ഹാഷിഷ് ഓയിലുമായി പിടിയിലായ കേസില്‍ ഒളിവിൽ പോയ 34കാരനെ പിടികൂടിയത് 3.5കിലോ കഞ്ചാവുമായി
തൃശൂര്‍ റൂറല്‍ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നാളുകളായി നടത്തിയ അന്വേഷണത്തില്‍ തളിക്കുളം ഹൈസ്‌കൂള്‍ പരിസരത്തുനിന്നാണ് ഇയാള്‍ പിടിയിലാകുന്നത്.
തൃശൂര്‍: ഏഴുകിലോ ഹാഷിഷ് ഓയിലുമായി പിടിയിലായ കേസില്‍ ഒളിവിലായിരുന്നയാളെ മൂന്നര കിലോ കഞ്ചാവും 75 ഗ്രാം എം.ഡി.എം.എയും മൂന്ന് ഗ്രാം ഹാഷിഷ് ഓയിലുമായി തൃശൂര്‍ ഡാന്‍സാഫ് ടീമും വാടാനപ്പള്ളി പൊലീസും ചേര്‍ന്ന് പിടികൂടി. മാള ഗുരുതിപ്പാല അണ്ണനല്ലൂര്‍ കോട്ടുകര വിശാല്‍ (34) ആണ് അറസ്റ്റിലായത്.തൃശൂര്‍ റൂറല്‍ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നാളുകളായി നടത്തിയ അന്വേഷണത്തില്‍ തളിക്കുളം ഹൈസ്‌കൂള്‍ പരിസരത്തുനിന്നാണ് ഇയാള്‍ പിടിയിലാകുന്നത്.
തീരദേശത്തെ വിദ്യാര്‍ഥികള്‍ക്ക് വില്പന നടത്തുന്ന മൊത്ത കച്ചവടക്കാരെ ലക്ഷ്യമാക്കിയാണ് ഇയാള്‍ മയക്കുമരുന്ന് കൊണ്ടുവന്നതെന്നും ഇവ കൈമാറാന്‍ കാത്തുനില്‍ക്കുമ്പോഴാണ് പിടികൂടിയതെന്നും പൊലീസ് പറഞ്ഞു. വാടാനപ്പള്ളി പൊലീസ് ഏഴ് കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ പ്രധാന പ്രതിയായ ഇയാള്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. മാള പൊലീസ് സ്റ്റേഷന്‍ റൗഡി ലിസ്റ്റില്‍പ്പെട്ട വിശാല്‍ നിരവധി ക്രിമിനല്‍ കേസുകളിലും പ്രതിയാണ്. എറണാകുളം, തൃശൂര്‍ ജില്ലകളിലെ കഞ്ചാവ് മൊത്ത കച്ചവടക്കാരില്‍ പ്രധാനിയുമാണ്. ആര്‍ക്കെല്ലാമാണ് ഇയാള്‍ കഞ്ചാവും എം.ഡി.എം.എയും വില്‍പ്പന നടത്തുന്നതെന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.
കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ വാടാനപ്പള്ളി എസ്. എച്ച്.ഒ. ബിനു, എസ്.ഐ മാരായ ശ്രീലക്ഷ്മി, മുഹമ്മദ് റാഫി, തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് എസ്.ഐമാരായ സി.ആര്‍. പ്രദീപ്, പി. ജയകൃഷ്ണന്‍, ടി.ആര്‍. ഷൈന്‍, ഡാന്‍സാഫ് അംഗങ്ങളായ ലിജു ഇയ്യാനി, സൂരജ് വി. ദേവ്, പി.എക്‌സ്. സോണി, എം.വി. മാനുവല്‍, നിഷാന്ത്, കെ.ജെ. ഷിന്റോ, വാടാനപ്പള്ളി പൊലീസ് സീനിയര്‍ സി.പി.ഒ. മനോജ് അലി, സി.പി.ഒ. ജിഷ്ണു എന്നിവര്‍ ചേര്‍ന്നാണ് ലഹരി പിടികൂടിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം