കൈവിലങ്ങുമായി രക്ഷപ്പെട്ട കഞ്ചാവ് കേസ് പ്രതി എംഡിഎംഎയുമായി പിടിയിൽ
കഞ്ചാവ് പിടിച്ചെടുത്ത കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട പ്രതി നടപടികൾക്കിടെ എക്സൈസ് ഉദ്യോഗസ്ഥരെ തള്ളി മാറ്റിയാണ് കൈവിലങ്ങുമായി രക്ഷപ്പെട്ടത്
മലപ്പുറം: തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഓഫിസിൽ നിന്നും കൈവിലങ്ങുമായി രക്ഷപ്പെട്ട കഞ്ചാവ് കേസ് പ്രതി എം.ഡി.എം.എയുമായി എക്സൈസിന്റെ പിടിയിലായി. പള്ളിക്കൽ ജവാൻസ് നഗർ പുൽപറമ്പ് കളത്തൊടി വീട്ടിൽ വാഹിദ് (29) ആണ് വീണ്ടും പിടിയിലായത്. മെയ് 22ന് 1.120 കി ലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട പ്രതി നടപടികൾക്കിടെ എക്സൈസ് ഉദ്യോഗസ്ഥരെ തള്ളി മാറ്റിയാണ് കൈവിലങ്ങുമായി രക്ഷപ്പെട്ടത്.
നിലവിൽ 15 ഗ്രാം എം.ഡി.എം.എയുമായിട്ടാണ് തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മധുസൂദനൻ പിള്ളയും സംഘവും അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ മുഹമ്മദ് വാഹിദിനെ റിമാൻഡ് ചെയ്തു. ഈ കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നും വരും ദിവസങ്ങളിൽ പ്രതിയുടെ കൂട്ടാളികൾക്കെതിരേ കർശന നിയമനടപടി സ്വീകരിക്കുമെന്നും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മധുസൂദനൻ പിള്ള അറിയിച്ചു.
അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ സുർജിത്ത്, പ്രഗേഷ്, പ്രവന്റീവ് ഓഫിസർമാരായ ദിലീപ്‌കുമാർ, രജീഷ്, സിവിൽ എക്സൈസ് ഓഫിസർ ശിഹാബുദ്ദീൻ, വനിതാ സിവിൽ ഓഫിസർ സിന്ധു പട്ടേരി വീട്ടിൽ, എക്സൈസ് ഡ്രൈവർ അഭിലാഷ് എന്നിവരാണ് പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം