ഹിമാലയ സംഘം പ്രതികൾ; വയര്‍ കീറി കുടൽ പുറത്തിട്ട് മുറിവിൽ മണലിട്ടു; 22 വര്‍ഷം പിന്നിട്ട കേസിൽ 6 പേര്‍ക്ക് ശിക്ഷ

ഹിമാലയ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ മാനേജരെ ആക്രമിച്ചതിലെ പകവീട്ടാൻ വേണ്ടി ഗുണ്ടകളെ വാടകയ്ക്ക് എടുത്ത് നടത്തിയ ആക്രമണത്തിൽ ആള് മാറിയാണ് 3 പേരെ വെട്ടിയത്

Himalaya group north paravur attack case court acquitted 5 jailed 6 kgn

കൊച്ചി: ഹിമാലയ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജര്‍മാരും പാര്‍ട്ണര്‍മാരും പ്രതികളായ 22 വര്‍ഷം മുൻപ് നടന്ന ആക്രമണ കേസിൽ, ആറ് പ്രതികളെ കോടതി ശിക്ഷിച്ചു. ആള് മാറി ആക്രമിച്ച്  മാരകമായി പരിക്കേൽപ്പിച്ച കേസിൽ അഞ്ചാം പ്രതി  ചെറായി ഊട്ടുപുരക്കൽ  പ്രദീപ്, ഒമ്പതാം പ്രതി എങ്ങണ്ടിയൂർ  തുണ്ടിയിൽ ഷിബി (29), 12ാം പ്രതി പറവൂർ വെടിമറ കാഞ്ഞിരപറമ്പ് സുബൈറുദ്ദീൻ, 15ാം പ്രതി ഏറ്റുമാനൂർ, വെടി മുഗൾ സുമിൻ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. റെക്സൺ ,കൃഷ്ണൻ, വിനീഷ് എന്നീ മൂന്ന് സുഹൃത്തുക്കളെയാണ് ചെറായി സ്വദേശികളായ സായ്‌ദാസ്, സോമദാസ്, കൃഷ്ണൻ എന്നിവരാണെന്ന് തെറ്റിദ്ധരിച്ച് ആക്രമിച്ചത്. 

നാല് പ്രതികൾക്ക് പത്തു വർഷം കഠിനതടവും 35,000 രൂപ പിഴയുമാണ്  എറണാകുളം അഡീഷണൽ സെഷൻസ് കോടതി ജഡ്ജ്  പി.കെ മോഹൻദാസ് ശിക്ഷ വിധിച്ചത്. 14ാം പ്രതി പാലക്കാട് കൽക്കണ്ടി സ്വദേശി ടോമി, 15ാം പ്രതി ഏറ്റുമാനൂര്‍ സ്വദേശി സണ്ണി എന്നിവരെ ശിക്ഷിച്ചെങ്കിലും വിചാരണ കാലയളവിലെ ജയിൽവാസം ശിക്ഷാ കാലമായി കോടതി കണക്കാക്കി. അഡ്വ. അഭിലാഷ് അക്ബറായിരുന്നു കേസിലെ പബ്ലിക് പ്രൊസിക്യൂട്ടര്‍.

ഹിമാലയ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ മാനേജറായിരുന്ന ദിലീപ് കുമാറിനെ ആക്രമിച്ചതിലെ പകവീട്ടാൻ വേണ്ടി ഗുണ്ടകളെ വാടകയ്ക്ക് എടുത്ത് നടത്തിയ ആക്രമണത്തിൽ ആള് മാറിയാണ് മൂന്ന് പേരെ മാരകമായി പരിക്കേൽപ്പിച്ചത്. നോര്‍ത്ത് പറവൂര്‍ കെഎംകെ ജങ്ഷനിലെ ഹോട്ടലിൽ 2002 ജൂലൈ ആറിന് വൈകിട്ടായിരുന്നു സംഭവം. അക്രമി സംഘം വിനീഷിന്റെ വയറുകീറി കുടൽമാല പുറത്തിട്ട് മുറിവിൽ മണലിട്ടുവെന്നാണ് പ്രൊസിക്യൂഷൻ വാദിച്ചത്.

ആക്രമണത്തിന് ഇരയായ മൂന്ന് പേരും ദിവസങ്ങളോളം ആശുപത്രിയിൽ കഴിഞ്ഞ ശേഷമാണ് രോഗമുക്തി നേടിയത്. ആകെ 17 പ്രതികളുണ്ടായിരുന്ന കേസിൽ നാല് പ്രതികൾ വിചാരണക്കിടെ മരിച്ചു. മൂന്ന് പേര്‍ ഒളിവിലായതിനാൽ ഇവര്‍ക്കെതിരായ ആരോപണങ്ങൾ കോടതി പരിഗണിച്ചില്ല. മറ്റ് പ്രതികളിൽ നാല് പേരെ കോടതി വെറുതെ വിട്ടു. ആറ് പ്രതികളെയാണ് ശിക്ഷിച്ചത്.

ഹിമാലയ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ പാര്‍ട്ണര്‍മാരും മാനേജര്‍മാരുമായിരുന്ന ഒന്ന് മുതൽ അഞ്ച് വരെയുള്ള പ്രതികളിൽ നാല് പേരെയും കോടതി വെറുതെ വിട്ടു. അഞ്ചാം പ്രതി ചെറായി സ്വദേശി പ്രദീപിനെയാണ് കോടതി ശിക്ഷിച്ചത്. ഐപിസി 143, 147, 148, 447, 324, 326, 307, 149 വകുപ്പുകളാണ് പ്രദീപിനും ഷിബി, സുബൈറുദ്ദീൻ, സുമിൻ എന്നിവര്‍ക്കുമെതിരെ തെളിഞ്ഞത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

Latest Videos
Follow Us:
Download App:
  • android
  • ios