ഓള്‍ഡ് ട്രാഫോര്‍ഡിന്‍റെ ആ ശീലം ഇന്ത്യയെയും തകര്‍ത്തു..!

ആദ്യ സെമിയില്‍ താരതമ്യേന ചെറിയ സ്‌കോറില്‍ ന്യൂസിലന്‍ഡിനെ ഇന്ത്യ ഒതുക്കിയപ്പോള്‍ ഈ റെക്കോഡിന് വിരാമായെന്ന്  ആരാധകര്‍ വിധിയെഴുതി. പക്ഷേ, മഴ കളിച്ച മത്സരമായിരുന്നിട്ടു കൂടി ട്രാഫോര്‍ഡിലെ വിധി മറ്റൊന്നായില്ല

old trafford supports team who bats first

മാഞ്ചസ്റ്റര്‍: ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഒരു ബാറ്റിംഗ് ഭൂതമുണ്ട്. ആദ്യം ബാറ്റ് ചെയ്യുന്നവരെ മാത്രം വിജയിപ്പിക്കുന്ന ഒരു മാന്ത്രികഭൂതം! ഈ ഭൂതം ഇന്നു പിടിച്ചു കുലുക്കിയത് ടീം ഇന്ത്യയെ. ഈ വര്‍ഷം ഇതുവരെ ഇവിടെ കളിച്ച ഏകദിനങ്ങളില്‍ ആദ്യം ബാറ്റ് ചെയ്തവര്‍ മാത്രമാണ് വിജയിച്ചത്.

എന്നാല്‍, ആദ്യ സെമിയില്‍ താരതമ്യേന ചെറിയ സ്‌കോറില്‍ ന്യൂസിലന്‍ഡിനെ ഇന്ത്യ ഒതുക്കിയപ്പോള്‍ ഈ റെക്കോഡിന് വിരാമായെന്ന്  ആരാധകര്‍ വിധിയെഴുതി. പക്ഷേ, മഴ കളിച്ച മത്സരമായിരുന്നിട്ടു കൂടി ട്രാഫോര്‍ഡിലെ വിധി മറ്റൊന്നായില്ല. ആദ്യം ബാറ്റ് ചെയ്ത ടീം വീണ്ടും വിജയിച്ചിരിക്കുന്നു. ടോസ് നഷ്ടപ്പെട്ട ടീം ഇന്ത്യ തോല്‍വിയേറ്റു വാങ്ങിയിരിക്കുന്നു. 

2018 ജൂണ്‍ 24-ന് ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ ഏകദിനത്തിനു ശേഷം കൃത്യം ഒരു വര്‍ഷത്തോളം ഇവിടെ ഏകദിനങ്ങള്‍ ഒന്നും നടന്നില്ല. അന്നത്തെ മത്സരം ഇംഗ്ലണ്ട് ഒരു വിക്കറ്റിനു വിജയിക്കുകയും ചെയ്തു. തുടര്‍ന്ന് ഈ ലോകകപ്പിലെ ആറു മത്സരങ്ങളാണ് ഇവിടെ നടന്നത്. ആറു മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്തവര്‍ വിജയിച്ചു. 

ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരമായിരുന്നു ഇവിടെ ആദ്യത്തേത്. ഇത് 89 റണ്‍സിനാണ് രണ്ടാമതു ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ തോറ്റത്. തുടര്‍ന്ന് ഇംഗ്ലണ്ട് അഫ്ഗാനിസ്ഥാന്‍ മത്സരമായിരുന്നു. ഈ മത്സരം 150 റണ്‍സിന് ഇംഗ്ലണ്ട് നേടി. മൂന്നാം മത്സരം ന്യൂസിലന്‍ഡും വെസ്റ്റിന്‍ഡീസും തമ്മിലായിരുന്നു. ഇതാവട്ടെ, ന്യൂസിലന്‍ഡ് അഞ്ച് റണ്‍സിനാണ് ജയിച്ചു കയറിയത്. പിന്നീട് വെസ്റ്റിന്‍ഡീസും ഇന്ത്യയും തമ്മില്‍ ഏറ്റുമുട്ടിയപ്പോഴും ആദ്യം ബാറ്റ് ചെയ്തത് ഇന്ത്യയായിരുന്നു.

വിന്‍ഡീസിനെ 125 റണ്‍സിനാണ് ഇന്ത്യ കടപുഴക്കിയത്. സെമിഫൈനലിനു മുന്‍പുള്ള മത്സരത്തില്‍ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയുമാണ് ഇവിടെ ഏറ്റുമുട്ടിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക മത്സരം 10 റണ്‍സിനു സ്വന്തമാക്കി. ഇപ്പോള്‍ സെമിയിലും ആദ്യം ബാറ്റ് ചെയ്ത കിവീസ് ഇന്ത്യയെ മുട്ടുകുത്തിച്ചു, 18 റണ്‍സിന്. 

ഓള്‍ഡ് ട്രാഫോര്‍ഡിലെ തുടര്‍ച്ചയായി ആറു മത്സരങ്ങള്‍ ആദ്യം ബാറ്റ് ചെയ്തവര്‍ വിജയിച്ചിരിക്കുന്നു. ഇനി സെപ്തംബര്‍ നാലിന് ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ നാലാം ടെസ്റ്റിനാണ് ഇവിടം വേദിയാവുക. അതുവരെ കൗണ്ടി ക്രിക്കറ്റിനു വേണ്ടി മാഞ്ചസ്റ്ററിലെ പിച്ച് തയ്യാറാവും.

Latest Videos
Follow Us:
Download App:
  • android
  • ios