വേഷം മാറി കോളേജിലെത്തിയത് മുതൽ കേസ് തെളിയിച്ചതുവരെ, ശാലിനി നേരിട്ട വെല്ലുവിളികൾ, സിനിമാക്കഥയെ വെല്ലും! അഭിമുഖം
ക്യാന്റീനിലെത്തുന്ന ഒന്നാംവർഷ വിദ്യാർഥികളുമായി സൗഹൃദം സ്ഥാപിച്ചു. അവർക്ക് കോളേജിനെപ്പറ്റി വലിയ ധാരണ ഇല്ലാത്തതിനാൽ പല കള്ളങ്ങളും പറഞ്ഞ് പിടിച്ചുനിന്നു. കൂടുതലും ആൺകുട്ടികളാണ് വിവരങ്ങൾ നൽകിയത്. അവരോട് ഭയം അഭിനയിച്ചു...
മെഡിക്കൽ വിദ്യാർത്ഥിയായി വേഷം മാറി ക്യാംപസിൽ പ്രവേശിച്ച് കേസ് തെളിയിച്ച പൊലീസ് ഉദ്യോഗസ്ഥയുടെ വാർത്ത സോഷ്യൽ മീഡിയയിൽ വൈറലാണ്. മധ്യപ്രദേശിലെ ഇന്റോറിലെ സാന്യോഗിതാഗഞ്ച് സ്റ്റേഷൻ കോൺസ്റ്റബിൾ ശാലിനി ചൗഹാനാണ് സിനിമയെ വെല്ലുന്ന തിരക്കഥയിലൂടെ പൊലീസ് സേനയ്ക്ക് തന്നെ തലവേദനയായ റാഗിംങ് കേസ് തെളിയിച്ചത്. കേസ് അന്വേഷണത്തിലൂടെ തന്റെ ധീരതയും സാഹസികതയും തെളിയിച്ച് രാജ്യത്ത് ഉടനീളം ആരാധകരെ സൃഷ്ടിച്ച് താരമായി മാറിയ ശാലിനി ചൗഹാൻ വേഷം മാറി കോളേജിലെത്തിയതുമുതൽ കേസ് തെളിയിച്ചതുവരെയുള്ള അനുഭവങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനുമായി പങ്കുവച്ചു.
പരാതിയുമായി മുന്നോട്ടു വരാൻ പോലും വിദ്യാർഥികൾ ഭയന്ന തരത്തിൽ ഭീകരമായിരുന്നു മെഡിക്കൽ കോളേജിലെ റാഗിങ്. എന്നിട്ടും വെല്ലുവിളികൾ നിറഞ്ഞ ആ കേസിന്റെ അന്വേഷണ ചുമതല ധൈര്യപൂർവം ശാലിനി ഏറ്റെടുത്തു. മറ്റ് രണ്ടു ഉദ്യോഗസ്ഥർ കൂടി ഈ ദൌത്യത്തിന് അവരോടൊപ്പം ഉണ്ടായിരുന്നു. കാന്റീനിലും പുറം പണിക്കുമായി ഇവർ ആദ്യം തന്നെ കോളേജിൽ വേഷം മാറി കയറിപറ്റി. ആറുമാസമായി വിവരങ്ങൾ ശേഖരിച്ചെങ്കിലും കേസിൽ കാര്യമായ പുരോഗതി കണ്ടെത്താൻ ഇവർക്ക് സാധിച്ചില്ല. ഇതോടെ കഴിഞ്ഞ ഒന്നരമാസമായി ശാലിനി നേരിട്ട് കേസന്വേഷണത്തിനായി കോളേജിലെത്തി.
ഇരുപത്തിയഞ്ചുകാരിയായ ഇവർ വിദ്യാർത്ഥിയെ പോലെ വേഷം മാറി കോളേജിനുള്ളിൽ എത്തി. മറ്റു കുട്ടികളോട് സൗഹൃദം സ്ഥാപിച്ച് കേസിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കലായിരുന്നു ലക്ഷ്യം. എന്നാൽ അതൊരു ചെറിയ ദൗത്യമായിരുന്നില്ല. സർവീസിൽ പ്രവേശിച്ചിട്ട് എട്ട് വർഷമായെങ്കിലും ഈ കാലയളവിൽ അവർക്ക് നേരിടേണ്ടി വന്ന വെല്ലുവിളികൾ സമാനതകൾ ഇല്ലാത്തതായിരുന്നു.
'പല കുട്ടികളും ക്ലാസിനെ കുറിച്ചും പഠന സംബന്ധമായ വിഷയങ്ങളും അന്വേഷിച്ചിരുന്നു. അതായിരുന്നു ഞാൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. വിദ്യാർഥികളോട് സംസാരിക്കുമ്പോൾ ഉള്ളിൽ ഭയമായിരുന്നു. കാരണം ഇത്ര വലിയ ഒരു മിഷൻ എന്നെ വിശ്വസിച്ച് ഏൽപ്പിച്ചിരിക്കുകയാണ്. ആർക്കെങ്കിലും സംശയം തോന്നിയാൽ എല്ലാ പദ്ധതികളും തകരും. പക്ഷേ എനിക്ക് പതറാതെ പിടിച്ചു നിൽക്കാൻ കഴിഞ്ഞു. വലിയ ക്ഷമ വേണ്ട ജോലിയായിരുന്നു ഇത്.' ശാലിനി ചൗഹാൻ പറഞ്ഞു.
'ക്യാന്റീനിലെത്തുന്ന ഒന്നാംവർഷ വിദ്യാർഥികളുമായി സൗഹൃദം സ്ഥാപിച്ചു. അവർക്ക് കോളേജിനെപ്പറ്റി വലിയ ധാരണ ഇല്ലാത്തതിനാൽ പല കള്ളങ്ങളും പറഞ്ഞ് ഞാൻ പിടിച്ചുനിന്നു. കോളേജിനുള്ളിൽ കയറിയെങ്കിലും ക്ലാസുകളിൽ പോകാൻ സാധിക്കില്ല. റാഗിംങ് കൂടുതലായി നേരിടുന്നത് ജൂനിയർ കുട്ടികളായിരുന്നു. പതിയെ പതിയെ അവർ എന്നോട് കാര്യങ്ങൾ തുറന്നു പറയാൻ തുടങ്ങി. റാഗ് ചെയ്തിരുന്ന ആളുകളുടെ വിവരങ്ങൾ എനിക്ക് ലഭിച്ചു. കൂടുതലും ആൺകുട്ടികളാണ് വിവരങ്ങൾ നൽകിയത്. മറ്റു പല കോളേജുകളിലും നടക്കുന്ന റാഗിങ്ങിനെ കുറിച്ച് ഞാൻ സംസാരിച്ചു. ഭയം അഭിനയിച്ചു. അതോടെ പലരും തങ്ങൾക്ക് നേരിടേണ്ടി വന്ന അനുഭവങ്ങൾ തുറന്ന് പറഞ്ഞു. സൂക്ഷിക്കേണ്ടവരുടെ ലിസ്റ്റും പറഞ്ഞു. ഇവരെ പിൻതുടർന്നതോടെ റാഗ് ചെയ്യുന്നത് നേരിട്ട് കാണാനും കാര്യങ്ങൾ ഉറപ്പിക്കാനും കഴിഞ്ഞു. എല്ലാ പ്രതികൾക്കു നേരെയും കോളേജ് നടപടിയെടുത്തിട്ടുണ്ട്. മറ്റ് പൊലീസ് നടപടികളും പുരോഗമിക്കുകയാണ്. ' അന്വേഷണത്തിൽ നേരിട്ട വെല്ലുവിളികൾ വിശദീകരിക്കുകയായിരുന്നു ശാലിനി.
പൊലീസ് ജോലിയോടുള്ള പ്രണയം ശാലിനിക്ക് ചെറുപ്പത്തിൽ തന്നെ തുടങ്ങിയതാണ്. പൊലീസുകാരനായ അച്ഛൻ തന്നെയായിരുന്നു അവരുടെ പ്രചോദനം. തന്റ മകളെ ഒരു പെലീസുകാരിയാക്കണമെന്ന് ആഗ്രഹിച്ച അദ്ദേഹം അവൾക്ക് വേണ്ട ധൈര്യവും ഏത് അവസരത്തിലും പതറാതെ നിൽക്കണാനുള്ള കരുത്തും നൽകി. എന്നാൽ 2009 ശാലിനിയുടെ അമ്മയുടെ വിയോഗം കുടുംബത്തെ ആകെ തളർത്തി. 2010 ൽ ഏക മകളെ തനിച്ചാക്കി അച്ഛനും മടങ്ങി. ഒറ്റക്കായെങ്കിലും അമ്മയുടെ സഹോദര ഭാര്യയുടെ കരുതലിൽ അവൾ തുടർ വിദ്യാഭ്യാസം പൂർത്തിയാക്കി. സർവീസിൽ ഇരിക്കെ മരിച്ച അച്ഛന്റെ ജോലി ശാലിനിക്ക് ലഭിച്ചു. 25 കാരിയായ ശാലിനിചൗഹാൻ 2014ൽ പൊലീസ് ജോലിയിൽ പ്രവേശിച്ച് അച്ഛന്റെ ആഗ്രഹം നിറവേറ്റി.
ശാലിനി വളരെ മിടുക്കിയായ ഉദ്യോഗസ്ഥനാണ് അർപ്പണബോധവും ബുദ്ധിമതിയുമായ അവരെ ഈ ജോലി ഏൽപ്പിക്കുമ്പോൾ അവരത് നന്നായി ചെയ്യുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ശാലിനിയുടെ അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 11 വിദ്യാര്‍ഥികൾക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇവർ മറ്റുകുട്ടികളെ ക്രൂരമായി ഉപദ്രവിച്ചിരുന്നതിന് വ്യക്തമായ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. ഇവരിൽ ഒൻപത്പേരും മധ്യപ്രദേശ് സ്വദേശികളാണ്' - ഇന്‍സ്‌പെക്ടര്‍ ഇന്‍ചാര്‍ജ് തഹ്‌സീബ് ഖ്വാസി പറഞ്ഞു
എന്നാൽ വെല്ലുവിളിയിൽ നിറഞ്ഞ ഈ ദൗത്യം ഏറ്റെടുത്തപ്പോൾ ഒരിക്കലും തന്നെ തേടി ഇത്രയധികം പ്രശംസകള്‍ എത്തുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് ശാലിനി പറയുന്നു. താൻ ചെയ്ത ജോലിക്ക് ഡിപ്പാർട്ട്മെന്റ് നിന്നും ജനങ്ങളിൽ നിന്നും ലഭിക്കുന്ന പിന്തുണ വളരെ വലിയ പ്രചോദനം നൽകുന്നുവെന്നും ഇവർ പറയുന്നു. തുടർന്നും ഇത്തരത്തിൽ സാഹസികമായ കേസ് അന്വേഷണത്തിന്റെ ഭാഗമാവണമെന്നാണ് ശാലിനിയുടെ മോഹം. എന്നാൽ തന്‍റെ നേട്ടങ്ങളൊക്കെ കാണാൻ മാതാപിതാക്കളില്ലാത്തതിന്റെ വേദനയും ശാലിനി മറച്ചു വെയ്ക്കുന്നില്ല.