ആപ്പിൾ വാങ്ങാൻ വിമാനത്തിൽ ദില്ലിയിലെത്തി; സുഹൃത്തയച്ച കാറിൽ കയറി, കിട്ടിയത് എട്ടിന്‍റെ പണി, പോയത് 3 ലക്ഷം!
ബുധനാഴ്ച സിലിഗുരിയിലെ ബാഗ്‌ഡോഗ്ര വിമാനത്താവളത്തിൽ നിന്ന് ദില്ലി വിമാനത്താവളത്തിലെത്തിയ ബബ്ലുവിനെ ഇാളുടെ സുഹൃത്ത് അജയ് അയച്ച ടാക്‌സിയിൽ വിമാനത്താവളത്തിൽ നിന്ന് കയറ്റി ദ്വാരകയിലെ സെക്ടർ 21ൽ എത്തിച്ചു.
ദില്ലി: പശ്ചിമ ബംഗാളിൽ നിന്നും ആപ്പിള്‍ വാങ്ങാനായി ദില്ലിയിലെത്തിയ വ്യവസായിക്ക് കിട്ടിയത് എട്ടിന്‍റെ പണി. സുഹൃത്തിനെ വിശ്വസിച്ച് ദില്ലി വിമാനത്തിൽ വന്നിറങ്ങിയ വ്യവസായി ബബ്ലൂ യാദവിനെ തട്ടിക്കൊണ്ട് പോയി. ദില്ലിയിൽ സൌകര്യങ്ങളൊരുക്കാമെന്ന് ഉറപ്പ് നൽകിയ സുഹൃത്ത് തന്നെയാണ് പശ്ചിമ ബംഗാൾ ആസ്ഥാനമായുള്ള വ്യവസായിയെ വിമാനത്താവളത്തിൽ നിന്നും തട്ടിക്കൊണ്ട് പോയി 3 ലക്ഷത്തോളം രൂപ മോചദ്രവ്യം തട്ടിയെടുത്തത്. സംഭവത്തിൽ സുഹൃത്ത് അജയുള്‍പ്പടെ 5 പേർക്കെതിരെ പൊലീസ് കേസെടുത്തു. 3 പേരെ പൊലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. ദില്ലിയിലെ ആസാദ്പൂർ മാണ്ഡിയിലെ മൊത്തവ്യാപാര മാർക്കറ്റിൽ നിന്ന് ആപ്പിൾ വാങ്ങാനെത്തിയതായിരുന്നു വ്യവസായിയായ ബബ്ലൂ യാദവ്. ബുധനാഴ്ച സിലിഗുരിയിലെ ബാഗ്‌ഡോഗ്ര വിമാനത്താവളത്തിൽ നിന്ന് ദില്ലി വിമാനത്താവളത്തിലെത്തിയ ബബ്ലുവിനെ ഇാളുടെ സുഹൃത്ത് അജയ് അയച്ച ടാക്‌സിയിൽ വിമാനത്താവളത്തിൽ നിന്ന് കയറ്റി ദ്വാരകയിലെ സെക്ടർ 21ൽ എത്തിച്ചു. ഇവിടെയെത്തിയ അജയ് വ്യവസായിയെ ഒരു ഒറ്റപ്പെട്ട ഫ്ലാറ്റിലേക്ക് എത്തിച്ചു.
അടുത്ത ദിവസം മാർക്കറ്റിൽ നിന്നും ആപ്പിൾ വാങ്ങാൻ സഹായിക്കാമെന്ന് പറഞ്ഞ് അജയ് മടങ്ങി. പിറ്റേ ദിവസം അജയും നാല് സുഹൃത്തുക്കളും ഫ്ലാറ്റിലെത്തി. അഞ്ചംഗ സംഘം ബബ്ലു യാദവിനെ ബഹദൂർഗഡിലെ ഒറ്റപ്പെട്ട ഒരു ഡയറി സ്ഥാപനത്തിലേക്ക് കാറിൽ ബലമായി കൊണ്ടുപോയി ഭീഷണിപ്പെടുത്തി മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു. യാദവിനെ ബന്ധുക്കളെ വിളിച്ചും സംഘം ഭീഷണിമുഴക്കി. ഒടുവിൽ അഞ്ച് യുപിഐ ഐഡികളിലൂടെ മൊത്തം 2.7 ലക്ഷം രൂപ അജയും സംഘവും തട്ടിയെടെടുത്തു.
മോചനദ്രവ്യം കൈപ്പറ്റിയ ശേഷം ബബ്ലു യാദവിനെ ബഹദൂർഗഡ് സിറ്റി മെട്രോ സ്‌റ്റേഷനു സമീപം പ്രതികള്‍ ഇയാളെ ഇറക്കിവിടുകയും സംഭവത്തെക്കുറിച്ച് പൊലീസിൽ പരാതിപ്പെട്ടാൽ കൊല്ലുമെന്ന് താക്കീത് ചെയ്യുകയും ചെയ്തു. ഒടുവിൽ ബബ്ലു യാദവ് അജയിനും സുഹൃത്തുക്കള്‍ക്കുമെതിരെ എയർപോർട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് വിവരം പുറത്തറിയുന്നത്. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും അജയുടെ സുഹൃത്തുക്കളായ പ്രവീൺ കുമാർ (27), വികാസ് (26), ഹർഫൂൽ സിംഗ് (33) എന്നിവരെ തിങ്കളാഴ്ച അറസ്റ്റ് ചെയ്യുകയും ചെയ്തു. അജയ്ക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
Read More : ഗോശാല വൃത്തിയാക്കാൻ വിളിച്ച് വരുത്തി, 16 കാരിയെ ഓടുന്ന കാറിൽ കൂട്ട ബലാത്സംഗം ചെയ്തു; 3 പേർ അറസ്റ്റിൽ