ആറടി ആറിഞ്ച് പൊക്കം, എറിയുന്നത് 90 മൈലിനു മുകളില്‍; ഇത് പാക്കിസ്ഥാന്റെ പുതിയ അഫ്രീദി

ഏഴു സഹോദരന്മാരില്‍ ഏറ്റവും ഇളയവനായ ഷഹീനിന്റെ ക്രിക്കറ്റ് ലോകത്ത് എത്തിക്കുന്നത് മൂത്ത സഹോദരനും പാക് ടെസ്റ്റ് താരവുമായ റിയാസ് അഫ്രിദിയാണ്. റിയാസ് 2004-ല്‍ പാക്കിസ്ഥാനു വേണ്ടി പാഡ് അണിയുമ്പോള്‍ നാലു വയസാണ് കുഞ്ഞ് ഷഹീന്

19 Year Shaheen Afridi Shines for Pakistan

കഴിഞ്ഞ കളിയില്‍ ന്യൂസിലന്‍ഡിന്റെ മൂന്നു വിക്കറ്റ്, ഇത്തവണ അഫ്ഗാനിസ്ഥാന്റെ നാലു വിക്കറ്റുകള്‍. ഇരുത്തം വന്നയൊരു ബൗളറുടെ കാര്യമല്ല ഇത്. വെറും പത്തൊമ്പതുകാരനായ ഒരു പയ്യന്‍. പക്ഷേ, വെറുതെ പയ്യന്‍ എന്നു വിളിച്ച് മൂലയ്ക്കിരുത്താനൊന്നും നോക്കണ്ട. കാരണം, ആറടി ആറിഞ്ചാണ് പൊക്കം. എറിയുന്നത് 90 മൈലുകള്‍ക്കു മുകളില്‍. ഇതുവരെ 18 ഏകദിനങ്ങള്‍ കളിച്ചു. 30 വിക്കറ്റും കിട്ടി. ഏകദിനത്തില്‍ അരങ്ങേറുന്നത് കഴിഞ്ഞവര്‍ഷം അബുദാബിയില്‍ ഏഷ്യാകപ്പ് സൂപ്പര്‍ ഫോറിന്റെ രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരേയാണ്. അന്നു രണ്ടു വിക്കറ്റുമായാണ് തുടക്കം. പറഞ്ഞു വരുന്നത് പാക്കിസ്ഥാന്റെ ഭാവി താരമായ ഷഹീന്‍ അഫ്രീദിയെക്കുറിച്ചാണ്.

ഏഴു സഹോദരന്മാരില്‍ ഏറ്റവും ഇളയവനായ ഷഹീനിന്റെ ക്രിക്കറ്റ് ലോകത്ത് എത്തിക്കുന്നത് മൂത്ത സഹോദരനും പാക് ടെസ്റ്റ് താരവുമായ റിയാസ് അഫ്രിദിയാണ്. റിയാസ് 2004-ല്‍ പാക്കിസ്ഥാനു വേണ്ടി പാഡ് അണിയുമ്പോള്‍ നാലു വയസാണ് കുഞ്ഞ് ഷഹീന്. (കറാച്ചിയില്‍ ശ്രീലങ്കയ്‌ക്കെതിരേ ഒരേ ഒരു ടെസ്റ്റ് മാത്രമേ റിയാസ് കളിച്ചിട്ടുള്ളു.) പതിനഞ്ചാം വയസ്സില്‍ അണ്ടര്‍-16 പര്യടനത്തിനായി ഓസ്‌ട്രേലിയയിലേക്ക് പോകുമ്പോള്‍ ഹാര്‍ഡ് ബോള്‍ ക്രിക്കറ്റിലെ പരിചയം വെറും രണ്ടു വര്‍ഷത്തെ മാത്രം. അതുവരെ ടെന്നീസ് ബോള്‍ കൊണ്ടാണ് കളി. റിയാസാണ് ക്രിക്കറ്റ് ബോളിലേക്ക് വഴിതിരിച്ചു വിട്ടത്. അതോടെ, നല്ല വേഗതയില്‍ പന്തെറിയാന്‍ ഷഹീന് പറ്റി. നല്ലൊരു ഫീല്‍ഡറും ഹാര്‍ഡ് ഹിറ്ററുമായ ഷഹീന്‍ വളരെ ചെറുപ്പത്തില്‍ തന്നെ പിച്ചില്‍ അസാമാന്യ പ്രതിഭ കാണിച്ചിരുന്നു.

19 Year Shaheen Afridi Shines for Pakistanക്വയ്ദ് ഇ-അസം ട്രോഫി അരങ്ങേറ്റത്തില്‍ 39 റണ്‍സ് മാത്രം വിട്ടുകൊടുത്ത് എട്ടു വിക്കറ്റുകള്‍ വീഴ്ത്തിയതോടെയാണ് ഷഹീന്റെ പ്രതിഭ കൂടുതല്‍ വെളിവാകുന്നത്. കൂടാതെ ഉയരക്കൂടുതലും തുണയായി. പിന്നെ പിഎസ്എല്ലില്‍ ലാഹോര്‍ ക്വാലന്‍ഡേഴ്‌സിനു വേണ്ടി നാലു റണ്‍സിന് വീഴ്ത്തിയത് എത്ര വിക്കറ്റാണെന്നോ, 5 വിക്കറ്റ്. അതു വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ട്വന്റി 20-യിലേക്കുള്ള ഷഹീന്റെ വാതില്‍ തുറന്നു. രണ്ടായിരത്തിനു ശേഷം ജനിച്ചവരില്‍ പാക്കിസ്ഥാന്‍ ജേഴ്‌സി അണിഞ്ഞ ആദ്യ താരമാവുകയായിരുന്നു ഷഹീന്‍. ഡിസംബറില്‍ ടെസ്റ്റ് ക്യാപ് അണിഞ്ഞു. പത്തൊമ്പതാം വയസില്‍ ടെസ്റ്റ് താരമാവുന്ന ലോകത്തിലെ 35-ാം താരമായി അതോടെ ഷഹീന്‍.

പാക്കിസ്ഥാന്റെ ലോകകപ്പ് മോഹങ്ങള്‍ക്ക് ഏറ്റവും വലിയ പിന്തുണയാണ് ഷഹീന്‍ നല്‍കുന്നത്. ഐസിസി ബൗളിങ് റാങ്കിങ്ങില്‍ 55-ാം സ്ഥാനത്താണെങ്കിലും അതൊന്നും ഈ പേസര്‍ക്കൊരു പ്രശ്‌നമേയല്ല. നല്ല ബൗണ്‍സറും യോര്‍ക്കറും മികച്ച വേഗതയില്‍ തന്നെയെറിയുന്നുവെന്നതാണ് ഷഹീന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. പാക് താരമായിരുന്ന വസീം അക്രത്തെ പോലെയാവണമെന്നാണ് ഷഹീന്റെ ആഗ്രഹം. അതിനു വേണ്ടിയുള്ള തീവ്രശ്രമം തുടരുമ്പോഴും പാക് ടീമിനെ ലോകത്തിന്റെ നെറുകയിലെത്തിക്കണമെന്നു തന്നെയാണ് ആഗ്രഹം. ഇംഗ്ലണ്ട് പര്യടനത്തില്‍ ലീഡ്‌സില്‍ വച്ച് നാലു വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുള്ള ഷഹീന്‍ ഇതു നാലാം തവണയാണ് നാലു വിക്കറ്റ് വീഴ്ത്തുന്നത്. അഫ്ഗാനിസ്ഥാനെതിരേയുള്ള നാലുവിക്കറ്റ് പ്രകടനവും ലീഡ്‌സില്‍ വച്ചു തന്നെ.

Latest Videos
Follow Us:
Download App:
  • android
  • ios