മാര്‍ട്ടിന്‍ ഗപ്റ്റില്‍ എന്ന തലവേദന; തല പുകഞ്ഞ് ന്യൂസിലന്‍ഡ്
നിര്‍ണായകമായ ഇംഗ്ലണ്ടിനെതിരേയുള്ള മത്സരത്തില്‍ പോലും അദ്ദേഹത്തിന് രണ്ടക്കം തികയ്ക്കാന്‍ പറ്റിയില്ല.
ലണ്ടന്‍: റെക്കോര്‍ഡുകളുടെ കളിത്തോഴന്‍, കഴിഞ്ഞ ലോകകപ്പിലെ ഏറ്റവും മികച്ച താരങ്ങളിലൊരാള്‍. എന്നിട്ടും ന്യൂസിലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റിലിന് ഇത് എന്തു പറ്റി? നിര്‍ണായകമായ ഇംഗ്ലണ്ടിനെതിരേയുള്ള മത്സരത്തില്‍ പോലും അദ്ദേഹത്തിന് രണ്ടക്കം തികയ്ക്കാന്‍ പറ്റിയില്ല. ഫോം മങ്ങി, ഫിറ്റ്‌നസ് പ്രശ്‌നവുമായി ടീമില്‍ നിന്നു പുറത്തുകടക്കും എന്ന നിലയിലാണ് ലോകകപ്പിനു മുന്‍പ് ബംഗ്ലാദേശ് പര്യടനത്തില്‍ തുടരെ രണ്ടു സെഞ്ചുറി നേടി ലോകകപ്പ് സ്‌ക്വാഡിലെത്തിയത്. എന്നാല്‍ അതു മുതലാക്കാന്‍ ഗപ്റ്റിലിനു കഴിഞ്ഞില്ല. വിടാതെ പിന്തുടരുന്ന നടുവേദനയാണ് ഗപ്റ്റിലിന്റെ ബാറ്റിങ് പ്രതിഭയ്ക്കു മങ്ങലേല്‍പ്പിച്ച കാരണങ്ങളിലൊന്ന്.
ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ കാര്‍ഡിഫില്‍ മാത്രമാണ് മാര്‍ട്ടിന്‍ ജയിംസ് ഗപ്റ്റിലിനു ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്താനായത്. അന്നു പുറത്താവാതെ 75 റണ്‍സ് നേടി. എന്നാല്‍ പിന്നീടങ്ങോട്ട് ശ്രദ്ധിക്കപ്പെടുന്ന ഒരു പ്രകടനവും താരത്തില്‍ നിന്നുമുണ്ടായില്ല. കഴിഞ്ഞ ലോകകപ്പിലെ സൂപ്പര്‍താരത്തിന്റെ നിഴല്‍ മാത്രമായി മാറുന്നുവെന്നതിന്റെ സൂചന കൂടിയായി ഈ ഓപ്പണറുടെ ബാറ്റിങ്ങ്.
ബംഗ്ലാദേശിനെതിരേ ഓവലില്‍ 25, അഫ്ഗാനിസ്ഥാനെതിരേ പൂജ്യന്‍, ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ബര്‍മിങ്ഹാമില്‍ 35, മാഞ്ചസ്റ്ററില്‍ വെസ്റ്റിന്‍ഡീസിനെതിരേയും പൂജ്യന്‍, ബിര്‍മിങ്ഹാമില്‍ പാക്കിസ്ഥാനെതിരേ 5, ഓസ്‌ട്രേലിയക്കെതിരേ ലോര്‍ഡ്‌സില്‍ 20, ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരേ 8. കഴിഞ്ഞ ലോകകപ്പില്‍ ഒമ്പത് ഇന്നിങ്‌സുകളിലായി വാരിക്കൂട്ടിയത് 547 റണ്‍സ്. ഇതില്‍ രണ്ട് സെഞ്ചുറി, ഒരു ഫിഫ്റ്റി. 59 ബൗണ്ടറികളും 16 സിക്‌സും. ഒപ്പം ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറായ 237 റണ്‍സും. വെല്ലിങ്ടണില്‍ വെസ്റ്റിന്‍ഡീസിനെതിരേയായിരുന്നു ഈ മാസ്മരിക പ്രകടനം. കഴിഞ്ഞ ലോകകപ്പിലെ ഈ സൂപ്പര്‍ രാജകുമാരന്‍ ഇപ്പോള്‍ ഈ ലോകകപ്പിലെ ആകെ നേടിയത് 166 റണ്‍സ്! അതില്‍ രണ്ടു തവണ ഡക്ക്, ഒന്നില്‍ നാണക്കേടിന്റെ പര്യായമായ ഹിറ്റ് വിക്കറ്റും!
ഏകദിന അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ചുറി നേടിയ താരമാണ് ഗപ്റ്റില്‍. വെസ്റ്റിന്‍ഡീസിനെതിരേ പുറത്താകാതെ നേടിയത് 122 റണ്‍സ്. (മോശം കാലാവസ്ഥയെത്തുടര്‍ന്നു മത്സരം ഉപേക്ഷിച്ചതോടെ, ഈ സെഞ്ചുറി ഫലം കണ്ടില്ലെന്നത് വേറെ കാര്യം). 2009-ലായിരുന്നു ഇത്. അതിനു ശേഷം കളിച്ചത് 177 ഏകദിനങ്ങള്‍. ശരാശരി 42.84. പത്തുവര്‍ഷത്തിനിടെ അടിച്ചു കൂട്ടിയത് 6606 റണ്‍സുകള്‍. 676 ബൗണ്ടറികള്‍, 167 സിക്‌സറുകള്‍. അസാമാന്യ ടൈമിങ്ങും മികച്ച ബാലന്‍സിങ്ങുമായിരുന്നു ഗപ്റ്റിലിന്റെ സവിശേഷതകള്‍. ഏതു ബൗളര്‍ക്കുമെതിരേ നടത്തുന്ന സ്‌ട്രോക്ക് പ്ലേകളും ഹാര്‍ഡ് ഹിറ്റുകളും. അതൊക്കെ ഒരു കാലം. ഇന്ന്, പരിക്കിന്റെ പിടിയില്‍ നിന്നു പല ഫേവറിറ്റ് ഷോട്ടുകളും കളിക്കാനാവാതെ വിഷമിക്കുകയാണ് ഈ കിവീസ് താരം. എന്നിട്ടും ഗപ്റ്റില്‍ ലോകകപ്പ് പോലെ നിര്‍ണായകമായ ഒരു ടൂര്‍ണമെന്റിലെ ഓപ്പണറായി ടീമിലെത്തി എന്നതു തന്നെയാണ് അതിശയകരം!
മാര്‍ട്ടിന്റെ പേരിലുള്ള റെക്കോഡുകള്‍ മാത്രം നോക്കിയാല്‍ മനസ്സിലാവും ഈ താരത്തില്‍ നിന്നും കിവീസ് എന്തൊക്കെ പ്രതീക്ഷിച്ചിരുന്നുവെന്ന്. 2013-ല്‍ ഇംഗ്ലണ്ടിനെതിരേയുള്ള മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയില്‍ ഇദ്ദേഹം അടിച്ചു കൂട്ടിയത് 330 റണ്‍സാണ്. തുടരന്‍ സെഞ്ചുറികള്‍ സഹിതമുള്ള ഈ റെക്കോഡ് തകര്‍ക്കാന്‍ ഇന്നുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ഏകദിനത്തില്‍ ഡബിള്‍ സെഞ്ചുറി നേടിയ ഏക ന്യൂസിലന്‍ഡ് താരമാണ് ഇദ്ദേഹം. ഗപ്റ്റിലിന്റെ 237 നോട്ടൗട്ട് എന്ന സ്‌കോര്‍ ഏകദിന ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്‌കോറാണ്. (രോഹിത് ശര്‍മ 2014-ല്‍ ശ്രീലങ്കയ്‌ക്കെതിരേ നേടിയ 264 റണ്‍സാണ് ഏറ്റവും ഉയര്‍ന്നത്.) ലോകകപ്പിലെ ഏറ്റവും ഉയര്‍ന്നതും ഗപ്റ്റിലിന്റെ സ്‌കോര്‍ തന്നെ. ഈ സ്‌കോറിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഓപ്പണറായി ഇറങ്ങി ഇന്നിങ്‌സ് മുഴുവന്‍ ബാറ്റ് ചെയ്തുവെന്നതാണ് സവിശേഷത. 17 പന്തില്‍ നിന്നും ഫിഫ്റ്റി അടിച്ച ആദ്യത്തെ ന്യൂസിലന്‍ഡര്‍, 180 റണ്‍സിനു മുകളില്‍ മൂന്നു തവണ സ്‌കോര്‍ ചെയ്ത ഒരേയൊരു കിവീസ് താരം തുടങ്ങി നിരവധിയനവധി റെക്കോഡുകള്‍ ഗപ്റ്റിലിന്റെ പേരില്‍ വേറെയുമുണ്ട്. ഇതിനു പുറമേ, ട്വന്റി 20-യില്‍ വേറെയും. എന്നാല്‍, ഇതൊന്നും ഈ ലോകകപ്പില്‍ വിലപോയില്ലെന്നു കാണാം.
ദക്ഷിണാഫ്രിക്കെതിരേയുള്ള മത്സരത്തില്‍ ഗുപ്റ്റില്‍ നിര്‍ണായക സമയത്ത് ഹിറ്റ് വിക്കറ്റായാണ് പവലിയനിലേക്കു മടങ്ങിയത്. ഗപ്റ്റില്‍ പോലൊരു താരത്തില്‍ നിന്നും ഒരിക്കലും വരുത്തരുതാത്ത ഒരു പിഴവായിരുന്നു അത്. ക്രീസില്‍ ശരിയായി ബാലന്‍സിങ് നടത്താനാവുന്നില്ലെന്ന ഗപ്റ്റിലിന്റെ ഏറ്റുപറച്ചിലാണ് അന്നു കണ്ടത്. നടവു വേദനയുടെ പരിണിതഫലം. 1975-നു ലോക ടൂര്‍ണമെന്റുകളില്‍ ഹിറ്റ് വിക്കറ്റാവുന്ന ആദ്യ ന്യൂസിലന്‍ഡ് താരമെന്ന ബഹുമതിയും ഇതോടെ ഇദ്ദേഹത്തിനായി. ഈ മത്സരം കിവീസ് ജയിച്ചെങ്കിലും ഗപ്റ്റിലിന്റെ ഈ ഔട്ട് ഒരു വിക്കറ്റിന് 70 റണ്‍സ് എന്ന നിലയില്‍ നിന്നും നാലിന് 80 എന്ന നിലയിലേക്ക് കിവീസിനെ ഉന്തിയിട്ടിരുന്നു. ഫോം കണ്ടെത്താന്‍ വല്ലാതെ വിഷമിക്കുന്ന ഗപ്റ്റിലിന്റെ ഈ പ്രശ്‌നം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കഴിഞ്ഞ ചില വര്‍ഷങ്ങളായി ഇതു തുടരുന്നു. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് താരമായിരുന്നു ഇത്തവണ. അതും അടിസ്ഥാന വിലയായ ഒരു കോടി രൂപയ്ക്ക് പോലും ആരും വാങ്ങാനില്ലാത്ത അവസ്ഥയില്‍ ഹൈദരാബാദ് ടീം 'ഇരിക്കട്ടെ ഒരു മുതല്‍' എന്ന നിലയ്ക്കു വാങ്ങിക്കൂട്ടിയെന്നു മാത്രം. അവിടെയും ഡേവിഡ് വാര്‍ണറുടെ നിഴലായി മാറാനെ ഈ മുപ്പത്തിരണ്ടുകാരനു കഴിഞ്ഞുള്ളു. കഴിഞ്ഞ രണ്ടുവര്‍ഷമായി ഇതു തന്നെയാണ് സ്ഥിതി. 2017-ല്‍ ഇദ്ദേഹത്തെ ആരും ഐപിഎല്‍ ടീമിലെടുത്തു കൂടിയില്ലെന്ന് ഓര്‍ക്കണം.
ലോകകപ്പിനു മുന്‍പുള്ള ഇന്ത്യന്‍ പര്യടനത്തില്‍ നാലു ഇന്നിങ്‌സുകളിലായി ഗപ്റ്റില്‍ ആകെ നേടിയത് വെറും 47 റണ്‍സായിരുന്നു. നടുവിനു പ്രശ്‌നമായിരുന്നു ഗപ്റ്റിലിന്റെ ആരോഗ്യത്തെ അന്നും ബാധിച്ചത്. ഇതിനെത്തുടര്‍ന്ന്, ട്വന്റി 20-യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരമായിട്ടു കൂടി ഗപ്റ്റിലിനെ തഴഞ്ഞാണ് ഇന്ത്യയ്‌ക്കെതിരേ കീവിസ് ഇറങ്ങിയത്. എന്നാല്‍ പിന്നീട് ബംഗ്ലാദേശിനേതിരേയുള്ള പര്യടനത്തില്‍ രണ്ടു സെഞ്ചുറികള്‍ നേടി കൊണ്ട് അദ്ദേഹം തിരിച്ചു വന്നു, ലോകകപ്പിലേക്ക് ടീമിലേക്കും. അതും പക്ഷേ, ഗപ്റ്റിലിനു മുതലാക്കാനായില്ല. 2015-ലെ ലോകകപ്പ് ഓര്‍മ്മകളുമായി ഇംഗ്ലണ്ടില്‍ നിന്നും നാട്ടിലേക്ക് മടങ്ങുമ്പോള്‍ ഭാവിയെന്തായിരിക്കുമെന്ന കാര്യത്തില്‍ ഇദ്ദേഹത്തിനു തന്നെ തീര്‍ച്ചയില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
- Martin Guptill
- Martin Guptill WC 2019
- Martin Guptill World Cup
- Martin Guptill Latest
- Martin Guptill bad Form
- Martin Guptill New Zealand
- മാര്‍ട്ടിന്‍ ഗപ്റ്റില്‍
- ന്യൂസിലന്‍ഡ്
- ICC World Cup 2019
- ODI World Cup
- CWC19
- World Cup
- World Cup Updates
- World Cup Prediction
- Cricket World Cup
- England and Wales 2019
- ICC Cricket World Cup
- Cricket News
- Cricket Live
- Cricket Updates
- Cricket
- ICC Men's Cricket World Cup
- ICC World Cup
- Indian Cricket Team
- Sports
- ICC World Cup 2019 Live Updates
- World Cup 2019 England
- ലോകകപ്പ് 2019
- ക്രിക്കറ്റ് ലോകകപ്പ്
- ഏകദിന ലോകകപ്പ്
- ഐസിസി ലോകകപ്പ്
- ക്രിക്കറ്റ് വാര്‍ത്തകള്‍
- ക്രിക്കറ്റ് അപ്ഡേറ്റ്സ്