പ്രചോദനം ഗെയ്‌ല്‍; കരിയറിനെ കുറിച്ച് സൂചന നല്‍കി ടെയ്‌ലര്‍
അടുത്ത ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി ടെയ്‌ലര്‍. 2023 ലോകകപ്പ് നടക്കുമ്പോള്‍ 39 വയസാകും ടെയ്‌ലര്‍ക്ക്. 39-ാം വയസിലാണ് ഗെയ്‌ല്‍ ഇക്കുറി ലോകകപ്പ് കളിക്കുന്നത്.
ലണ്ടന്‍: നാലാം ലോകകപ്പ് കളിക്കാനാണ് ന്യുസീലന്‍ഡ് ബാറ്റിംഗ് ഇതിഹാസം റോസ് ടെയ്‌ലര്‍ തയ്യാറെടുക്കുന്നത്. മുപ്പത്തിയഞ്ചുകാരനായ ടെയ്‌ലര്‍ അടുത്ത ലോകകപ്പിലും കളിക്കളത്തിലുണ്ടാകുമെന്ന സൂചനകളാണ് നല്‍കുന്നത്.
ഇപ്പോള്‍ 35 വയസാണ് പ്രായം, ഭാവി എന്താകുമെന്ന് അറിയില്ല. എന്നാല്‍ ഉറപ്പായും ക്രിസ് ഗെയ്‌ല്‍ തനിക്ക് പ്രചോദനമാണ്. ഗെയ്‌ലിന് ഇപ്പോള്‍ 39 ആണ് പ്രായം. അടുത്ത ലോകകപ്പില്‍ എനിക്കും 39 വയസ് ആകും. ഇത് അവസാന ലോകകപ്പ് ആണെന്ന് കരുതാനാവില്ല. എന്നാല്‍ പരിക്ക് അലട്ടിയാല്‍ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ വിരമിച്ചേക്കുമെന്നും ടെയ്‌ലര്‍ ഐസിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ലോകകപ്പില്‍ കിവികളുടെ ബാറ്റിംഗ് നെടുംതൂണുകളിലൊന്നാണ് റോസ് ടെയ്‌ലര്‍. നേപ്പിയറില്‍ 2006ല്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരെയായിരുന്നു ടെയ്‌ലറുടെ ഏകദിന അരങ്ങേറ്റം. 218 ഏകദിനങ്ങളില്‍ നിന്ന് 20 സെഞ്ചുറികളടക്കം 8026 റണ്‍സാണ് ടെയ്‌ലറുടെ സമ്പാദ്യം. 47 അര്‍ദ്ധ സെഞ്ചുറിയും ഉള്‍പ്പെടുന്നു. ലോകകപ്പ് സന്നാഹ മത്സരത്തില്‍ ഇന്ത്യയെ കിവീസ് ആറ് വിക്കറ്റിന് തോല്‍പിച്ചപ്പോള്‍ 71 റണ്‍സ് നേടി ടെയ്‌ലര്‍ തിളങ്ങിയിരുന്നു.