'അങ്ങനെയൊന്നും പാക് ടീമിനെ എഴുതിത്തള്ളല്ലേ'; പറയുന്നത് ഇതിഹാസം

പാക് ടീമിന് എല്ലാ കാലത്തുമുള്ള അപ്രവചനീയത തന്നെയാണ് വഖാര്‍ മുന്നോട്ട് വയ്ക്കുന്ന കാരണം. 1992ല്‍ കിരീടം നേടിയ ലോകകപ്പില്‍ പാക് ടീം വന്‍ തോല്‍വിയേറ്റ് വാങ്ങിയാണ് തുടങ്ങിയത്

Waqar Younis response after pakistan defeat in worldcup

ലണ്ടന്‍: ലോകകപ്പിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍‍ഡീസിനോട് ദയനീയ തോല്‍വി ഏറ്റുവാങ്ങിയതിന്‍റെ ക്ഷീണത്തിലാണ് പാക്കിസ്ഥാന്‍ ടീം. സ്വന്തം ആരാധകര്‍ അടക്കം പാക് ടീമിനെ ട്രോളുമ്പോള്‍ ഈ ലോകകപ്പില്‍ ഈ സംഘത്തിന് ഒന്നും ചെയ്യാനില്ലെന്നുള്ള പരിഹാസമാണ് ഉയരുന്നത്.

എന്നാല്‍, അങ്ങനെ പാക് ടീമിനെ എഴുത്തിള്ളുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് പേസ് ബൗളര്‍ ഇതിഹാസം വഖാര്‍ യൂനിസ്. ആദ്യത്തെ മത്സരത്തിലെ തോല്‍വിയുടെ പേരില്‍ പാക്കിസ്ഥാനെ എഴുതിത്തള്ളുന്നത് മണ്ടത്തരമായിരിക്കുമെന്നാണ് ഐസിസിക്ക് വേണ്ടിയുള്ള കോളത്തില്‍ വഖാര്‍ എഴുതിയത്.

1992ല്‍ ലോകകപ്പ് നേടിയ ടൂര്‍ണമെന്‍റുമായി ഈ ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തെ താരതമ്യപ്പെടുത്തുന്നതിനെ അംഗീകരിക്കാനാവില്ല. ഈ ലോകകപ്പ് ഏറെ നീണ്ടതാണെന്ന് മറക്കരുത്. ഒരുപാട് മത്സരങ്ങള്‍ ഇനി കളിക്കാനുണ്ട്. അതിന് മുമ്പേ പാക് ടീമിനെ എഴുതിത്തള്ളുന്നത് മണ്ടത്തരമാണെന്ന് വഖാര്‍ പറഞ്ഞു.

പാക് ടീമിനെ തകര്‍ത്ത വെസ്റ്റ് ഇന്‍ഡീസിന് വിജയത്തിന്‍റെ എല്ലാ അഭിനന്ദനങ്ങളും നല്‍കുന്നതിനോടൊപ്പം വിന്‍ഡീസിന്‍റെ ബൗളിംഗ് നിരയെ അഭിനന്ദിക്കാനും മുന്‍ പാക് താരം മറന്നില്ല. പാക് ടീമിന് എല്ലാ കാലത്തുമുള്ള അപ്രവചനീയത തന്നെയാണ് വഖാര്‍ മുന്നോട്ട് വയ്ക്കുന്ന കാരണം. 1992ല്‍ കിരീടം നേടിയ ലോകകപ്പില്‍ പാക് ടീം വന്‍ തോല്‍വിയേറ്റ് വാങ്ങിയാണ് തുടങ്ങിയത്.

ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ വെസ്റ്റ് ഇന്‍ഡീസ് ഏഴ് വിക്കറ്റിന്‍റെ തകര്‍പ്പന്‍ വിജയമാണ് ഇന്നലെ സ്വന്തമാക്കിയത്. നോട്ടിംഗ്‌ഹാമില്‍ പാക്കിസ്ഥാന്‍റെ 105 റണ്‍സ് പിന്തുടര്‍ന്ന കരീബിയന്‍ സംഘം 13.4 ഓവറില്‍ ജയത്തിലെത്തി. ക്രിസ് ഗെയ്‌ലിന്‍റെ അര്‍ദ്ധ സെഞ്ചുറിയാണ്(34 പന്തില്‍ 50) വിന്‍ഡീസിന് ജയം സമ്മാനിച്ചത്. നാല് വിക്കറ്റുമായി ഓഷേന്‍ തോമസും മൂന്ന് വിക്കറ്റുമായി ഹോള്‍ഡറുമാണ് പാക്കിസ്ഥാനെ 105ല്‍ ഒതുക്കിയത്.

Latest Videos
Follow Us:
Download App:
  • android
  • ios