ഭാര്യയുടെ ലിവ് ഇൻ പാർട്ട്ണർക്കും സുഹൃത്തിനും നേരെ ഭർത്താവ് ആസിഡ് എറിഞ്ഞു, ഗുരുതര പരിക്ക്
ഉത്തം രജ്പുത്തിന്റെ ഭാര്യയായ സഞ്ജു എന്ന യുവതി കേർ സിങ് രാജ്പുത്തുമായി അടുപ്പത്തിലായിരുന്നു. ഭർത്താവിനെ ഉപേക്ഷിച്ച് കേർ സിങ്ങിനൊപ്പമായിരുന്നു സഞ്ജു താമസിച്ചത്.
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ ഭാര്യയുടെ ലിവ് ഇൻ പാർട്ട്ണർക്ക് നേരെ ഭർത്താവായ യുവാവ് ആസിഡെറിഞ്ഞു. തന്റെ സഹായികൾക്കൊപ്പമെത്തിയാണ് 34 കാരനായ ഭർത്താവ് ഭാര്യയുടെ കാമുകനും സുഹൃത്തിനും നേരെ ആസിഡ് എറിഞ്ഞത്. സംഭവത്തിൽ നികോൽ സ്വദേശിയായ ഉത്തം രജ്പുത്ത് അറസ്റ്റിലായി. 24കാരനായ കേർ സിങ് രജ്പുത്ത് എന്നയാൾക്കാണ് പരിക്കേറ്റത്. ഇയാളുടെ സുഹൃത്ത് കൈലാഷിനും ആസിഡേറിൽ പരിക്കേറ്റു. ഇരുവരും സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു.
ഉത്തം രജ്പുത്തിന്റെ ഭാര്യയായ സഞ്ജു എന്ന യുവതി കേർ സിങ് രാജ്പുത്തുമായി അടുപ്പത്തിലായിരുന്നു. ഭർത്താവിനെ ഉപേക്ഷിച്ച് കേർ സിങ്ങിനൊപ്പമായിരുന്നു സഞ്ജു താമസിച്ചത്. കേർ സിങ്ങും സുഹൃത്ത് കൈലാഷ് മാലിയും ശനിയാഴ്ച രാത്രി സ്‌കൂട്ടറിൽ വീട്ടിലേക്ക് പോകുമ്പോൾ മോട്ടോർ സൈക്കിളിൽ എത്തിയ മൂന്ന് പേർ ഇവരെ പിന്തുടർന്ന് തടഞ്ഞു നിർത്തി ആസിഡ് എറിയുകയായിരുന്നു. ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ മുഖത്ത് പൊള്ളലേറ്റില്ല. നെഞ്ചിലും കൈകളിലും തോളിലും പൊള്ളലേറ്റു.
ഉടൻ സിവിൽ ഹോസ്പിറ്റലിൽ എത്തിച്ച് ചികിത്സ നൽകി. ഒധവ് പൊലീസ് ഉത്തമിനെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ മൂന്ന് പേർ ഒളിവിലാണ്.