ഇസ്രായേൽ വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസ്; പ്രധാന പ്രതി പിടിയിൽ

2010 ൽ കെയർ ടേക്കർ വിസയിൽ ഇസ്രായേലിൽ എത്തിയ അനിൽ കുമാർ നടേശൻ 2016 ൽ വിസാ കാലാവധി അവസാനിച്ച ശേഷം അനധികൃതമായി തങ്ങുകയും അവിടെ ജോലി വാഗ്ദാനം ചെയ്ത് വിവിധ ജില്ലകളിൽ നിന്ന് പണം തട്ടുകയുമാണ് ചെയ്തത്.  

israel visa fraud case accused arrested in kochi nbu

കൊച്ചി: എറണാകുളം കോലഞ്ചേരി സ്വദേശിനിയെ പണം തട്ടിയെടുത്ത് കബളിപ്പിച്ച കേസിൽ പ്രധാന പ്രതി പിടിയിൽ. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി അനിൽ കുമാർ നടേശനെയാണ് എറണാകുളം പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്. 

ഇസ്രായേലിലേക്ക് വിസ തരപ്പെടുത്തിതരാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ആറ് ലക്ഷത്തി ഇരുപത്തിയൊമ്പതിനായിരം രൂപയാണ് അനില്‍ കുമാര്‍ തട്ടിയെടുത്തത്. പരാതിയായതോടെ ഒരു വർഷമായി ഒളിവിലായിരുന്നു. പ്രത്യേക അന്വേഷണ സംഘം വരാപ്പുഴയിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. അന്വേഷണത്തില്‍ സമാന തട്ടിപ്പില്‍ ഇരുപതിലേറെ പേർക്ക് പണം നഷ്ടമായിട്ടുണ്ടെന്നാണ് പ്രാഥമിക ഘട്ടത്തിൽ ലഭിക്കുന്ന വിവരം. 2010 ൽ കെയർ ടേക്കർ വിസയിൽ ഇസ്രായേലിൽ എത്തിയ അനിൽ കുമാർ നടേശൻ 2016 ൽ വിസാ കാലാവധി അവസാനിച്ച ശേഷം അനധികൃതമായി തങ്ങുകയും അവിടെ ജോലി വാഗ്ദാനം ചെയ്ത് വിവിധ ജില്ലകളിൽ നിന്ന് പണം തട്ടുകയുമാണ് ചെയ്തത്. 

വിസ ആവശ്യമുള്ളവരെ നാട്ടിലുള്ള സുഹൃത്തുക്കൾ വഴിയാണ് അനില്‍ കുമാര്‍ കണ്ടെത്തിയിരുന്നത്. തുടർന്ന് വിസയ്ക്കുള്ള തുക ഒപ്പം ഇസ്രായേലിൽ ജോലി ചെയ്തിരുന്ന ആളുകളുടെ അക്കൗണ്ടിലേക്ക് അയപ്പിക്കും. ഇസ്രായേലിൽ അനധികൃതമായി താമസിച്ചതിന് പ്രതി രണ്ട് പ്രാവശ്യം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. അവിടെ വച്ച് പരിചയപ്പെട്ട വരാപ്പുഴ സ്വദേശിനിയ വിവാഹം കഴിച്ച ശേഷം 2021 ൽ ഇന്ത്യയിലേക്ക് തിരികെയെത്തി. ഇയാൾ വ്യാജ വിലാസത്തിൽ വരാപ്പുഴ താമസിക്കുകയായിരുന്നു. പുതിയ പാസ്പോർട്ട് സംഘടിപ്പിച്ച് ഇസ്രായേലിലേക്ക് തിരികെ പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് പൊലീസ് പിടിയിലായത്. കണ്ണൂർ, പാലക്കാട്, ഇടുക്കി, എറണാകുളം റൂറൽ എന്നിവിടങ്ങളിൽ അനില്‍ കുമാറിനെതിരെ കേസുകളുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios