വീട്ടുജോലിക്കെത്തിച്ച 10 വയസുകാരിയെ 5 ദിവസം കുളിമുറിയിൽ പൂട്ടിയിട്ട് ദമ്പതികൾ; സ്വകാര്യ ഭാഗങ്ങളിൽ മുറിവ്, കേസ്
കുട്ടിക്ക് കഴിക്കാനായി കുറച്ച് ബ്രഡ് പായ്ക്കറ്റുകള്‍ കുളിമുറിയിലേക്ക് ഇട്ട ശേഷം ഇവർ വാതിൽ പുറത്ത് നിന്ന് പൂട്ടി സ്ഥലം വിടുകയായിരുന്നു. കുട്ടി കരഞ്ഞ് പറഞ്ഞിട്ടും ദമ്പതിമാർ വാതിൽ തുറന്നില്ലെന്ന് നാഗ്പൂർ ഡിസിപി വിജയകാന്ത് സാഗർ പറഞ്ഞു.
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ദമ്പതികളുടെ കൊടും ക്രൂരത. വീട്ടുജോലിക്കെത്തിച്ച 10 വയസുകാരിയെ അഞ്ച് ദിവസത്തോളം കുളിമുറിയിൽ പൂട്ടിയിട്ടു. പട്ടിണികിടന്ന് ദയനീയവസ്ഥയിലായ കുട്ടിയെ രക്ഷപ്പെടുത്തിയത് അഞ്ചാം നാള്‍. കുട്ടിയെ കുളിമുറിയിലാക്കി വീട് വിട്ട യുവാവിനെ എയർപോർട്ടിൽ നിന്ന് അറസ്റ്റ് ചെയ്ത് പൊലീസ്. നാഗ്പൂരിലെ ബേസ-പിപ്ല റോഡിലെ അഥർവ നഗരിയിലുള്ള ഒരു ഫ്ലാറ്റിലാണ് കൊടും ക്രൂരത അരങ്ങേറിയത്.
ബേസ-പിപ്ല റോഡിലെ അഥർവ നഗരിയിലെ ഒരു ഫ്ലാറ്റിൽ താമസിക്കുന്ന താഹ അർമാൻ ഇസ്തിയാഖ് ഖാൻ എന്നയാളും ഭാര്യയുമാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ജോലിക്ക് കൊണ്ടുവന്നത്. ഇവർ മറ്റൊരിടത്തേക്ക് പോയ സമയത്ത് കുട്ടിയെ കുളിമുറിയിൽ പൂട്ടിയിടുകയായിരുന്നു. കുട്ടിക്ക് കഴിക്കാനായി കുറച്ച് ബ്രഡ് പായ്ക്കറ്റുകള്‍ കുളിമുറിയിലേക്ക് ഇട്ട ശേഷം ഇവർ വാതിൽ പുറത്ത് നിന്ന് പൂട്ടി സ്ഥലം വിടുകയായിരുന്നു. കുട്ടി കരഞ്ഞ് പറഞ്ഞിട്ടും ദമ്പതിമാർ വാതിൽ തുറന്നില്ലെന്ന് നാഗ്പൂർ ഡിസിപി വിജയകാന്ത് സാഗർ പറഞ്ഞു.
വൈദ്യുതി ബിൽ അടക്കാത്തതിനെ തുടർന്ന് കണക്ഷൻ വിച്ഛേദിക്കാനായി ഫ്‌ളാറ്റിലെത്തിയ വൈദ്യുതി വകുപ്പ് ജീവനക്കാർ ആണ് കുട്ടിയെ ആദ്യം കാണുന്നത്. ദീനതയോടെ ജനലിലൂടെ സഹായം അഭ്യർത്ഥിച്ച് പെൺകുട്ടിയെ കണ്ട് വൈദ്യുതി വകുപ്പ് ജീവനക്കാർ അയൽവാസികളെ വിവരമറിയിക്കുകയും തുടർന്ന് പൂട്ട് തകർത്ത് പെൺകുട്ടിയെ രക്ഷപ്പെടുത്തുകയുമായിരുന്നു. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.
പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലടക്കം പൊള്ളലേറ്റ മുറിവുകളുണ്ട്. കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കും. ആരോഗ്യ നില മെച്ചപ്പെട്ട ശേഷം വിശദമായ മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. അതിനിടെ വീട്ടുടമസ്ഥനായ താഹ അർമാൻ ഇസ്തിയാഖ് ഖാനെ മുംബൈ വിമാനത്താവളത്തിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നും തുടർ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
Read More :