'കോലിയുടെ തീവ്രത അളക്കാനാവാത്തത്'; പുകഴ്ത്തി മുന്‍ ഇന്ത്യന്‍ പരിശീലകന്‍

 തന്‍റെ പരിശീലനത്തിന് കീഴില്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറി ഇതിഹാസ പദവിയിലേക്ക് കുതിക്കുന്ന വിരാട് കോലിയെ കുറിച്ചുള്ള അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുകയാണ് ഗാരി കിര്‍സ്റ്റന്‍

Gary Kirsten praises Virat Kohli for his performances

ലണ്ടന്‍: 2011 ലോകകപ്പ് വിജയത്തോടെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച പരിശീലകരുടെ നിരയിലേക്കാണ് ദക്ഷിണാഫ്രിക്കയുടെ മുന്‍ താരമായിരുന്ന ഗാരി കിര്‍സ്റ്റന്‍ ഉയര്‍ത്തപ്പെട്ടത്. 1983ന് ശേഷം ഒരു ലോകകപ്പ് എന്ന ഇന്ത്യയുടെ സ്വപ്നം സാക്ഷാത്കരിച്ചതിന് പിന്നില്‍ ഗാരിയുടെ സുപ്രധാനമായ റോള്‍ ഉണ്ടായിരുന്നു.

തന്‍റെ ഏറ്റവും പ്രീയപ്പെട്ട പരിശീലകന്‍ എന്ന് യുവ്‍രാജ് സിംഗ് അടുത്തകാലത്ത് ഗാരിയെ വിശേഷിപ്പിച്ചത് തന്നെ 2011ലെ അദ്ദേഹത്തിന്‍റെ റോള്‍ എത്രമാത്രമുണ്ടായിരുന്നുവെന്ന് തെളിയിക്കുന്നതാണ്. ഇപ്പോള്‍ തന്‍റെ പരിശീലനത്തിന് കീഴില്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറി ഇതിഹാസ പദവിയിലേക്ക് കുതിക്കുന്ന വിരാട് കോലിയെ കുറിച്ചുള്ള അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുകയാണ് ഗാരി.

എല്ലാ അര്‍ഥത്തിലും കോലി ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണെന്ന് കിര്‍സ്റ്റന്‍ പറഞ്ഞു. ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ സ്റ്റിവന്‍ സ്മിത്തിനെ ആരാധകര്‍ കൂവിയപ്പോള്‍ കോലി ചെയ്തത് അദ്ദേഹം എത്ര മഹത്തരമായ താരം ആണെന്നുള്ളതാണ് കാണിക്കുന്നത്.

നേതൃഗുണമുള്ള ഒരാള്‍ക്ക് മാത്രമേ അങ്ങനെ ചെയ്യാനാകൂ. നാലാം നമ്പറിലേക്ക് സ്ഥാനം കയറ്റം നല്‍കി ഹാര്‍ദിക പാണ്ഡ്യയെ ഇറക്കിയുള്ള തന്ത്രവും മികച്ചതാണെന്ന് കിര്‍സ്റ്റന്‍ പറഞ്ഞു. ഒരുപാട് രാജ്യാന്തര മത്സരങ്ങള്‍ കളിച്ച പരിചയം തനിക്കുണ്ട്. ഒരേ തീവ്രതയോടെ എല്ലാ ദിവസവും ഒരുപോലെ നില്‍ക്കാന്‍ സാധിക്കുന്ന കോലി അത്ഭുതപ്പെടുത്തുകയാണ്. 

ഒരു ദിവസം സെഞ്ചുറി നേടിക്കഴിഞ്ഞ് അടുത്ത ദിവസവും റണ്‍സിനായുള്ള ദാഹത്തോടെ കോലി ക്രീസിലെത്തുമെന്നും കിര്‍സ്റ്റന്‍ വ്യക്തമാക്കി. ലോകകപ്പില്‍ രോഹിത് ശര്‍മയുടെ പ്രകടനവും നിര്‍ണായകമാണെന്നും മുന്‍ ഇന്ത്യന്‍ പരിശീലകന്‍ കൂട്ടിച്ചേര്‍ത്തു. 
 

Latest Videos
Follow Us:
Download App:
  • android
  • ios