8ാം ക്ലാസ് സർട്ടിഫിക്കറ്റുമായി പൊലീസിൽ, ഗാംങ്സ്റ്റർ സർക്കാരിനെ പറ്റിച്ചത് 35 കൊല്ലം, വീട്ടുകാർ ഒറ്റി, കുടുങ്ങി
ഗാംങ്സ്റ്റർ ആക്ടിൽ പൊലീസ് തേടുന്ന പ്രതി വ്യാജരേഖയുമായി പൊലീസിൽ ചേർന്നു. സർക്കാരിനെ പറ്റിച്ചത് 35 വർഷം. പിടിയിലായത് വീട്ടുകാർ ഒറ്റിയതോടെ
ലക്നൌ: വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കിയുള്ള മര്യാദ രാമനായ ഹോം ഗാർഡ് 35 വർഷം ജീവിച്ചത് സർക്കാരിനേയും പൊലീസിനേയും പറ്റിച്ച്. അയൽവാസിയുമായി ബന്ധുവിന്റെ തർക്കത്തിനിടെയാണ് 57കാരന്റെ ഇരട്ടമുഖം പുറത്ത് വന്നത്. ഉറ്റബന്ധു പൊലീസിന് ഒറ്റിയതിന് പിന്നാലെ ഉദ്യോഗസ്ഥനെ കയ്യോടെ പൊക്കി പൊലീസ്. ഉത്തർ പ്രദേശിലെ അസംഗഡിലാണ് സംഭവം. നന്ദലാൽ യാദവ് എന്ന ഹോംഗാർഡിന്റെ മുഖം മൂടിയാണ് വ്യാഴാഴ്ച പൊളിഞ്ഞത്. നാക്കഡു യാദവ് എന്ന ഗുണ്ടയാണ് നന്ദലാൽ എന്ന് ഡിപ്പാർട്ട്മെന്റ് തിരിച്ചറിയുന്നത് ഏതാനും ദിവസങ്ങൾക്ക് മുൻപ് മാത്രമാണ്.
പൊലീസ് ഉദ്യോഗസ്ഥർക്ക് ഏറ്റവും വിശ്വസ്തനും വേണ്ടപ്പെട്ടവനുമായ ഹോം ഗാർഡിനെതിരെ അനന്തരവൻ രഹസ്യ സൂചന നൽകിയത് 2024 ഒക്ടോബറിലാണ്. 1984ൽ ഒരാളെ കൊലപ്പെടുത്തുകയും ഗ്രാമപ്രദേശങ്ങളെ മുൾമുനയിൽ നിർത്തുകയും ചെയ്ത ഗുണ്ടാ നേതാവായിരുന്നു സർക്കാർ സർവ്വീസിൽ പൊലീസുകാർക്ക് പ്രിയപ്പെട്ടവനായി 35 വർഷം ജോലി ചെയ്തത്. കൊലയും കൊള്ളയും പതിവായതോടെ 1984ലും 1989ലും സർക്കാർ ഗാംസ്റ്റർ ആക്ട് പ്രകാരം കേസ് എടുത്ത വ്യക്തിയാണ് പുതിയ പേരിലും വിലാസത്തിലും സർക്കാർ സർവ്വീസിൽ കയറിപ്പറ്റിയത്. നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന നാക്കഡു എട്ടാം ക്ലാസ് പാസായതിന്റെ രേഖകൾ അടക്കം ചമച്ചാണ് 'പുതിയ മനുഷ്യനായി' സർവ്വീസിൽ കയറിയത്.
അനന്തരവനും അയൽവാസിയുമായി ഉണ്ടായ തർക്കത്തിൽ ഇടപെടാൻ വിസമ്മതിച്ചതോടെയാണ് കുടുംബത്തിലുള്ളവർ തന്നെ ഇയാളെ ഒറ്റിയതെന്നാണ് പൊലീസ് വിശദമാക്കുന്നത്. അസംഗഡ് ഡിഐജിക്കാണ് ഹോംഗാർഡിന്റെ ഇരട്ട ജീവിതത്തേക്കുറിച്ചുള്ള രഹസ്യ വിവരം ലഭിക്കുന്നത്. വളരെ തന്ത്രപരമായി പൊലീസ് ആഭ്യന്തര അന്വേഷണം നടത്തിയതോടെയാണ് പൊലീസിന്റെ മൂക്കിൻ തുമ്പിൽ നടന്ന കള്ളി പൊളിഞ്ഞത്. ഇതിന് ഇടയിൽ പലപ്പോഴായി ഇയാൾക്ക് ഗുഡ് സർട്ടിഫിക്കറ്റ് നൽകിയ പൊലീസുകാർക്കും ഇന്റലിജൻസ് വിഭാഗത്തിനും തിരിച്ചടിയാണ് ഇയാളുടെ അറസ്റ്റ്. അശ്രദ്ധമായും വ്യക്തമായും അന്വേഷണം നടത്താതെ നൽകിയ ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണത്തിനുള്ള നീക്കത്തിലാണ് പൊലീസ് മേധാവിയുള്ളത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം