സ്ത്രീധനത്തിന്‍റെ പേരില്‍ യുവതിയെ പട്ടിണിക്കിട്ട് കൊന്നു; ഭര്‍ത്താവും അമ്മയും അറസ്റ്റില്‍

സംഭവത്തില്‍ തുഷാരയുടെ ഭര്‍ത്താവ് ഓയൂർ ചെങ്കുളം, പറണ്ടോട് ചരുവിളവീട്ടിൽ ചന്തുലാൽ (30), ചന്തുലാലിന്റെ മാതാവ് ഗീതാലാൽ (55) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു

brutal dowry murder in kollam

കൊല്ലം: ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി സ്ത്രീധനത്തിന്‍റെ പേരില്‍ പട്ടിണിക്കിട്ട് കൊന്നതായി പൊലീസ്.  കരുനാഗപ്പള്ളി അയണിവേലിക്കകത്ത് തെക്ക് തുളസീധരന്‍-വിജയലക്ഷ്മി ദമ്പതിയുടെ മകളാണ് തുഷാരയാണ് ക്രൂരമായ കൃത്യത്തിന് ഇരയായത്. 27 കാരിയായ തുഷാര മരിച്ചത് പട്ടിണി കിടന്നാണെന്നാണ് പൊലീസ് പറയുന്നത്. സ്ത്രീധനത്തിന്റെ പേരിലാണ് തുഷാരയെ ഭര്‍ത്താവും അമ്മയും ചേര്‍ന്ന് പട്ടിണിക്കിട്ട് കൊന്നത് എന്നാണ് പൊലീസ് അന്വേഷണത്തില്‍ തെളിയുന്നത്.

സംഭവത്തില്‍ തുഷാരയുടെ ഭര്‍ത്താവ് ഓയൂർ ചെങ്കുളം, പറണ്ടോട് ചരുവിളവീട്ടിൽ ചന്തുലാൽ (30), ചന്തുലാലിന്റെ മാതാവ് ഗീതാലാൽ (55) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ചന്തുലാലിന്റെ ഭാര്യയുമായ തുഷാര കഴിഞ്ഞ 21നാണ് മരിച്ചത്. സ്ത്രീധന പീഡനം, മാനസികവും ശാരീരികവുമായ പീഡനം, പട്ടിണിക്കിടൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. ഇരുവരേയും കൊട്ടാരക്കര കോടതി റിമാൻഡ് ചെയ്തു.

ഈ കഴിഞ്ഞ മാര്‍ച്ച 21ന് രാത്രി 12 മണിയോടെ യുവതിയെ ഭർത്താവും വീട്ടുകാരും കൊല്ലം ജില്ലാ ആശുപത്രിയിൽ മരിച്ച നിലയിൽ എത്തിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്​റ്റ്‌മോർട്ടത്തിൽ ആഹാരം ലഭിക്കാതെ മെലിഞ്ഞുണങ്ങി നിമോണിയ ബാധിച്ചാണ് മരണമെന്നു കണ്ടെത്തി. ശരീരത്തിൽ മർദ്ദനമേറ്റ പാടുകളും ഉണ്ടായിരുന്നു. ഇതിന്‍റെ റിപ്പോർട്ട് കഴിഞ്ഞ ദിവസം കിട്ടിയതിനെ തുടർന്നാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൊല്ലം ജില്ലാ ആശുപത്രിയിൽ ഡോക്ടർമാർ മരണകാരണത്തിൽ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് ചന്തുലാലിനെ കസ്​റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തെങ്കിലും വിട്ടയച്ചിരുന്നു.

സംഭവത്തില്‍ പൊലീസ് പറയുന്നത് ഇതാണ് 2013ലായിരുന്നു വിവാഹം. മൂന്ന് മാസം കഴിഞ്ഞപ്പോൾ രണ്ടുലക്ഷം രൂപ സ്ത്രീധനം ചന്തുലാൽ ആവശ്യപ്പെട്ടെങ്കിലും തുഷാരയുടെ വീട്ടുകാർ നൽകിയില്ല. തുടർന്ന് ചന്തുലാലും മാതാവും തുഷാരയെ മാനസികമായും ശാരീരികമായും നിരന്തരം പീഡിപ്പിച്ചു. സ്വന്തം വീട്ടിലേക്ക് പോകാനോ ബന്ധുക്കളുമായി ഫോണിലോ മ​റ്റോ ബന്ധപ്പെടാനോ അനുവദിച്ചിരുന്നില്ല. 

രണ്ടു വർഷത്തിനിടെ രണ്ടു പ്രാവശ്യം മാത്രമാണ് തുഷാര വീട്ടുകാരുമായി ബന്ധപ്പെട്ടത്. തുഷാരയെ കാണാൻ ബന്ധുക്കൾ എത്തിയാൽപോലും മടക്കി അയയ്ക്കും. അവർ വന്നതിന്റെ പേരിൽ തുഷാരയെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തിരുന്നു. മന്ത്രവാദവുമായി മരണത്തിന് ബന്ധമുണ്ടോയെന്നും മറ്റും അന്വേഷിക്കാൻ പ്രതികളെ ചോദ്യം ചെയ്ത് വരുകയാണ് പൊലീസ്.

Latest Videos
Follow Us:
Download App:
  • android
  • ios