പന്ത് ചുരണ്ടലൊക്കെ പഴയ കഥ; തിരിച്ചു വരവില്‍ രാജാവായി വാര്‍ണര്‍
114 പന്തുകളില്‍ നിന്നും 89 റൺസെടുത്ത വാർണർ ടീമിനെ വിജയതീരത്തെത്തിച്ചതിന് മാൻ ഓഫ് ദി മാച്ച് പുരസ്കാരവും നേടി.
ലണ്ടന്‍: പന്തു ചുരുണ്ടല്‍ വിവാദത്തില്‍ പുറത്തിരിക്കേണ്ടി വന്ന ഡേവിഡ് വാർണറുടേയും സ്റ്റീവൻ സ്മിത്തിന്‍റെയും ദേശീയ ടീമിലേക്കുള്ള തിരിച്ച് വരവു കൊണ്ട് ശ്രദ്ധേയമായിരുന്നു അഫ്ഗാൻ ഓസിസ് മത്സരം. ടോപ്സ്കോററായി വാർണർ തുടങ്ങിയപ്പോൾ സ്റ്റീവൻ സ്മിത്തിന് വലിയ ഇന്നിംഗ്സ് കളിക്കാനായില്ല. കളിക്കളത്തിലേക്ക് വാര്‍ണറെ കാണികള്‍ കൂവലോടെയാണ് സ്വീകരിച്ചത്.
ബാറ്റിംഗിനിറങ്ങിയപ്പോഴും അർധസെഞ്ച്വറി നേടി ബാറ്റുയർത്തിയപ്പോഴും ഇംഗ്ലീഷ് കാണികൾ വാർണറിനതിരെ ആവോളം കൂവി. പന്ത് ചുരണ്ടൽ വിവാദത്തിൽപെട്ട് ഒരുവർഷത്തിലേറെ അപമാനഭാരവും പേറി നടന്ന താരത്തെ കാണികളുടെ പെരുമാറ്റം പക്ഷേ ബാധിച്ച് കാണില്ല. ചെയ്ത തെറ്റിന് ബാറ്റു കൊണ്ട് പരിഹാരക്രിയ ചെയ്യാനുറച്ചായിരുന്നു വാര്‍ണര്‍ പാഡ് കെട്ടിയത്.
പതിവിൽ നിന്നും വ്യത്യസ്തമായി പ്രതിരോധിച്ചു കൊണ്ടാണ് വാര്‍ണര്‍ ബാറ്റ് വീശിയത്. ബൗളർമാരെ ആക്രമിക്കാതെ മോശം പന്തുകൾക്കായി കാത്ത് നിന്നു. 114 പന്തുകളില്‍ നിന്നാണ് വാർണർ 89 റൺസെടുത്തത്. ടീമിനെ വിജയതീരത്തെത്തിച്ചതിന് മാൻ ഓഫ് ദി മാച്ച് പുരസ്കാരവും നേടി. ഐപിഎല്ലിൽ ടോപ്സ്കോററായാണ് താരം ഇംഗ്ലണ്ടിലെത്തിയത്. ലോകകപ്പിലും അതേ പ്രകടനം കാണാമെന്ന പ്രതീക്ഷയിലാണ് കോച്ച് ജസ്റ്റിംൻ ലാംഗർ.
അതേസമയം കങ്കാരുപടയിലേക്ക് മടങ്ങിയെത്തിയ മുൻ ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്തിന് പെട്ടെന്ന് പുറത്തായി. 18 റൺസ് മാത്രമാണ് സ്മിത്തിന്‍റെ സംഭാവന. എന്നാല്‍ ഫീൽഡിംഗിൽ മാരക ഫോമിലായിരുന്നു സ്മിത്ത്. താരതമ്യേനെ ദുർബലരായ അഫ്ഗാനെതിരായ മത്സരഫലം നേട്ടങ്ങൾക്ക് തിളക്കം കൂട്ടില്ല. അതേ സമയം വരും മത്സരങ്ങൾ താരങ്ങളുടെ വിലയിരുത്തലാകുമെന്നുറപ്പാണ്.