വിലങ്ങണിയിക്കവെ അപ്രതീക്ഷിത ആക്രമണം, പൊലീസുകാർക്ക് പരിക്ക്; കഞ്ചാവ് കേസിലെ പ്രതിയായ യുവാവും ഭാര്യയും അറസ്റ്റിൽ
നിഫാലിനെ വിലങ്ങണിയിച്ച് കസ്റ്റഡിയിൽ എടുക്കാൻ ശ്രമിക്കുന്നതിനിടെയുണ്ടായ ആക്രമണത്തിൽ സിവിൽ പോലീസ് ഓഫിസറുടെ നെറ്റി പൊട്ടി.
കൊല്ലം: കടയ്ക്കലിൽ കഞ്ചാവ് വിൽപ്പനക്കാരന്‍റെ ആക്രമണത്തിൽ പൊലീസുകാർക്ക് പരിക്ക്. കടയ്ക്കൽ എസ്ഐ ജ്യോതിഷിനും സിവിൽ പൊലീസ് ഓഫിസർ അഭിലാഷിനുമാണ് പരിക്കേറ്റത്. കഞ്ചാവ് കേസിലെ പ്രതി പൊലീസ്മുക്ക് സ്വദേശി നിഫാലും ഭാര്യയുമാണ് ആക്രമിച്ചത്. നിഫാലിനെ വിലങ്ങണിയിച്ച് കസ്റ്റഡിയിൽ എടുക്കാൻ ശ്രമിക്കുന്നതിനിടെയുണ്ടായ ആക്രമണത്തിൽ സിവിൽ പോലീസ് ഓഫിസറുടെ നെറ്റി പൊട്ടി. ആക്രമണം തടഞ്ഞ എസ്ഐയുടെ തലയ്ക്കടിച്ചും പരിക്കേൽപ്പിച്ചു. ഇവരെ താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിൽസ നൽകിയ ശേഷം വിട്ടയച്ചു. സിപിഒ അഭിലാഷിന്റെ നെറ്റിയിൽ മൂന്ന് തുന്നലുണ്ട്.
പുലർച്ചെ കടയ്ക്കൽ പുനയത്ത് കഞ്ചാവ് വില്‍പ്പന നടത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്ഐ ജ്യോതിഷും സംഘവും എത്തുമ്പോൾ ഒന്നര കിലോയോളം കഞ്ചാവുമായി ആനകുട്ടൻ എന്ന് വിളിക്കുന്ന സജികുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിലാണ് പോലീസ് മുക്ക് സ്വദേശി നിഫാനാണ് കഞ്ചാവ് നൽകിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞത്. ഇതിന് ശേഷമാണ് പൊലീസ് നിഫാലിന്റെ വീട്ടിലെത്തുന്നത്. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.