പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് വിലക്കി, തക്കം പാത്തിരുന്ന് വ്യാപാരിയെ ആക്രമിച്ച് യുവാക്കൾ
പുതച്ചിരുന്ന പുതപ്പ് തലയിലൂടെ വലിച്ചിട്ട ശേഷം വ്യാപാരിയെ വളഞ്ഞിട്ട് ആക്രമിച്ച് യുവാക്കൾ. സിസിടിവിയിലെ ദൃശ്യങ്ങൾ നിർണായകമായി. യുവാക്കൾ അറസ്റ്റിൽ
ദില്ലി: പൊതു സ്ഥലത്ത് മൂത്രമൊഴിച്ച യുവാക്കളെ ചോദ്യം ചെയ്ത 28കാരന് ക്രൂരമർദ്ദനം. വടക്ക് പടിഞ്ഞാറൻ ദില്ലിയിലാണ് സംഭവം. മോഡൽ ടൌൺ സ്വദേശിയായ 28കാരനായ വ്യാപാരി റാംപാൽ ആണ് ആക്രമണത്തിന് ഇരയായത്. പുലർച്ചെ കടയ്ക്ക് മുന്നിൽ കിടക്കുകയായിരുന്ന ഇയാളെ ഇവിടേക്ക് ബൈക്കിലെത്തിയ മൂന്ന് യുവാക്കൾ വളഞ്ഞിട്ട് തല്ലുകയായിരുന്നു. ഇവർ കൊണ്ടുവന്ന വടികൾ കൊണ്ടും കയ്യിൽ കിട്ടിയ സാധനങ്ങളും ഉപയോഗിച്ചായിരുന്നു മർദ്ദനം. ഇയാളുടെ കടയ്ക്ക് മുന്നിലുണ്ടായിരുന്ന സിസിടിവിയിൽ ദൃശ്യങ്ങൾ പതിഞ്ഞതാണ് അക്രമികളെ പിടികൂടാൻ സഹായകരമായത്.
ഉറങ്ങിക്കിടന്ന ആളുടെ തലയിലൂടെ ഇയാൾ പുതച്ചിരുന്ന പുതപ്പ് വലിച്ച് മൂടിയ ശേഷം ആയിരുന്നു മർദ്ദനം. രക്ഷപ്പെടാൻ 28കാരൻ നടത്തിയ ഓരോ ശ്രമങ്ങളും നിഷ്ഫമാക്കിയാണ് ആക്രമണം. ഇടയ്ക്ക് വച്ച് മർദ്ദനം നിർത്തി മടങ്ങിയ സംഘം വീണ്ടും ആക്രമിക്കുകയായിരുന്നു. കടയ്ക്ക് സമീപത്തുണ്ടായിരുന്നവർ പൊലീസിനെ വിവരം അറിയിച്ചതിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.
കൈകൾക്കും കാലിനും തലയ്ക്കുമാണ് ഇയാൾക്ക് പരിക്കേറ്റിട്ടുള്ളത്. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ നടന്ന സംഭവമാണ് അക്രമത്തിലേക്ക് പ്രേരിപ്പിച്ചതെന്നാണ് വിവരം. കടയ്ക്ക് സമീപത്തെ പാർക്കിൽ ഇരിക്കുകയായിരുന്ന മൂന്ന് യുവാക്കളിലൊരാൾ കടയുടെ സമീപത്ത് മൂത്രമൊഴിച്ചത്. 28കാരനും സമീപത്തെ കടക്കാരും വിലക്കിയിരുന്നു. ഇതിന് പിന്നാലെ യുവാക്കളും കടക്കാരും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. നാട്ടുകാർ ഇടപെട്ടതോടെ ഇരുകൂട്ടരും പിരിഞ്ഞ് പോവുകയായിരുന്നു. ഇതിൽ പ്രകോപിതരായ യുവാക്കളാണ് തക്കം പാത്തിരുന്ന വ്യാപാരിയെ ആക്രമിച്ചത്.
മുറിവേൽപ്പിക്കാനുള്ള ശ്രമത്തോടെ ആക്രമിക്കുക, അക്രമം, ഗൂഡാലോചന അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസ് എടുത്ത പൊലീസ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം