സഹോദരന്റെ കുടുംബത്തെ മുഴുവൻ കൊലപ്പെടുത്താനാണ് എലിവിഷം ഐസ്ക്രീമിൽ കലർത്തിയതെന്ന് താഹിറ; ഒഴിവായത് കൂട്ടമരണം
ഇവർക്ക് ഇപ്പോൾ ഗുരുതര മാനസികപ്രശ്നങ്ങളില്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. ത്വക്ക് രോഗത്തിനും ശരീരിക അവശതക്കുമാണ് മരുന്ന് കഴിക്കുന്നത്
കോഴിക്കോട്: കൊയിലാണ്ടിയിലെ 12 കാരന്‍റെ കൊലപാതകത്തിന് പിന്നിൽ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്ന് പൊലീസ്. ഒരു കുടുംബത്തെയാകെ ഇല്ലാതാക്കാൻ വേണ്ടിയാണ് ഐസ്ക്രീമിൽ എലിവിഷം ചേർത്ത് നൽകിയതെന്നും പ്രതി താഹിറ പൊലീസിനോട് വെളിപ്പെടുത്തി. റിമാൻഡിലുളള പ്രതിക്കായി അടുത്ത ദിവസം അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നൽകും. കൊയിലാണ്ടി അരിക്കുളത്തെ 12കാരൻ അഹമ്മദ് ഹസ്സൻ റിഫായിയെയാണ് പിതൃസഹോദരി ഐസ്ക്രീമിൽ വിഷംചേർത്ത് കൊലപ്പെടുത്തിയത്.
ഇവർക്ക് ഇപ്പോൾ ഗുരുതര മാനസികപ്രശ്നങ്ങളില്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. ത്വക്ക് രോഗത്തിനും ശരീരിക അവശതക്കുമാണ് മരുന്ന് കഴിക്കുന്നത്. ശാരീരിക പ്രശ്നങ്ങൾ കൊണ്ടുള്ള നിരാശയുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. സഹോദരൻമുഹമ്മദലിയുടെ ഭാര്യയേയും കുട്ടികളേയും ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യമെന്നും ഇതിനായി കൃത്യമായ ആസൂത്രണം നടത്തിയെന്നും പൊലീസ് പറയുന്നു. നേരത്തെ മുഹമ്മദ് അലിയുമായി ഇവർക്ക് പ്രശ്നങ്ങളുണ്ടായിരുന്നെന്നും ഇതിലുളള വൈരാഗ്യം കൊലപാതകത്തിലേക്ക് നയിച്ചെന്നുമാണ് പൊലീസ് നിഗമനം.
ഫാമിലി പായ്ക്ക് ഐസ്ക്രീം വാങ്ങി വിഷം ചേർത്തെ് നൽകിയെങ്കിലും ഹസ്സൻ റിഫായി മാത്രമാണ് കഴിച്ചത്. വീട്ടിൽ മറ്റാരും ഇല്ലാതിരുന്നത് വൻദുരന്തം ഒഴിവായി. ആസൂത്രണത്തിന് പിന്നിലെ കൂടുതൽ കാര്യങ്ങൾ കണ്ടെത്താനും വിശദമായ ചോദ്യം ചെയ്യലിനുമാണ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്നത്. മാനസികാരോഗ്യ പരിശോധനയും നടത്തിയേക്കും. നിലവിൽ മാനന്തവാടി ജില്ല ജയിലിലാണ് പ്രതിയുള്ളത്.
അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകൻ അഹമ്മദ് ഹസൻ റിഫായിയാണ് കഴിഞ്ഞ ഞായറാഴ്ച മരിച്ചത്. ഐസ്ക്രീം കഴിച്ചതിന് പിന്നാലെ ഛർദിയെ തുടർന്ന് ചികിത്സയിലിരിക്കുമ്പോളായിരുന്നു മരണം. വിഷം കലർത്തിയ ഐസ് ക്രീം കഴിച്ചതിനെതുടർന്നാണ് കുട്ടി മരിച്ചതെന്നു പോലീസ്. കുട്ടിയുടെ പിതൃ സഹോദരി താഹിറയാണ് കസ്റ്റഡിയിലായത്.
ഐസ്ക്രീം കഴിച്ച് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയ തൊട്ടടുത്ത പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് ഛർദ്ദി അതീവ ഗുരുതരാവസ്ഥയിലേക്ക് പോയതിനെ തുടർന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ കുട്ടി മരിക്കുകയും ചെയ്തു.