപ്രയാർ ഹരീഷെന്ന് പൊലീസ് പറഞ്ഞു. ഹരീഷും കൂട്ടാളിയും ബഷീറിനെ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.