രോഹിത്തിന്‍റെ അഭിമുഖമെടുത്ത് കോലി; ഒരു അപ്രതീക്ഷിത ചോദ്യം

നായകന്‍ വിരാട് കോലി ഹിറ്റ്മാനെ ഇന്‍റര്‍വ്യൂ ചെയ്യുന്നതിന്‍റെ വീഡിയോ ബിസിസിഐ പുറത്ത് വിട്ടിരിക്കുകയാണ്. അഞ്ച് സെഞ്ചുറികള്‍ ഇപ്പോള്‍ നേടിയിരിക്കുകയാണ്. ഇത്രയും സ്ഥിരതയോടെ കളിക്കുമ്പോള്‍ എന്ത് തോന്നുന്നുവെന്നായിരുന്നു ആദ്യ ചോദ്യം

virat kohli interviews rohit sharma

ലീഡ്‍സ്: ലോകകപ്പില്‍ ലീഗ് റൗണ്ടില്‍ ഒന്നാം സ്ഥാനക്കാരായി സെമി ഉറപ്പിച്ചിരിക്കുകയാണ് ഇന്ത്യ. അവസാന നാലില്‍ എത്തിയവരുടെ  പോരാട്ടത്തില്‍ ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്നലെ അവസാന ലീഗ് മത്സരത്തില്‍ ഏഴ് വിക്കറ്റിന്‍റെ മിന്നുന്ന വിജയമാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്.

ഓപ്പണര്‍മാരായ കെ എല്‍ രാഹുലിന്‍റെയും രോഹിത് ശര്‍മയുടെയും സെഞ്ചുറി മികവിലാണ് ഇന്ത്യ അനായാസ വിജയം സ്വന്തമാക്കിയത്. അതിനൊപ്പം ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന ചരിത്രനേട്ടമാണ് രോഹിത് ശര്‍മ പേരിലെഴുതിയത്.

ശ്രീലങ്കക്കെതിരെ 92 പന്തില്‍ സെഞ്ചുറി നേടിയ രോഹിത് ഇംഗ്ലണ്ട് ലോകകപ്പിലെ അഞ്ചാം സെഞ്ചുറിയാണ് ഇന്ന് ലീഡ്സില്‍ കുറിച്ചത്. 2015ലെ ലോകകപ്പില്‍ നാലു സെഞ്ചുറികള്‍ നേടിയ ശ്രീലങ്കന്‍ ബാറ്റിംഗ് ഇതിഹാസം കുമാര്‍ സംഗക്കാരയുടെ റെക്കോര്‍ഡാണ് രോഹിത് ഇന്ന് മറികടന്നത്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയിട്ടുള്ള സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ(6 എണ്ണം) റെക്കോര്‍ഡിനൊപ്പമെത്താനും രോഹിത്തിനായി.

ഇപ്പോള്‍ മത്സരശേഷം നായകന്‍ വിരാട് കോലി ഹിറ്റ്മാനെ ഇന്‍റര്‍വ്യൂ ചെയ്യുന്നതിന്‍റെ വീഡിയോ ബിസിസിഐ പുറത്ത് വിട്ടിരിക്കുകയാണ്. അഞ്ച് സെഞ്ചുറികള്‍ ഇപ്പോള്‍ നേടിയിരിക്കുകയാണ്. ഇത്രയും സ്ഥിരതയോടെ കളിക്കുമ്പോള്‍ എന്ത് തോന്നുന്നുവെന്നായിരുന്നു ആദ്യ ചോദ്യം.

അതിനുള്ള രോഹിത്തിന്‍റെ ഉത്തരം ഇങ്ങനെ: ''ഇത് നമുക്ക് എല്ലാവര്‍ക്കും വളരെ പ്രാധാന്യമുള്ള ടൂര്‍ണമെന്‍റ് ആണ്. ലോകകപ്പിന് എത്തും മുമ്പ് മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ സാധിച്ചിരുന്നു. അത് തുടരാനാണ് ശ്രമിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യ കളിയില്‍ മികവ് പ്രകടിപ്പിക്കാന്‍ സാധിച്ചതോടെ ആത്മവിശ്വാസം വര്‍ധിച്ചു.

ഒരു ക്രിക്കറ്റര്‍ എന്ന നിലയില്‍ ഭൂതകാലം നോക്കാതെ വര്‍ത്തമാന കാലത്തെ കുറിച്ചാണ് ചിന്തിക്കേണ്ടത്. അതിനാണ് ശ്രമിക്കുന്നത്.'' ഇതിന് ശേഷം കോലിയില്‍ നിന്ന് അപ്രതീക്ഷിതമായ ഒരു ചോദ്യമാണ് എത്തിയത്. പത്ത് വര്‍ഷത്തോളമായി നമ്മള്‍ ഒരുമിച്ച് കളിക്കുന്നു. 2011 ലോകകപ്പ് താങ്കള്‍ക്ക് ശരിക്കും ഒരു നഷ്ടമാണ്. 2015ലും നമുക്ക് അവസരം ഉണ്ടായിരുന്നു. അതിനാല്‍ മറ്റുള്ള ടൂര്‍ണമെന്‍റുകളില്‍ നിന്ന് ലോകകപ്പിനുള്ള വ്യത്യാസമായി എന്താണ് കാണുന്നതെന്നായിരുന്നു കോലിയുടെ ചോദ്യം.

അതിന് രോഹിത് നല്‍കിയ ഉത്തരം ഇങ്ങനെ: '' ലോകകപ്പ് വളരെ പ്രധാനപ്പെട്ട ടൂര്‍ണമെന്‍റ് ആണ്. പരമ്പരകളിലും മറ്റും ചെയ്യുന്നത് പോലെ തന്നെ നിത്യവും ചെയ്യുന്ന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. എന്നാല്‍, ഒരു ക്രിക്കറ്റര്‍ എന്ന നിലയില്‍ ലോകകപ്പ് ആണെങ്കിലും വിജയം നേടുക എന്ന ലക്ഷ്യത്തിലൂന്നിയാണ് കളിക്കുക. അതിനാണ് ശ്രമിക്കുന്നതെന്നും രോഹിത് പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios