കാൽ ലക്ഷം രൂപ വിലയുള്ള കഞ്ചാവ്, എത്തിച്ചത് പശ്ചിമബംഗാളിൽ നിന്ന്; ഒരാൾ പിടിയിൽ
കലവൂരിൽ വാടകയ്ക്ക് താമസിച്ചുവരുന്ന ഒരു ആസാം സ്വദേശിക്ക് നൽകാൻ പശ്ചിമബംഗാളിൽ നിന്നും കൊണ്ടുവന്നതായിരുന്നു കഞ്ചാവ്. എന്നാൽ പ്രതി അറസ്റ്റിലായി വിവരം അറിഞ്ഞ് ആസാം സ്വദേശി വീട് ഒഴിഞ്ഞു പോയതിനാൽ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
ചേർത്തല : കാൽ ലക്ഷം രൂപ വിലയുള്ള കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശി എക്സൈസിന്റെ പിടിയിലായി. പശ്ചിമബംഗാൾ സൗത്ത് ദിനജ് പൂർ ജില്ലയിൽ രഞ്ജിത്ത് സർക്കാർ ( 24 ) ആണ് ഒരു കിലോ 350 ഗ്രാം കഞ്ചാവുമായി പിടിയിലായത്. കലവൂരിൽ വാടകയ്ക്ക് താമസിച്ചുവരുന്ന ഒരു ആസാം സ്വദേശിക്ക് നൽകാൻ പശ്ചിമബംഗാളിൽ നിന്നും കൊണ്ടുവന്നതായിരുന്നു കഞ്ചാവ്. എന്നാൽ പ്രതി അറസ്റ്റിലായി വിവരം അറിഞ്ഞ് ആസാം സ്വദേശി വീട് ഒഴിഞ്ഞു പോയതിനാൽ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളിലായി എറണാകുളം കേന്ദ്രീകരിച്ച ആലപ്പുഴയ്ക്ക് കഞ്ചാവ് കടത്തുന്ന നിരവധി പേരെ ചേർത്തല എക്സൈസ് പാർട്ടി പിടികൂടിയിരുന്നു. ഇവരിൽ നിന്നും ലഭിച്ച രഹസ്യ വിവരത്തിൽ അന്യസംസ്ഥാന തൊഴിലാളികളും കഞ്ചാവ് കടത്തുന്നതായി വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വഷണത്തിലായിരുന്നു രഞ്ചിത്ത് സർക്കാരിനെ പിടികൂടിയത്. പ്രതിയെ റിമാന്റ് ചെയ്തു. റേഞ്ച് എക്‌സൈസ് ഇൻസ്പെക്ടർ വി ജെ റോയിയുടെ നേതൃത്വത്തിൽ സിവിൽ എക്‌സൈസ് ഓഫീസർ മാരായ ബിയാസ് ബിഎം, പി എ അനിൽകുമാർ , പ്രിവന്റി ഓഫീസർമാരായഷിബു പി ബെഞ്ചിൽ, ഡി മായാജി, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ എൻ ബാബു , എക്‌സൈസ് സൈബർ ടീം അംഗങ്ങൾ ആയ വർഗീസ് പയസ്, അൻഷാദ് എന്നിവരും അന്വഷണ സംഘത്തിലുണ്ടായിരുന്നു.
അതിനിടെ, തിരുവനന്തപുരത്ത് കടയ്ക്കാവൂരിൽ ഇന്ന് വൻ ലഹരി വേട്ട നടന്നു. അന്താഷ്ട്ര വിപണിയിൽ ഒരു കോടിയോളം വിലവരുന്ന എംഡിഎംഎയാണ് പിടികൂടിയതെന്ന് റൂറൽ എസ്പി ഡി.ശിൽപ്പ പറഞ്ഞു. ലഹരിക്കേസുകളിൽ പ്രതിയായവരുടെ സ്വത്തു കണ്ടുകെട്ടാൻ നടപടി സ്വീകരിക്കുമെന്നും റൂറൽ എസ്പി പറഞ്ഞു.
ബംഗല്ലരൂവിൽ നിന്നും വർക്കലയിലെ കോളജ് -സ്കൂള്‍ വിദ്യാർത്ഥികള്‍ക്ക് വിൽക്കാനായി കൊണ്ടുവന്ന 310 ഗ്രാം എംഡിഎംഎയാണ് റൂറൽ ഡാൻസാഫ് ടീം പിടികൂടിയത്. ലഹരിവിരുദ്ധ പരിപാടിയായ യോദ്ധാവിൽ ലഭിച്ച രഹസ്യ വിവരത്തിൻെറ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ചിറയിൻകീഴ് സ്വദേശി ശബരിനാഥ്, അയിരൂർ സ്വദേശി നിഷാൻ എന്നിവരെയാണ് പിടികൂടിയത്. നേരത്തെ നിരവധിക്കേസുകളിൽ പ്രതിയായ ശബരിനാഥാണ് ബംഗല്ലൂരിൽ നിന്നും ലഹരിമരുന്ന് വാങ്ങിയെത്തിച്ചത്. ശബരിനാഥിൻെറ സ്വത്തുകണ്ടെത്തുമെന്ന് റൂറൽ എസ്പി പറഞ്ഞു. ലഹരിക്കേസിലെ പ്രതികള്‍ക്കെതിരെ കാപ്പ ചുമത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും റൂറൽ എസ്പി അറിയിച്ചു.
Read Also: സഹോദരന്റെ കാമുകിയെ ഭീഷണിപ്പെടുത്തി പീഡനം, പോക്സോ കേസ്; മൂന്ന് പേർ പിടിയിൽ