കലൂരിലെ കൊലപാതകം: രണ്ടാമത്തെ അറസ്റ്റ്, മുഖ്യപ്രതികളിൽ ഒരാൾ പിടിയിൽ

രാജേഷിനെ കൊലപ്പെടുത്തിയത് ആസൂത്രിതമായല്ലെന്ന് കൊച്ചി സിറ്റി പൊലീസ് ഡിസിപി എസ് ശശിധരൻ വ്യക്തമാക്കി

Kaloor Murder main accused Abhishek John arrested

കൊച്ചി: കലൂരിൽ ഇന്നലെയുണ്ടായ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടാമത്തെ അറസ്റ്റ്. മുഖ്യപ്രതികളിൽ ഒരാളായ അഭിഷേക് ജോണാണ് പിടിയിലായത്. തിരുവനന്തപുരം അമ്പൂരി സ്വദേശിയാണ് ഇയാൾ. കൊല്ലപ്പെട്ട രാജേഷിനെയും സഹപ്രവർത്തകരെയും ആക്രമിച്ച രണ്ട് പേരിൽ ഒരാളാണ് ഇയാൾ. അഭിഷേകിന്റെ കൂട്ടാളിയായ കാസർകോട് സ്വദേശി മുഹമ്മദാണ് കേസിൽ ഒന്നാം പ്രതി. ഇയാൾ ഇപ്പോഴും ഒളിവിലാണ്. കേസിൽ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച ഒരാൾ ഇന്ന് രാവിലെ പിടിയിലായിരുന്നു.

രാജേഷിനെ കൊലപ്പെടുത്തിയത് ആസൂത്രിതമായല്ലെന്നും പെട്ടെന്നുള്ള പ്രകോപനമാണ് സംഘർഷത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്നും കൊച്ചി സിറ്റി പൊലീസ് ഡിസിപി എസ് ശശിധരൻ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം രാത്രിയാണ് കലൂരിൽ നടന്ന ഗാനമേളയ്ക്കിടയിയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചത്. ഒന്നര മാസത്തിനുള്ളിൽ കൊച്ചി നഗരമധ്യത്തിൽ നടന്ന ആറാമത്തെ കൊലപാതകമായിരുന്നു ഇത്. എറണാകുളം പള്ളുരുത്തി സ്വദേശി രാജേഷാണ് കൊല്ലപ്പെട്ടത്. കലൂർ സ്റ്റേഡിയത്തിന് സമീപം കഴിഞ്ഞ ദിവസം രാത്രി സ്വകാര്യ കമ്പനി സംഘടിപ്പിച്ച ഗാനമേളയും ലേസർഷോയുമുണ്ടായിരുന്നു. ഈ ലേസർ ഷോയിലെ ലൈറ്റ് ഓപ്പറേറ്ററായിരുന്നു കൊല്ലപ്പെട്ട രാജേഷ്. 24 വയസായിരുന്നു.

ഗാനമേളയ്ക്കിടെ, അഭിഷേക് ജോണും മുഹമ്മദും പരിപാടി കാണാനെത്തിയ പെൺകുട്ടിയോട് അപമര്യാദമായായി പെരുമാറിയതാണ് സംഭവങ്ങളുടെ തുടക്കം. ഇത് സംഘടകർ ചോദ്യം ചെയ്തു. രാജേഷ് അടക്കമുള്ളവർ ചേർന്ന് പ്രശ്നമുണ്ടാക്കിയ രണ്ട് പേരെയും ഗാനമേള കാണുന്നത് വിലക്കി. ഇതിൽ അമർഷം പൂണ്ട പ്രതികൾ പരിപാടി കഴിഞ്ഞ ശേഷം തിരിച്ചെത്തി സംഘാടകരെ ആക്രമിക്കുകയായിരുന്നു. അഭിഷേക് ജോൺ കല്ലുകൊണ്ട്  തലയ്ക്കടിയ്ക്കാൻ ശ്രമിച്ചത് രാജേഷിന്‍റെ സുഹൃത്തുക്കൾ തടഞ്ഞു. ഈ സമയം മുപ്പത് വയസ് പ്രായം തോന്നിക്കുന്ന താടിയുള്ള ഒന്നാം പ്രതി കയ്യിൽ കരുതിയിരുന്ന മൂർച്ചയുള്ള കത്തികൊണ്ട് രാജേഷിനെ തുരുതുരാ കുത്തിയെന്നാണ് ദൃക്സാക്ഷി മൊഴി. അഭിഷേകിന്റെ ഒപ്പമുണ്ടായിരുന്ന മുഹമ്മദാണ് ഇതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. രാജേഷിനെ സുഹൃത്തുക്കൾ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആക്രമണത്തിന് ശേഷം പ്രതികൾ ഓടിരക്ഷപ്പെട്ടു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു.

ചിത്രത്തിൽ : ഒളിവിൽ കഴിയുന്ന മുഖ്യപ്രതി മുഹമ്മദ്

Latest Videos
Follow Us:
Download App:
  • android
  • ios