9 കിലോ തൂക്കം വരുന്ന വമ്പൻ ആനക്കൊമ്പ്, വിൽപ്പന നടത്താൻ ശ്രമം; പാഞ്ഞെത്തി വനംവകുപ്പ്, ഒരാൾ പിടിയിൽ
ദേവികുളം അടിമാലി റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരുടെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
ഇടുക്കി: അടിമാലി ഫോറസ്റ്റ് റേഞ്ച് പരിധിയിൽ വരുന്ന കുറത്തിക്കുടിയിൽ നിന്നും ആനക്കൊമ്പുകൾ പിടിച്ചെടുത്തു. സംഭവത്തിൽ ഒരാൾ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലായി. കുറത്തികുടി സ്വദേശി പുരുഷോത്തമനെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുള്ളതായും ഇവർക്കായി അന്വേഷണം തുടരുകയാണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
രണ്ട് ആനക്കൊമ്പുകളാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്. പിടിച്ചെടുത്ത ആനക്കൊമ്പുകൾക്ക് ഒൻപത് കിലോ തൂക്കം വരുന്നതാണ്. കൊമ്പുകൾ വിൽപ്പന നടത്തുവാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. ദേവികുളം അടിമാലി റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരുടെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.