അതിർത്തി തർക്കം, വാക്കേറ്റം; 9 വർഷം മുമ്പ് വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തി, അച്ഛനും മകനും ജീവപര്യന്തം
നിരവധി കേസുകളിൽ പ്രതികളുമായ ജയരാജും കുടുംബവും 2003 ലാണ് പൊട്ടൻകാട് എത്തുന്നത്. കൊല്ലപ്പെട്ട അപ്പുക്കുട്ടൻറെ വസ്തുവിലായിരുന്നു ഇവരുടെ താമസം.
കട്ടപ്പന: ഒൻപതു വർഷം മുമ്പ് വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ തമിഴ്നാട് സ്വദേശികളായ അച്ഛനും മകനും ജീവപര്യന്തം കഠിനതടവ്. തമിഴ്നാട് കമ്പം വടക്കുപെട്ടി സ്വദേശികളായ ജയരാജ് മകൻ കറുപ്പ് സ്വാമി എന്നിവരെയാണ് മുട്ടം മൂന്നാം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. ഇടുക്കി പൊട്ടൻകാട് സ്വദേശികളാണ് കൊല്ലപ്പെട്ടത്. 2014 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
വൃദ്ധ ദമ്പതികളായ പൊട്ടൻകാട് സ്വദേശി അപ്പുക്കുട്ടനെയും ഭാര്യ ശാന്തമ്മയേയുമാണ് ജയരാജും മകൻ കറുപ്പ് സ്വാമിയും ചേർന്ന് കൊലപ്പെടുത്തിയത്. തമിഴ്നാട്ടിലെ കമ്പം വടക്കുപെട്ട് സ്വദേശികളും നിരവധി കേസുകളിൽ പ്രതികളുമായ ജയരാജും കുടുംബവും 2003 ലാണ് പൊട്ടൻകാട് എത്തുന്നത്. കൊല്ലപ്പെട്ട അപ്പുക്കുട്ടൻറെ വസ്തുവിലായിരുന്നു ഇവരുടെ താമസം. ഇരുകൂട്ടരും തമ്മിലുണ്ടായ അതിർത്തി തർക്കവും വാക്കേറ്റവുമാണ് കൊലപാതകത്തിൽ കലാശിച്ചത്.
കോളിളക്കം സൃഷ്ടിച്ച കേസിലെ പ്രതികൾക്ക് ഒൻപത് വർഷത്തിനു ശേഷമാണ് ശിക്ഷ വിധിച്ചത്. . കേസിൽ ഒന്നാം പ്രതി ജയരാജനും, രണ്ടാം പ്രതി കറുപ്പ് സ്വാമിക്കും മൂന്ന് ജീവപര്യന്തവും, ഇരുപതിനായിരം രൂപ വീതം പിഴയുമാണ് ശിക്ഷ. മൂന്നാം പ്രതിയും, ജയരാജിൻറെ ഭാര്യയുമായ സരസ്വതിയെ കോടതി വെറുതെ വിട്ടു. കേസിൽ 48 സാക്ഷികളാണ് ഉണ്ടായിരുന്നത്. സാഹചര്യ തെളിവിനൊപ്പം ശാസ്ത്രിയ തെളിവകളഉം പ്രതികൾക്ക് ശിക്ഷ ലഭിക്കാൻ സഹായകമായി.
വൃദ്ധ ദമ്പതികളുടെ മകൻ ബൈജുവിനെയാണ് പ്രതികൾ ആദ്യം കൊലപ്പെടുത്താൻ ശ്രമിച്ചത്. വീടിന് സമീപത്തെ ഇടവഴിയിൽ വെച്ച് പ്രതികൾ ബൈജുവിനെ വെട്ടിവിഴ്ത്തി. ഇത് കണ്ടുവന്ന വൃദ്ധ ദമ്പതികളെ മൂവർ സംഘം ആക്രമിച്ചു. ഭയന്ന് വീടിനുള്ളിൽ കയറിയ അയ്യപ്പനെയും ശാന്തമ്മയെയും പ്രതികൾ പിന്നാലെ എത്തി വെട്ടി. ശരീരഭാഗങ്ങൾ അറ്റുപോയ ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സരസ്വതിയെ വെറുതെവിട്ട വിധിക്കെതിരെ ബന്ധുക്കൾ അപ്പീൽ നൽകും.
Read More : സ്കൂളുകള്‍ കേന്ദ്രീകരിച്ച് ന്യൂജെൻ മയക്കുമരുന്ന് കച്ചവടം; കോഴിക്കോട് എംഡിഎംഎയുമായി യുവാവ് പിടിയിൽ