'ക്ലിനിക്ക് വിൽക്കണം', അജ്ഞാതയുമായി വീഡിയോ കോൾ, അശ്ലീല വീഡിയോ ഭീഷണി; 80കാരന് നഷ്ടമായത് 8 ലക്ഷം രൂപ
മുത്തശ്ശന്‍റെ പെരുമാറ്റത്തിൽ മാറ്റങ്ങൾ ശ്രദ്ധിച്ച കൊച്ചുമകൻ കാര്യങ്ങൾ ചോദിച്ചപ്പോഴാണ് വൻ തട്ടിപ്പ് നടന്ന് കൊണ്ടിരിക്കുന്നത് അറിയിരുന്നത്. ഉടൻ മാട്ടുംഗ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.
മുംബൈ: മൊബൈല്‍ ഫോണില്‍ വന്ന അജ്ഞാതയുടെ വീഡിയോ കോള്‍ എടുത്ത് കെണിയിലായി മധ്യവയസ്കന്‍. മുംബൈയില്‍ 80 കാരനെ പറ്റിച്ച് തട്ടിയെടുത്തത് 8 ലക്ഷം രൂപ. മാട്ടുംഗയിൽ താമസിക്കുന്ന 80കാരനായ റിയൽ എസ്റ്റേറ്റ് ബ്രോക്കറിനെയാണ് തട്ടിപ്പ് സംഘം ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയത്. കഴിഞ്ഞ മാസം 11നാണ് ഡോ.മാൻസി ജെയിൻ എന്ന് പരിചയപ്പെടുത്തിയ ഒരു സ്ത്രീ ഇരയെ വിളിക്കുന്നത്. പരേലിലുള്ള തന്‍റെ ക്ലിനിക് വിൽക്കണമെന്നായിരുന്നു ആവശ്യം.
കെട്ടിടത്തിന്‍റെ അളവുകളും മറ്റും അറിയണമെന്ന് ബ്രോക്കർ മറുപടി നൽകി. പിന്നാലെ ഒരു വീഡിയോ കോൾ എത്തി. കോളിൽ തനിക്ക് ഒന്നും കാണാൻ കഴിഞ്ഞില്ലെന്ന് ബ്രോക്കർ പറയുന്നു. എന്നാൽ രണ്ട് ദിവസം കഴിഞ്ഞ് ഇതേ സ്ത്രീ ബ്രോക്കറെ വിളിക്കുകയും തന്‍റെ പക്കൽ നഗ്നത പ്രദർശിപ്പിച്ചിട്ടുള്ള വീഡിയോ കോൾ ദൃശ്യങ്ങളുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. തനിക്ക് 1.5 ലക്ഷം രൂപ തന്നില്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. ഇത്രയും പണമില്ലെന്ന് പറഞ്ഞ 80കാരൻ തുക കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ മാർച്ച് 20ന് സിബിഐയിലെ സൈബർ ക്രൈം വിഭാഗത്തിൽ നിന്നുള്ള ഓഫീസറെന്ന വ്യാജേന വിക്രം റാത്തോഡ് എന്നയാൾ ബ്രോക്കറെ ഫോണിൽ ബന്ധപ്പെട്ടു.
നഗ്ന ദൃശ്യങ്ങൾ യൂട്യൂബിൽ അപ്ലോഡ് ചെയ്യപ്പെട്ടെന്നും അത് ഡിലീറ്റ് ചെയ്യാൻ രാഹുൽ ശർമ്മ എന്നയാളെ ബന്ധപ്പെടാനും പറഞ്ഞു. യൂട്യൂബിലെ ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയ രാഹുൽ 32,500 രൂപ വീഡിയോ ഡിലീറ്റ് ചെയ്യാനായി ആവശ്യപ്പെട്ടു. പണം ഉടൻ വേണമെന്ന് പറഞ്ഞതിനാൽ കൊച്ചുമകനെ കൊണ്ട് 80 കാരൻ പണം ഓൺലൈനായി അയപ്പിച്ചു. ആശുപത്രിയിലുള്ള സുഹൃത്തിനുള്ള പണമെന്നാണ് കൊച്ചുമകനോട് പറഞ്ഞത്. മാർച്ച് 21ന് ഇതേ രാഹുൽ ശർമ്മ വീണ്ടും വിളിക്കുകയും 65,000 രൂപ കൂടി നൽകാൻ ആവശ്യപ്പെട്ടു. ഇത്തവണ 80കാരൻ നേരിട്ട് ബാങ്കിലെത്തി ഈ പണം ട്രാൻസ്ഫർ ചെയ്തു. ഇതോടെ വീഡിയോ ഡിലീറ്റ് ചെയ്തെന്ന് രേഖപ്പെടുത്തിയ ഒരു രേഖ തട്ടിപ്പുകാർ അയച്ച് നൽകി. പ്രശ്നം അവിടെ തീർന്നെന്ന് വിചാരിക്കുമ്പോഴാണ് വീണ്ടും ഫോൺ കോൾ എത്തുന്നത്.
ഇത്തവണ സിബിഐ ഉദ്യോഗസ്ഥനെന്ന് നേരത്തെ പരിചയപ്പെടുത്തിയ വിക്രം റാത്തോഡാണ്. വീഡിയോ കോൾ ചെയ്ത ഡോ. മാൻസി ജെയിൻ ആത്മഹത്യ ചെയ്തെന്ന വിവരമാണ് റാത്തോഡിന് പറയാനുണ്ടായിരുന്നത്. മാൻഡിയുടെ കോൾ ഡേറ്റയിൽ 80കാരനുമായി സംസാരിച്ചതിന് തെളിവുണ്ടെന്നും ജയിലിൽ പോവേണ്ടിവരുമെന്നുമായിരുന്നു ഭീഷണി. കേസ് ഒതുക്കാൻ 10 ലക്ഷം രൂപ നൽകണമെന്നായി ആവശ്യം. ഭയന്ന് പോയ ബ്രോക്കർ മാർച്ച് 23 മുതൽ പല ഗഡുക്കളായി 5 ലക്ഷം കൈമാറി. മാർച്ച് 28ന് റാത്തോഡ് വീണ്ടും വിളിച്ചു. ഡോ. മാൻഡി ജയിനിന്‍റെ സഹോദരൻ നാവിക സേനാ ഉദ്യോഗസ്ഥനാണെന്നും 15 മുതൽ 20 ലക്ഷം രൂപയ്ക്ക് ഇടയിലുള്ള ഒരു തുക കൊടുക്കാതെ കേസ് ഒതുക്കാൻ അദ്ദേഹം തയ്യാറാവില്ലെന്നും അടുത്ത ഭീഷണി.
തന്‍റെ പക്കൽ ഇനി ഒരു 4 ലക്ഷം രൂപ കൂടിയേ കാണൂ എന്ന് ബ്രോക്കർ അപേക്ഷിച്ചു. എങ്കിൽ അതിൽ 2 ലക്ഷം മാർച്ച് 31ന് മുൻപ് നൽകണമെന്ന് റാത്തോഡ് പറഞ്ഞു. അങ്ങനെ ആ 2 ലക്ഷവും കൈമാറി. മുത്തശ്ശന്‍റെ പെരുമാറ്റത്തിൽ മാറ്റങ്ങൾ ശ്രദ്ധിച്ച കൊച്ചുമകൻ കാര്യങ്ങൾ ചോദിച്ചപ്പോഴാണ് വൻ തട്ടിപ്പ് നടന്ന് കൊണ്ടിരിക്കുന്നത് അറിയിരുന്നത്. ഉടൻ മാട്ടുംഗ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. വിവിധ വകുപ്പുകൾ പ്രകാരം അജ്ഞാതരായ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു. അന്വേഷണം തുടരുകയാണെന്നും പ്രതികളെ ഉടൻ പിടികൂടാനാവുമെന്നും പൊലീസ് പറയുന്നു.
Read More : 'ഉർഫി ജാവേദ് ലൈറ്റ്'; മിനിസ്കേർട്ടും ഉൾവസ്ത്രവും മാത്രം ധരിച്ച് യുവതി മെട്രോയില്‍, വീഡിയോ വൈറൽ