രേഖകളിൽ കൃത്രിമം കാണിച്ച് 2500 രൂപ കൈക്കലാക്കി; കൃഷി ഓഫീസർക്ക് 3 വർഷം കഠിന തടവ്, 20,000 രൂപ പിഴയും
അഞ്ച് കൃഷിക്കാർക്കുള്ള വിത്തുകളും, കാർഷിക ഉപകരണങ്ങളും വിതരണം ചെയ്യാതെ രേഖകളിൽ കൃത്രിമം കാണിച്ചാണ് പളനി പണം തട്ടിയത്.
ഇടുക്കി: രേഖകളില്‍ കൃത്രിമം കാണിച്ച് പണം തട്ടിയെടുത്ത കൃഷി ഓഫീസര്‍ക്ക് തടവ് ശിക്ഷ വിധിച്ച് വിജിലൻസ് കോടതി. ഇടുക്കി കാന്തല്ലൂർ കൃഷി ഓഫീസറായിരുന്ന പി. പളനിയെ ആണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്ജി എൻ.വി രാജു മൂന്ന് വർഷം കഠിന തടവും 20,000 രൂപ പിഴയും വിധിച്ചത്. സർക്കാരിന്‍റെ സ്പെഷ്യൽ കൂൾ സീസൺ വെജിറ്റബിൾ പ്രോഗ്രാമുമായി ബന്ധപ്പെട്ട് അഞ്ച് കൃഷിക്കാർക്കുള്ള വിത്തുകളും, കാർഷിക ഉപകരണങ്ങളും വിതരണം ചെയ്യാതെ രേഖകളിൽ കൃത്രിമം കാണിച്ചാണ് പളനി പണം തട്ടിയത്.
ഇടുക്കി മുൻ വിജിലൻസ് ഡി.വൈ.എസ്.പി കെ. വി. ജോസഫ് രജിസ്റ്റർ ചെയ്ത കേസ്സിലാണ് ഇന്ന് ശിക്ഷ വിധിച്ചത്. ഇടുക്കി മുൻ വിജിലൻസ് ഇൻസ്പെക്ടർമാരായ എ. സി. ജോസഫ്, ജിൽസൺ മാത്യു എന്നിവരാണ് കേസിൽ അന്വേഷണം നടത്തിയത്. ഇടുക്കി മുൻ വിജിലൻസ് ഡി.വൈ.എസ്.പി പി. റ്റി. കൃഷ്ണൻകുട്ടി കുറ്റപത്രം സമർപ്പിച്ച കേസ്സിൽ പ്രതിയായ പി. പളനി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ സരിത വി. എ ഹാജരായി.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ ടി. കെ . വിനോദ് കുമാർ. ഐ.പി.എസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.
Read More : ചുമ മരുന്ന് കഴിച്ച് വൃക്ക തകരാറായി മരിച്ചത് 200 കുട്ടികള്‍, ഒടുവിൽ കഫ് സിറപ്പ് കമ്പനി ഉടമ അഴിക്കുള്ളിൽ