ധോണിയുടെ ഗ്ലൗസിലെ ബലിദാന്‍ ബാഡ്ജ്; ഐസിസി മാപ്പു പറയണമെന്ന് ശ്രീശാന്ത്

ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഒരു ജനതയോട് ഇത്തരത്തിലല്ല ഐസിസി പെരുമാറേണ്ടതെന്നും ശ്രീശാന്ത് പറഞ്ഞു.

Sreesanth wants ICC to apologize Dhoni and India over MS Dhoni Gloves issue

നോട്ടിംഗ്ഹാം: ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കാക്കുന്ന എം എസ് ധോണിയുടെ ഗ്ലൗസില്‍ നിന്ന്  പാരാ സ്‌പെഷ്യല്‍ ഫോഴ്‌സിന്റെ ചിഹ്നം(ബലിദാന്‍ ബാഡ്‌ജ്) നീക്കണമെന്ന് ആവശ്യപ്പെട്ട ഐസിസി ധോണിയോടും രാജ്യത്തോടും മാപ്പു പറയണമെന്ന് മുന്‍ ഇന്ത്യന്‍ താരം ശ്രീശാന്ത്. ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഒരു ജനതയോട് ഇത്തരത്തിലല്ല ഐസിസി പെരുമാറേണ്ടതെന്നും ശ്രീശാന്ത് പറഞ്ഞു. പാരാ റെജിമെന്‍റില്‍ ഹോണററി ലെഫ്. കേണലായ ധോണി  രാജ്യസ്നേഹത്തെക്കുറിച്ച് നമുക്കെല്ലാം അറിയാം. രാജ്യത്തിനായി നിരവധി മത്സരങ്ങള്‍ ഒറ്റക്ക് ജയിപ്പിച്ചിട്ടുള്ള കളിക്കാരനാണ് അദ്ദേഹം. ഒന്നോ രണ്ടോ ലോകകപ്പ് നേടി എന്നതുമാത്രമല്ല, ലോകത്തിന്റെ എല്ലായിടത്തും ഇന്ത്യയുടെ പ്രതിനിധി കൂടിയാണ് അദ്ദേഹം.

അതുകൊണ്ടുതന്നെ ധോണിയുടെ ഗ്ലൗസിലെ ബലിദാന്‍ ബാഡ്ജ് വിലക്കാനുള്ള ഐസിസി നടപടി ഈ നാട്ടിലെ ആരാധകര്‍ അംഗീകരിക്കില്ല. വിലക്ക് പിന്‍വലിച്ച് ഐസിസി രാജ്യത്തോടും ധോണിയോടും മാപ്പു പറയുമെന്ന് എനിക്കുറപ്പുണ്ട്. ധോണിയെക്കുറിച്ച് നമുക്കെല്ലാം അഭിമാനമുണ്ട്. അദ്ദേഹം ആ ഗ്ലൗസുകള്‍ ധരിച്ചിറങ്ങിയപ്പോള്‍ ഉണ്ടായ സന്തോഷവും അഭിമാനവും വാക്കുകളില്‍ പറയാനാവില്ല. ഇതേ ഗ്ലൗസുകള്‍ തന്നെ ധരിച്ച് ധോണി ലോകകപ്പില്‍ കളിക്കുകയും കപ്പെടുക്കുകയും വേണം-ശ്രീശാന്ത് ഇന്ത്യ ടുഡേയോട് പറഞ്ഞു.

അതേസമയം, ധോണി ആ ഗ്ലൗസ് ധരിച്ചതില്‍ എന്തെങ്കിലും പ്രശ്നമുള്ളതായി തോന്നുന്നില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരിയും പ്രതികരിച്ചു. പല കളിക്കാരും പല തരത്തിലുള്ള തൊപ്പി ധരിക്കാറുണ്ടെന്നും ഇതും അതുപോലെ കാണാവുന്നതാണെന്നും തിവാരി പറഞ്ഞു. ധോണിയുടെ ഗ്ലൗസിലെ ചിഹ്നങ്ങള്‍ മാറ്റണമെന്ന് ബിസിസിഐയോട് ഐസിസി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ഇന്ത്യയുടെ ആദ്യ മത്സരത്തിലാണ് ധോണി പാരാ സ്‌പെഷ്യല്‍ ഫോഴ്‌സിന്റെ ചിഹ്നമുള്ള(ബലിദാന്‍ ബാഡ്‌ജ്)ഗ്ലൗസുമായി ഇറങ്ങിയത്.

ധോണിയുടെ നടപടിയെ ന്യായീകരിച്ച് ബിസിസിഐ ഇടക്കാല ഭരണസമിതിയും നേരത്തെ രംഗത്തെത്തിയിരുന്നു. ഗ്ലൗസിലെ ബലിദാന്‍ ബാഡ്ജ് ധോണി നിക്കം ചെയ്യേണ്ട ആവശ്യമില്ലെന്നും ഇതിനായി ഐസിസിയുടെ അനുമതി തേടിയിട്ടുണ്ടെന്നും ബിസിസിഐ ഇടക്കാല ഭരണസമിതി തലവന്‍ വിനോദ് റായ് പിടിഐയോട് വ്യക്തമാക്കിയിരുന്നു.

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ മത്സരത്തിന്റെ നാല്‍പതാം ഓവറില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍ ഫെഹ്‌ലുക്കുവായോയെ ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കിയതിന്റെ റീപ്ലേകള്‍ ടെലിവിഷനില്‍ കാണിച്ചപ്പോഴാണ്  ധോണിയുടെ ഗ്ലൗസിലെ ബലിദാന്‍ ബാഡ്‌ജ് ആരാധകരുടെ ശ്രദ്ധയില്‍പ്പെട്ടത്.പാരാ റെജിമെന്‍റില്‍ ഹോണററി റാങ്കുള്ള ലെഫ്. കേണലാണ് ധോണി. 2011ല്‍ ഹോണററി പദവി ലഭിച്ച ധോണി ഹ്രസ്വകാല പരിശീലനവും പൂര്‍ത്തിയാക്കിയിരുന്നു. ആര്‍മിയില്‍ ചേരാനുള്ള തന്റെ ആഗ്രഹം പലതവണ പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ള താരം കൂടിയാണ് എം എസ് ധോണി.

Latest Videos
Follow Us:
Download App:
  • android
  • ios