'ധോണി മികവ് കാട്ടിയിട്ടുണ്ട്'; മധ്യനിരയ്‌ക്ക് സഹ പരിശീലകന്‍റെ പിന്തുണ
ഇന്ത്യന്‍ മധ്യനിര മികവ് കാട്ടുന്നില്ല എന്ന വിമര്‍ശനങ്ങള്‍ തള്ളി, ധോണിയടക്കമുള്ള താരങ്ങള്‍ക്ക് ബാംഗറിന്‍റെ പിന്തുണ.
ലണ്ടന്‍: റണ്‍ മെഷീന്‍ വിരാട് കോലിയെ ഇന്ത്യന്‍ ടീം കൂടുതലായി ആശ്രയിക്കുന്നു എന്ന വിമര്‍ശനം നാളുകളായി കേള്‍ക്കുന്നുണ്ട്. ലോകകപ്പില്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ വിസ്‌മയ ഫോമിലെത്തിയതോടെ ഹിറ്റ്‌മാനെയും ടീം കൂടുതലായി ആശ്രയിക്കേണ്ടിവരുന്നു. മധ്യനിര കാര്യമായ മികവ് കാട്ടുന്നില്ല എന്നാണ് വിമർശനം.
എന്നാല്‍ രോഹിതിനെയും കോലിയെയും കൂടുതലായി ആശ്രയിക്കുന്നതില്‍ ആശങ്കകളില്ലെന്ന് സഹ പരിശീലകന്‍ സഞ്ജയ് ബാംഗർ പറയുന്നു. മധ്യനിര മികവ് കാട്ടുന്നില്ല എന്ന വിമര്‍ശനങ്ങള്‍ തള്ളിയാണ് ബാംഗറിന്‍റെ വാദം. ഹാര്‍ദിക് പാണ്ഡ്യയും എം എസ് ധോണിയും ഋഷഭ് പന്തും ഗ്രൂപ്പ് ഘട്ടത്തില്‍ മികവ് കാട്ടിയെന്ന് ബാംഗർ വ്യക്തമാക്കി.
ലോകകപ്പിലെ ആദ്യ സെമിയില്‍ നാളെ ന്യുസിലന്‍ഡിനെ ഇന്ത്യ നേരിടും. ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിയാണ് ഇന്ത്യ സെമിയിലെത്തിയത്. ലോകകപ്പില്‍ ഇതിനകം അഞ്ച് സെഞ്ചുറികള്‍ നേടിയ രോഹിത് ശര്‍മ്മയാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയിലെ ശ്രദ്ധാകേന്ദ്രം. എട്ട് ഇന്നിംഗ്‌സുകളില്‍ നിന്ന് 647 റണ്‍സാണ് ഹിറ്റ്‌മാന്‍റെ സമ്പാദ്യം.