ലോകകപ്പില്‍ ഇംഗ്ലണ്ടിലെ സാഹചര്യം ഇന്ത്യക്ക് വെല്ലുവിളിയാവില്ല: രാഹുല്‍ ദ്രാവിഡ്
വലിയ സ്‌കോറുകള്‍ പിറക്കുന്ന ക്രിക്കറ്റ് ലോകകപ്പായിരിക്കും ഇത്തവണത്തേതെന്ന് സംശയമൊന്നുമില്ല. പാക്കിസ്ഥാന്റെ ഇംഗ്ലണ്ട് പര്യടനം അതാണ് സൂചിപ്പിക്കുന്നത്.
ബംഗളൂരു: വലിയ സ്‌കോറുകള്‍ പിറക്കുന്ന ക്രിക്കറ്റ് ലോകകപ്പായിരിക്കും ഇത്തവണത്തേതെന്ന് സംശയമൊന്നുമില്ല. പാക്കിസ്ഥാന്റെ ഇംഗ്ലണ്ട് പര്യടനം അതാണ് സൂചിപ്പിക്കുന്നത്. ബൗളര്‍മാരുടെ ശവപറമ്പായി മാറുകയാണ് ഇംഗ്ലീഷ് പിച്ചുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യക്ക് പേടിക്കാനൊന്നുമില്ലെന്നാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് പറയുന്നത്.
കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്താന്‍ കഴിവുള്ള ബൗളര്‍മാരാണ് ഇന്ത്യന്‍ നിരയിലുള്ളതെന്ന് രാഹുല്‍ ദ്രാവിഡ് അഭിപ്രായപ്പെട്ടും. ദ്രാവിഡ് തുടര്‍ന്നു... കഴിഞ്ഞ വര്‍ഷം ഇന്ത്യ എ ടീമിനൊപ്പം ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയപ്പോള്‍ തന്നെ ചില കാര്യങ്ങള്‍ മനസിലാക്കിയിരുന്നു. വലിയ സ്‌കോറുകള്‍ പിറക്കുന്ന ലോകകപ്പായിരിക്കും ഇത്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റെടുക്കാന്‍ കഴിയുന്ന ടീമിന് വ്യക്തമായ മേധാവിത്വമുണ്ടാവും. ഇന്ത്യന്‍ ടീമിലെ ബൗളര്‍മാര്‍ക്ക് അതിനുള്ള ശേഷിയുണ്ടെന്ന് ഇന്ത്യ എ, അണ്ടര്‍ 19 ടീമുകളുടെ കോച്ച് കൂടിയായ ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.
1999ല്‍ ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പില്‍ ഇന്ത്യക്ക് വേണ്ടി കളിച്ച താരമാണ് രാഹുല്‍ ദ്രാവിഡ്. അന്ന് ടൂര്‍ണമെന്റിലെ ടോപ് സ്‌കോററും ദ്രാവിഡായിരുന്നു.