സ്വത്ത് തര്‍ക്കം: പിതാവിന്റെ കണ്ണ് ചൂഴ്ന്ന് യുവ വ്യവസായി, ഒന്‍പത് വര്‍ഷം തടവ്
സ്വത്ത് മുഴുവന്‍ തന്റെ പേരിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് അഭിഷേക് പിതാവും റിട്ടയേര്‍ഡ് സര്‍ക്കാര്‍ ജീവനക്കാരനുമായ പരമേഷിനെ സമീപിച്ചത്.
ബംഗളൂരു: സ്വത്ത് തര്‍ക്കങ്ങള്‍ക്കൊടുവില്‍ പിതാവിന്റെ കണ്ണ് ചൂഴുന്ന് എടുത്ത് യുവ വ്യവസായിക്ക് ഒന്‍പത് വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി. 47കാരനായ അഭിഷേക് ചേതന്‍ എന്ന വ്യവസായിക്കാണ് ബംഗളൂരു കോടതി ബുധനാഴ്ച ഒമ്പത് വര്‍ഷത്തെ തടവും 42,000 രൂപ പിഴയും വിധിച്ചത്. പിഴ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഒരു വര്‍ഷം കൂടി കഠിന തടവ് അനുഭവിക്കണമെന്ന് കോടതി വ്യക്തമാക്കി. പിഴയില്‍ 40,000 രൂപ പിതാവ് പരമേഷ് എസ്എസിന് നഷ്ടപരിഹാരമായി നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
2018 ഓഗസ്റ്റ് 28നായിരുന്നു സംഭവം. സ്വത്ത് മുഴുവന്‍ തന്റെ പേരിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് അഭിഷേക് പിതാവും റിട്ടയേര്‍ഡ് സര്‍ക്കാര്‍ ജീവനക്കാരനുമായ എസ് എസ് പരമേഷിനെ സമീപിച്ചത്. എന്നാല്‍ സ്വത്ത് മുഴുവന്‍ നല്‍കാന്‍ സാധിക്കില്ലെന്ന് പിതാവ് പറഞ്ഞതോടെ, പ്രകോപിതനായ അഭിഷേക് കണ്ണുകള്‍ ചൂഴ്ന്നെടുക്കുകയായിരുന്നു. അഭിഷേകിനെതിരെ ജെപി നഗര്‍ പൊലീസാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. കൊലപാതകശ്രമം, സ്വത്ത് തട്ടിയെടുക്കാന്‍ അക്രമം, വീട്ടില്‍ അതിക്രമിച്ച് കയറല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ചേതനെ അറസ്റ്റ് ചെയ്തത്.
അക്രമത്തിന് പിന്നാലെ പരമേഷിനെ ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും കാഴ്ച നഷ്ടപ്പെട്ടുവെന്നാണ് പൊലീസ് പറയുന്നത്. അഭിഷേകിനെ കൂടാതെ രണ്ടു മക്കള്‍ കൂടിയുണ്ട് പരമേഷിന്. 2002ല്‍ വിവാഹിതനായ ശേഷം അഭിഷേക് വീട്ടില്‍ നിന്ന് മാറിത്താമസിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
ലഹരിമരുന്നു വാങ്ങാന്‍ പണമില്ല, കുഞ്ഞുങ്ങളെ വിറ്റ് ദമ്പതികള്‍
മുംബൈ: ലഹരി മരുന്നു വാങ്ങാന്‍ പണമില്ലാത്തതിനാല്‍ സ്വന്തം കുഞ്ഞുങ്ങളെ വില്‍പ്പന നടത്തിയ ദമ്പതികളും സുഹൃത്തുക്കളും അറസ്റ്റില്‍. ഷാബിര്‍, ഭാര്യ സനിയ ഖാന്‍, ഷാക്കീല്‍, ഏജന്റായ ഉഷ റാത്തോഡ് എന്നിവരെയാണ് മുംബൈ ക്രൈംബ്രാഞ്ച് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. രണ്ടുവയസ് പ്രായമുള്ള ആണ്‍കുട്ടിയെയും ഒരുമാസം പ്രായമുള്ള പെണ്‍കുട്ടിയെയുമാണ് ദമ്പതികള്‍ ഏജന്റ് മുഖേന വില്‍പ്പന നടത്തിയത്. ഇതില്‍ പെണ്‍കുഞ്ഞിനെ കണ്ടെത്തിയിട്ടുണ്ട്. ആണ്‍കുട്ടിക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
'അന്ധേരിയില്‍ താമസിക്കുന്ന ഷാബിറും സനിയ ഖാനും ലഹരിമരുന്നിന് അടിമയാണ്. ലഹരി വസ്തു വാങ്ങാന്‍ പണമില്ലാതെ വന്നപ്പോഴാണ് കുട്ടികളെ വില്‍ക്കാന്‍ തീരുമാനിച്ചത്. ഇതിനായി ഷാക്കീല്‍ വഴിയാണ് ഏജന്റായ ഉഷയെ സമീപിച്ചത്.' ആണ്‍കുട്ടിയെ 60,000 രൂപയ്ക്കും പെണ്‍കുഞ്ഞിനെ 14,000 രൂപയ്ക്കുമാണ് ഇരുവരും വില്‍പ്പന നടത്തിയതെന്ന് മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. വില്‍പ്പന വിവരം അറിഞ്ഞ ഷാബിറിന്റെ സഹോദരി റുബീന പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ആണ്‍കുട്ടിക്ക് വേണ്ടി അന്ധേരി അടക്കമുള്ള പ്രദേശങ്ങളില്‍ അന്വേഷണം ഊര്‍ജിതമായി നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.