'16 വെടിയുണ്ടകളും 755 മെറ്റല്‍ ബോളുകളും'; രഹസ്യ വിവരം ലഭിച്ച് യുവാവിന്റെ വീട്ടിലെത്തിയ പൊലീസ് കണ്ടത്
ക്രിമിനല്‍ പശ്ചാത്തലവും ഇയാള്‍ക്കില്ലെന്നും എന്തിനാണ് ഇത്രയും തിരകള്‍ കൈവശം വച്ചതെന്ന കാര്യം കൂടുതല്‍ അന്വേഷണത്തിലെ വ്യക്തമാകൂയെന്നും പൊലീസ്.
കോഴിക്കോട്: രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ യുവാവിന്റെ വീട്ടില്‍ പരിശോധന നടത്തിയ പൊലീസ് സംഘത്തിന് ലഭിച്ചത് 16 വെടിയുണ്ടകളും 755 മെറ്റല്‍ ബോളുകളും. കോഴിക്കോട് തിരുവമ്പാടി പാമ്പിഴഞ്ഞപാറ സ്വദേശി ആനന്ദ് രാജി(46)ന്റെ വീട്ടില്‍ നിന്നാണ് വെടിയുണ്ടകളും മറ്റും കണ്ടെടുത്തത്.
കഴിഞ്ഞ ദിവസം ലഭിച്ച ഫോണ്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ തിരുവമ്പാടി സി.ഐ അനില്‍ കുമാറും സംഘവുമാണ് പരിശോധന നടത്തിയത്. ഇന്നലെ വൈകീട്ട് ആറോടെയാണ് ആനന്ദിന്റെ വീട്ടില്‍ പരിശോധന നടത്തിയത്. തോക്ക് കൈവശം വയ്ക്കുന്നതിന് ആവശ്യമായ യാതൊരുവിധ ലൈസന്‍സും ഇയാളുടെ കൈവശം ഇല്ലായിരുന്നു. യാതൊരു ക്രിമിനല്‍ പശ്ചാത്തലവും ഇയാള്‍ക്കില്ലെന്നും എന്തിനാണ് ഇത്രയും തിരകള്‍ കൈവശം വച്ചതെന്ന കാര്യം കൂടുതല്‍ അന്വേഷണത്തിലേ വ്യക്തമാകൂയെന്നും പൊലീസ് അറിയിച്ചു.
ഇന്ത്യന്‍ ആയുധ നിയമത്തിലെ 3(1), 25 തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. എസ്.ഐ അരവിന്ദന്‍, എ.എസ്.ഐ സിന്ധു, സി.പി.ഒമാരായ രാഹുല്‍ ലതീഷ് എന്നിവരും പ്രതിയെ കസ്റ്റഡിയിലെടുത്ത സംഘത്തിലുണ്ടായിരുന്നു.
'ബൈജൂസ് ഓഫീസിലെ ടിവി അഴിച്ചുകൊണ്ട് പോയി അച്ഛനും മകനും'; ഒരൊറ്റ കാരണം, വീഡിയോ