മൊയിന്‍ അലിയുടെ ബാറ്റിലെ സവിശേഷ ലോഗോ; കാരണമറിഞ്ഞാല്‍ ആരും കയ്യടിക്കും

മൊയിന്‍ അലിയുടെ ബാറ്റ് ക്രിക്കറ്റ് ലോകത്തിന് സ്‌പെഷ്യലാണ്. ഒരു ലോഗോയാണ് കാരണം.

Moeen Ali Bat Logo

ലീഡ്‌സ്: ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മൊയിന്‍ അലിയുടെ നൂറാം ഏകദിനമാണിന്ന്. ശ്രീലങ്കയ്‌ക്കെതിരേ ഇംഗ്ലണ്ടിന് നേടേണ്ടത് 233 റണ്‍സും. ഇംഗ്ലീഷ് ബാറ്റ്‌സ്മാന്മാരുടെ ഇന്നത്തെ ബാറ്റിങ് ഫോമില്‍ ഏഴാമനായിറങ്ങുന്ന മൊയിന്‍ അലിക്ക് ബാറ്റ് ചെയ്യാനാകുമോയെന്ന് ഉറപ്പില്ല. എങ്കിലും, ക്രീസിലെത്തിയാല്‍ ബാറ്റിലുണ്ടാവും, അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ഓര്‍ഫന്‍സ് ഇന്‍ നീഡ് എന്ന ബ്രീട്ടീഷ് ചാരിറ്റി സംഘടനയുടെ ലോഗോ. ഈ ഇന്റര്‍നാഷണല്‍ എന്‍ജിഒ-യുടെ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസിഡറാണ് മൊയിന്‍. അശരണര്‍ക്കു വേണ്ടി സന്നദ്ധസേവനം നടത്തുന്ന സംഘടനയ്ക്കു വേണ്ടി 2015 ജനുവരി മുതല്‍ മൊയിന്‍ കൂടെയുണ്ട്. ഇവരുടെ പ്രവര്‍ത്തനം ലോകത്തെങ്ങുമെത്തിക്കാനാണ് മൊയിന്‍റെ ശ്രമം. പാവപ്പെട്ടവര്‍ക്കും വിധവകള്‍ക്കും വേണ്ടി 14 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘടന ഇപ്പോള്‍ വരെ ഏകദേശം 12,000 അനാഥര്‍ക്ക് താങ്ങായി നിലകൊള്ളുന്നു.

ഇതു മാത്രമല്ല ക്രിക്കറ്റ് ഫൗണ്ടേഷന്‍ ആന്‍ഡ് ബേര്‍ക്ലേസ് സ്‌പേസസ് ഫോര്‍ സ്‌പോര്‍ട്‌സ് എന്ന സംഘടനയുടെ അംബാസിഡര്‍ കൂടിയാണ് മൊയിന്‍ അലി. തെരുവിലെ കുട്ടികളെ പ്രൊഫഷണല്‍ ക്രിക്കറ്റ് താരങ്ങളാക്കി മാറ്റുകയെന്നതാണ് ഇവര്‍ ലക്ഷ്യം വെക്കുന്നത്. തികഞ്ഞ മനുഷ്യസ്‌നേഹിയും സേവനതല്‍പരനുമായ മൊയിന്‍ ക്രിക്കറ്റ് മൈതാനത്ത് തന്റെ ഈ സേവനങ്ങള്‍ പ്രദര്‍ശിപ്പിക്കാറുമുണ്ട്. എന്നാല്‍ ഒരിക്കലിത് പ്രശ്‌നമാവുകയും ചെയ്തു. ഇന്ത്യയ്‌ക്കെതിരേയുള്ള ടെസ്റ്റ് പരമ്പരയ്ക്കിടയില്‍ ഗാസയെ രക്ഷിക്കൂ, പലസ്തീനെ സ്വതന്ത്രമാക്കൂ എന്ന ബാന്‍ഡ് കൈയിലണിഞ്ഞതാണ് പ്രശ്‌നമായത്. ഐസിസിയുടെ നിയമം പ്രകാരം ഇത്തരത്തിലൊരു ബാന്‍ഡും കൈയിലണിഞ്ഞ് കളിക്കുന്നത് അനുവദനീയമല്ല. എന്നാല്‍, അന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് മൊയിനൊപ്പം നിലകൊണ്ടു. രാഷ്ട്രീയമായും മതപരമായും നിലകൊള്ളുന്നതിനുപരിയായി മനുഷ്യത്വമുള്ള ക്രിക്കറ്ററാണ് മൊയിന്‍ എന്നായിരുന്നു ഇസിബിയുടെ നിലപാട്. അതു ഐസിസി അംഗീകരിക്കുകയും ചെയ്തു.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഈ ലോകകപ്പില്‍ കാര്യമായി ശോഭിക്കാന്‍ ഈ ഓള്‍റൗണ്ടര്‍ക്കു കഴിഞ്ഞിട്ടില്ല. ഓവലില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന മത്സരത്തില്‍ മൂന്നു റണ്‍സും ഒരു വിക്കറ്റുമായിരുന്നു സമ്പാദ്യം. എന്നാല്‍ നോട്ടിങ്ഹാമിലെത്തിയപ്പോള്‍ ബൗളിങ്ങില്‍ താളം കണ്ടെത്തി. മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി, 19 റണ്‍സും കിറ്റിയിലാക്കി. എന്നാല്‍ മാഞ്ചസ്റ്ററില്‍ അഫ്ഗാനിസ്ഥാനെതിരേ വിക്കറ്റ് വീഴ്ത്താന്‍ കഴിഞ്ഞില്ല. ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ 31 റണ്‍സ് നേടി. ഇന്ന് ലങ്കയ്‌ക്കെതിരേ ലീഡിസിലും വിക്കറ്റ് വീണില്ല. എന്നാല്‍ ശരാശരി നാലു റണ്‍സ് മാത്രമേ വിട്ടുകൊടുത്തുള്ളുവെന്ന് അഭിമാനിക്കാം.

ഏകദിനത്തില്‍ ഇതുവരെ 1744 റണ്‍സും 83 വിക്കറ്റുകളും ഈ ഓള്‍റൗണ്ടര്‍ വീഴ്ത്തിയിട്ടുണ്ട്. എന്നാല്‍ അതിവേഗ സെഞ്ചുറി നേട്ടത്തില്‍ ക്യാപ്റ്റന്‍ മോര്‍ഗനെ പിന്തള്ളിയ റെക്കോഡ് മൊയിന്‍റെ പേരിലുണ്ട്. അഫ്ഗാനിസ്ഥാനെതിരേ 17 സിക്‌സറുകള്‍ പറത്തിയ മോര്‍ഗന്‍ 57 പന്തില്‍ സെഞ്ചുറി കണ്ടെത്തിയപ്പോള്‍ 53 പന്തില്‍ സെഞ്ചുറി നേട്ടം ആഘോഷിച്ചിട്ടുണ്ട് ഈ മുപ്പത്തിരണ്ടുകാരന്‍. രണ്ടു വര്‍ഷം മുന്‍പ് 2017-ല്‍ വിന്‍ഡീസിനെതിരേ ബ്രിസ്റ്റോളിലായിരുന്നു ഈ വെടിക്കെട്ട്.

Latest Videos
Follow Us:
Download App:
  • android
  • ios