പൊലീസെത്തുമ്പോള്‍ സ്വാമി വേഷത്തിൽ, സിഗ്നല്‍ കേട്ട് ഓടി രക്ഷപ്പെടാന്‍ ശ്രമം; റാണയെ പൊക്കിയത് ഇങ്ങനെ...
അതിഥി തൊഴിലാളിയ്ക്കൊപ്പം ക്വാറിയിലെ ഷെഡ്ഡില്‍ കഴിഞ്ഞിരുന്ന റാണയ്ക്ക് പൊലീസിനെ കണ്ട് അനുയായികള്‍ സിഗ്നല്‍ നല്‍കി. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.
കൊച്ചി: കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങിയ പ്രവീൺ റാണ എന്ന കെ.പി. പ്രവീണിനെ പൊലീസ് പിടികൂടിയത് സ്വാമി വേൽത്തില്‍ ക്വാറിയില്‍ ഒളിവില്‍ കഴിയവേ. ആരും തിരിച്ചറിയാതിരിക്കാന്‍ വസ്ത്രധാരണത്തിലടക്കം അടിമുടി മാറി, തന്ത്രപരമായാണ് പ്രതി ഒളിവില്‍ കഴിഞ്ഞതെന്ന് പൊലീസ് പറയുന്നു. അപായ സിഗ്നല്‍ അറിയിക്കാന്‍ അനുചരരെ ചുമതലപ്പെടുത്തി ജാഗ്രതയോടെ കഴിഞ്ഞിരുന്ന തട്ടിപ്പ് വീരനെ കുടുക്കിയത് പൊലീസിന്‍റെ പഴുതടച്ചുള്ള നീക്കമാണ്. പൊള്ളാച്ചിയിലെ ക്വാറിയിൽ പൊലീസെത്തുമ്പോൾ ഷെഡ്ഡിലെ കയറ് കട്ടിലിൽ സ്വാമി വേഷത്തിൽ കിടക്കുകയായിരുന്നു റാണ.
കഴിഞ്ഞ ഏഴിന് കൊച്ചിയിൽ നിന്ന് വെട്ടിച്ച് കടന്നതിന് പിന്നാലെ റാണയ്ക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിരുന്നു. ബന്ധുക്കളെയും സുഹൃത്തുക്കളെയും നിരീക്ഷണത്തിലാക്കിയും ഇവരുടെ ഫോൺ വിളികൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവുമാണ് പൊലീസിനെ റാണയിലേക്കെത്തിച്ചത്. അതിഥി തൊഴിലാളിയ്ക്കൊപ്പം ക്വാറിയിലെ ഷെഡ്ഡില്‍ കഴിഞ്ഞിരുന്ന റാണയ്ക്ക് പൊലീസിനെ കണ്ട് അനുയായികള്‍ സിഗ്നല്‍ നല്‍കി. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.
നിക്ഷേപകർക്കിടയിൽ ആഡംബരത്തിന്‍റെ അവസാന വാക്കായിരുന്ന പ്രവീൺ റാണ വീണ്ടും തൃശൂരിലെത്തിയത് ഉടുതുണിയ്ക്ക് മറുതുണിയില്ലാതെയാണ്. കേസുകൾ മുറുകുന്നു എന്ന് വ്യക്തമായതോടെ റാണ ആദ്യം കൊച്ചിയിലേക്ക് കടന്നു. ഇവിടെ സുഹൃത്തിന്‍റെ ഫ്ലാറ്റിൽ കഴിയവേ പൊലീസ് എത്തിയെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെട്ടോടി. നേരെ അങ്കമാലിയിലെത്തി സുഹൃത്തുക്കളോട് സഹായം തേടി. ആരും തിരിഞ്ഞ് നോക്കിയില്ല. തുടർന്ന് ബന്ധുവായ പ്രതീഷിനെയും സഹായി നവാസിനെയും വിളിച്ച് വരുത്തി. മൂന്ന് അനുചരന്മാർക്കൊപ്പം എത്തിയ ഇവരുടെ കൂടെ പ്രതീഷിൻ്റെ കാറിൽ റാണ കോയമ്പത്തൂർക്ക് പോയി.
കയ്യിൽ പണമൊന്നും ഇല്ലാതിരുന്നതിനാൽ വിവാഹ മോതിരം 75000 രൂപയ്ക്ക് കോയമ്പത്തുരിൽ വിറ്റു. കാറിൽ ഡീസലടിച്ച് കൊച്ചിയിലെ അഭിഭാഷകനായ സുഹൃത്ത് ഏർപ്പാടാക്കിയ പൊള്ളാച്ചി ദേവരായപുരത്തെ ക്വാറിയിലെ ഒളിയിടത്തിലേക്ക്. ഇവിടെ അതിഥി തൊഴിലാളിയ്ക്കൊപ്പം ഷെഡ്ഡിലായിരുന്നു താമസം. നവാസ് കാവൽ നിന്നപ്പോൾ ബാക്കിയുള്ളവർ നാട്ടിലേക്ക് തിരികെപ്പോയി. മറ്റാരും സംശയിക്കാതിരിക്കാൻ റാണ കറുപ്പണിഞ്ഞ് സ്വാമി വേഷത്തിലേക്ക് മാറി. ഇതിനിടെ അതിഥി തൊഴിലാളിയുടെ ഫോണിൽ നിന്ന് ഭാര്യയെ വിളിച്ചത് അന്വേഷണത്തിൽ നിർണായമായി.
Read More : റാണയുടെ അക്കൗണ്ട് കാലി, പണത്തിനായി വിവാഹമോതിരം വിറ്റു; ഒളിവിൽ കഴിഞ്ഞ ക്വാറിയുടെ ചിത്രങ്ങൾ പുറത്ത്
ബന്ധുക്കളുടെ ഫോണുകളെല്ലാം നിരീക്ഷണത്തിലായിരുന്നതിനാൽ ടവർ ലൊക്കേഷൻ പിന്തുടർന്ന് പൊലീസ് പൊള്ളാച്ചി ദേവരാപുരത്തെത്തി. പൊലീസിനെ കണ്ട നവാസ് സിഗ്നൽ നൽകിയതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച റാണയെ ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്. നേരെ തൃശൂരിലേക്ക് കൊണ്ടുവന്ന റാണയ്ക്ക് പൊലീസാണ് ഉടുത്ത് മാറാൻ വസ്ത്രങ്ങൾ വാങ്ങി നൽകിയത്. കൈയ്യിൽ പണമില്ലെന്ന് റാണ പറയുമ്പോൾ തട്ടിച്ചെടുത്ത 150 കോടി രൂപ എവിടെയെന്നാണ് പൊലീസ് തേടുന്നത്.