പാലക്കാട് അരിയുമായി വന്ന ലോറിയിൽ നിന്ന് 20 കിലോ കഞ്ചാവ് പിടികൂടി; ഡ്രൈവറടക്കം രണ്ടുപേര്‍ അറസ്റ്റില്‍
ഗോവിന്ദാപുരം ചെക്ക്പോസ്റ്റിൽ തമിഴ്നാട്ടിൽ നിന്ന് അരിയുമായി വന്ന ലോറിയിൽ നിന്ന് 20 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. ലോറി ഡ്രൈവർ തൃശ്ശൂർ മരോട്ടിച്ചാൽ സ്വദേശികളായ രഞ്ജിത്, ഷെനി എന്നിവര്‍ അറസ്റ്റിലായി
പാലക്കാട്: ഗോവിന്ദാപുരം ചെക്ക്പോസ്റ്റിൽ തമിഴ്നാട്ടിൽ നിന്ന് അരിയുമായി വന്ന ലോറിയിൽ നിന്ന് 20 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. ലോറി ഡ്രൈവർ തൃശ്ശൂർ മരോട്ടിച്ചാൽ സ്വദേശികളായ രഞ്ജിത്, ഷെനി എന്നിവര്‍ അറസ്റ്റിലായി. ലോക്ക് ഡൗണിന്‍റെ മറവിൽ തമിഴ്നാട്ടിലെ ഒട്ടൻചിത്രത്തിൽ നിന്ന് തൃശൂരിലേക്ക് അരിയുമായി വന്ന ലോറിയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.
ലോറിയുടെ രഹസ്യ അറയിൽ ഒളിപ്പിച്ചാണ് 20 കിലോ കഞ്ചാവ് കടത്താൻ ശ്രമിച്ചത്. കൊല്ലങ്കോട് എക്സൈസ് റെയ്ഞ്ച് ഇൻസ്‌പെക്ടർ ബാലഗോപാലിന്റെ നേതൃത്വത്തിൽ ഗോവിന്ദാപുരം ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് ലോറി ഡ്രൈവർ രഞ്ജിത്, ഷെനി എന്നിവർ അറസ്റ്റിലായത്. രണ്ട് ലക്ഷം രൂപയ്ക്ക് വാങ്ങിച്ച് 15 ലക്ഷം രൂപയ്ക്ക് വിൽപ്പന നടത്താനായാണ് ഇവർ ലോറിയിൽ കഞ്ചാവ് കടത്തിയത്. ഇവർക്ക് പിന്നിലുള്ള മറ്റ് സംഘങ്ങളെ കുറിച്ചും അന്വേഷിച്ചുവരികയാണ്.
അതേസമയം അട്ടപ്പാടിയിൽ നിന്ന് തുടർച്ചയായ മൂന്നാം ദിവസവും എക്സൈസ് ചാരായം വാറ്റാൻ പാകപ്പെടുത്തിയ വാഷ് പിടികൂടി. അട്ടപ്പാടി ഏണിക്കല്ല് മലയുടെ ഉൾഭാഗത്ത് നിന്നാണ് 1200 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും കണ്ടെത്തിയത്. 4 പ്ലാസ്റ്റിക്ക് ബാരലുകളിലായി പാറയിടുക്കുകളിലാണ് വാഷ് സൂക്ഷിച്ചത്. വരും ദിവസങ്ങളിലും വ്യാജ വാറ്റ് കേന്ദ്രങ്ങൾ കണ്ടെത്താനായി അട്ടപ്പാടിയിൽ വ്യാപക പരിശോധന നടത്തുമെന്ന് എക്സൈസ് അറിയിച്ചു.
പ്രതീകാത്മക ചിത്രം