'അരി വാങ്ങാൻ വന്നതാണ് സാറേ...': കുറ്റം നിഷേധിച്ച് കണ്ണേറ്റുമുക്കിൽ കഞ്ചാവുമായി പിടിയിലായ മുൻ എസ്എഫ്ഐ നേതാവ്
കുടുംബമായി യാത്ര പോകാനെന്ന വ്യാജേന വാടകയ്ക്ക് എടുത്ത ഇന്നോവ കാർ നിർത്താതെ 1300 കിലോമീറ്റർ ഓടിയത്, കാറിന്റെ ഉടമ ജിപിഎസ് ട്രാക്കർ വഴി മനസിലാക്കി
തിരുവനന്തപുരം: കണ്ണേറ്റുമുക്കിൽ 100 കിലോയോളം വരുന്ന കഞ്ചാവുമായി പിടിയിലായ പ്രതികളിലൊരാൾ കുറ്റം നിഷേധിച്ചു. താൻ ജഗതിയിൽ വാടകയ്ക്ക് താമസിക്കുന്നയാളാണെന്നും മുൻ എസ്എഫ്ഐ നേതാവായിരുന്നുവെന്നും പിടിയിലായ അഖിൽ എക്സൈസ് ഉദ്യോഗസ്ഥരോടും നാട്ടുകാരോടും ആവർത്തിച്ച് പറഞ്ഞു. നെയ്യാറ്റിൻകര സ്വദേശിയായ അഖിലിനെ പ്രതികൾക്കൊപ്പം എക്സൈസുകാരാണ് പിടികൂടിയത്. നാട്ടുകാരോടും ഉദ്യോഗസ്ഥരോടും ആവർത്തിച്ച് കുറ്റം നിഷേധിച്ച അഖിലിനോട്, പറയാനുള്ളത് മുഴുവൻ കേൾക്കാമെന്നും തത്കാലം മിണ്ടാതിരിക്കണമെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.
വഞ്ചിയൂർ സംസ്കൃത സെന്ററിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായിരുന്നു താനെന്നാണ് അഖിൽ പറയുന്നത്. 2019 ൽ സെക്രട്ടറിയായിരുന്നുവെന്നും നെയ്യാറ്റിൻകര സ്വദേശിയായ താൻ ജഗതിയിൽ വാടകയ്ക്ക് താമസിക്കുകയാണെന്നും അഖിൽ പറയുന്നു. സ്ഥിരമായി വരുന്ന കടയിൽ രാവിലെ അരി വാങ്ങാൻ വന്നതാണെന്നും മറ്റ് പ്രതികളെ തനിക്ക് അറിയില്ലെന്നും അഖിൽ പറഞ്ഞു.
കണ്ണേറ്റുമുക്കിൽ വെച്ച് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് വൻ കഞ്ചാവ് കടത്ത് തടഞ്ഞത്. അഖിലടക്കം നാല് പേരാണ് പിടിയിലായത്. ഇവരിൽ മൂന്ന് പേരെ എക്സൈസ് സംഘവും ഓടിരക്ഷപ്പെടാൻ ശ്രമിച്ചയാളെ നാട്ടുകാരും പിടികൂടുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന സ്ത്രീ ഓടി രക്ഷപ്പെട്ടെന്നാണ് വിവരം.
കുടുംബമായി യാത്ര പോകാനെന്ന വ്യാജേന വാടകയ്ക്ക് എടുത്ത ഇന്നോവ കാർ നിർത്താതെ 1300 കിലോമീറ്റർ ഓടിയത്, കാറിന്റെ ഉടമ ജിപിഎസ് ട്രാക്കർ വഴി മനസിലാക്കി. ഇദ്ദേഹം ആന്ധ്രയിലേക്ക് പോയ വാഹനത്തെ കുറിച്ച് എക്സൈസ് സംഘത്തെ അറിയിച്ചു. വാഹനം പിന്തുടർന്ന എക്സൈസ് സംഘം കണ്ണേറ്റുമുക്കിൽ വെച്ച് ഇവരെ പിടികൂടി. വാഹനം കൈമാറുന്നതിനിടെയാണ് സംഘം പിടിയിലായതെന്നാണ് വിവരം. കഞ്ചാവ് സ്ഥലത്ത് വെച്ച് തന്നെ അളന്നുതൂക്കി.