ലോകകപ്പിലെ ആദ്യ മത്സരം ഇന്ത്യക്ക് തിരിച്ചടിയായേക്കും; കാരണം വ്യക്തമാക്കി സച്ചിന്‍
ആദ്യ മത്സരത്തിനായ് ഒരാഴ്ച കാത്തിരിക്കേണ്ടി വരുന്നത് ഇന്ത്യന്‍ ടീമിന് തിരിച്ചടിയായേക്കുമെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. വലിയ ഇടവേളകള്‍ കളിക്കാരെ മാനസികമായി തളര്‍ത്തുമെന്നും ഓവനിലെത്തിയ സച്ചിന്‍ പറഞ്ഞു.
സതാംപ്ടണ്‍: ആദ്യ മത്സരത്തിനായ് ഒരാഴ്ച കാത്തിരിക്കേണ്ടി വരുന്നത് ഇന്ത്യന്‍ ടീമിന് തിരിച്ചടിയായേക്കുമെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. വലിയ ഇടവേളകള്‍ കളിക്കാരെ മാനസികമായി തളര്‍ത്തുമെന്നും ഓവനിലെത്തിയ സച്ചിന്‍ പറഞ്ഞു. ലോകകപ്പ് തുടങ്ങി ആറാം നാളാണ് ഇന്ത്യന്‍ ടീം ആദ്യ മത്സരത്തിനിറങ്ങുന്നത്. സന്നാഹ മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയിട്ട് ഇപ്പോള്‍ തന്നെ മൂന്ന് ദിനം കഴിഞ്ഞു. ബംഗ്ലാദേശിനെതിരായ മിന്നും ജയം ഉണ്ടാക്കിയ ആവേശം ഈ നീണ്ട ഇടവേള ഇല്ലാതാക്കുമോ എന്നാണ് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ആശങ്ക.
കഴിഞ്ഞ ദിവസം സതാംപ്ടണിലെത്തിയ ഇന്ത്യന്‍ ടീം ഇന്നലെ ദീര്‍ഘ നേരം പരിശീലനം നടത്തി. ഫീല്‍ഡിങ്ങിലായിരുന്നും പ്രത്യേക ശ്രദ്ധ. മുപ്പത് വാരയ്ക്കുള്ളില്‍ നിന്ന് സ്റ്റംപിലേക്ക് പന്തെറിഞ്ഞ് കൊള്ളിക്കാന്‍ ഫീല്‍ഡിംഗ് കോച്ച് ആര്‍ ശ്രീധര്‍ പരിശീലനം നല്‍കി. പുള്‍ ഷോട്ടുകള്‍ കളിക്കുന്നതില്‍ ധോണി ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ ബോളിംഗിലും കോലി ഒരു കൈ നോക്കി.
ഓപ്പറര്‍മാരൊഴികെ ടീം അംഗങ്ങളെല്ലാം ബംഗ്ലാദേശിനെതിരായ കളിയോടെ പ്രതിഭയിലേക്കുയര്‍ന്ന് കഴിഞ്ഞു. ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ എതിരാളികളായ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനോട് തോറ്റ രീതി ഇന്ത്യന്‍ ക്യാംപിന് കൂടുതല്‍ ആത്മവിശ്വാസം നല്‍കും.