മാതാപിതാക്കൾ വീട്ടിലെത്താൻ വൈകി, പുതുവർഷ രാവിൽ 4 വയസുകാരിയെ പീഡിപ്പിച്ച് അയൽവാസിയായ 28കാരൻ, അറസ്റ്റ്
മാതാപിതാക്കൾ വീട്ടിലെത്താൻ വൈകി. ഫ്ലാറ്റിൽ തനിച്ചായ 4 വയസുകാരിയെ പീഡിപ്പിച്ച് 28 വയസുകാരൻ. അറസ്റ്റ്
മുംബൈ: പുതുവർഷ രാവിൽ മാതാപിതാക്കൾ വീടെത്താൻ വൈകി. ഫ്ലാറ്റിൽ തനിച്ചായ നാല് വയസുകാരിയെ ബലാത്സംഗം ചെയ്ത അയൽവാസി അറസ്റ്റിൽ. മുംബൈയിലെ കിഴക്കൻ മേഖലയിലാണ് സംഭവം. വീട്ടിൽ നാല് വയസുകാരി തനിച്ചാണെന്ന് മനസിലായ തൊട്ടടുത്ത ഫ്ലാറ്റിലെ താമസക്കാരനാണ് 4 വയസുകാരിയോട് ക്രൂരത കാണിച്ചത്. ബുധനാഴ്ചയാണ് 28കാരനെ 4 വയസുകാരിയുടെ രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തേക്കുറിച്ച് പൊലീസ് പറയുന്നത് ഇപ്രകാരമാണ്. ചൊവ്വാഴ്ച രാത്രി 4 വയസുകാരിയുടെ മാതാപിതാക്കൾ വീട്ടിലെത്താൻ വൈകിയിരുന്നു. പെൺകുട്ടി വീട്ടിൽ തനിച്ചാണെന്ന് മനസിലായ 28കാരനായ അയൽവാസി കുട്ടിയുടെ വിവരം തിരക്കാനെന്ന രീതിയിൽ പെൺകുട്ടിയുടെ വീട്ടിലെത്തി. വൈകുന്നേരം 7.30ഓടെയായിരുന്നു ഇത്. ഇതിന് പിന്നാലെ ഇയാൾ പെൺകുട്ടിയോട് തന്റെ വീട്ടിലെ കളിപ്പാട്ടങ്ങൾ ഉപയോഗിക്കാമെന്ന് പ്രലോഭിച്ച് അയൽ ഫ്ലാറ്റിലേക്ക് കൊണ്ടുപോയി. ഈ സമയത്ത് ഇയാളുടെ വീട്ടിലും ആരും ഉണ്ടായിരുന്നില്ല.
ഇവിടെ വച്ച് 28കാരൻ നാല് വയസുകാരിയെ പീഡിപ്പിക്കുകയായിരുന്നു. അതിക്രമത്തിന് പിന്നാലെ വിവരം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തിയ ശേഷം പെൺകുട്ടിയെ വീട്ടിൽ പോകാൻ അനുവദിക്കുകയായിരുന്നു. ഭയന്നുപോയ പെൺകുട്ടി വിവരം വീട്ടിൽ പറഞ്ഞില്ലെങ്കിലും ശരീരത്തിലെ പരിക്കുകളിലെ വേദന മൂലം ബഹളം വച്ചു. പിന്നാലെ കുട്ടിയെ നിരീക്ഷിച്ചപ്പോൾ അസ്വാഭാവികത തോന്നിയ അമ്മ വിവരങ്ങൾ തെരക്കിയപ്പോഴാണ് പീഡന വിവരം പുറത്ത് വന്നത്. സംഭവം മനസിലായ മാതാപിതാക്കൾ യുവാവിനെ തടഞ്ഞുവച്ച ശേഷം പൊലീസിനെ വിളിക്കുകയായിരുന്നു.
പെൺകുട്ടിയുടെ വൈദ്യ പരിശോധന പൂർത്തിയായതിന് പിന്നാലെ പീഡനം നടന്നതായി വ്യക്തമായി. ഇതിന് പിന്നാലെയാണ് യുവാവിനെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം